ഒരു കോടിയില്‍പ്പരം കടം, കിടപ്പാടം ജപ്തിചെയ്തു. ഇതെല്ലാംമൂലം ആത്മഹത്യയുടെ വക്കിലെത്തിയ കുഞ്ഞുമോന്‍ തീരുമാനിച്ചു. മദ്യം ഉപേക്ഷിക്കാം. പ്രതിജ്ഞ പാലിച്ചു. കടംമുഴുവന്‍ വീട്ടി ജീവിതം നല്ലനിലയിലായി. മാത്രമല്ല, പത്തുലക്ഷത്തോളം രൂപയുടെ വീട് പുതുപ്പള്ളി സ്വദേശിനിക്ക് സ്വന്തം ചെലവില്‍ നിര്‍മിച്ചും നല്‍കി. ഇത് മദ്യവര്‍ജന കൂട്ടായ്മയിലെ പുതുപ്പള്ളി സ്വദേശിയായ കുഞ്ഞുമോന്റെ മാത്രം അനുഭവം.

To advertise here,

ഇങ്ങനെ മദ്യക്കയത്തില്‍നിന്ന് കരകയറിയത് ആയിരത്തിലേറെ കുടുംബങ്ങള്‍. മദ്യവര്‍ജന കൂട്ടായ്മയിലെ അംഗങ്ങള്‍ ഇതിനകം നിര്‍മിച്ചുനല്‍കിയത് ഏഴ് വീടുകള്‍. വീട് വെക്കുന്നതിനുള്ള തുക കണ്ടെത്തുന്നത്, മദ്യത്തിന് ചെലവാക്കിയിരുന്ന പണം മാറ്റിവെച്ച്.

ഇത്തരത്തില്‍ ഇന്ന് സന്തുഷ്ടജീവിതം നയിക്കുന്നത് എഴുനൂറിലേറെ കുടുംബങ്ങള്‍. തിരുവല്ല മാര്‍ത്തോമ്മാ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. സി. മാമച്ചന്റെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ കൂട്ടായ്മയായത്. മദ്യാസക്തിയില്‍ തകര്‍ന്നവരുടെ വീടുകള്‍ കണ്ടെത്തുകയായിരുന്നു ആദ്യപടി. കോട്ടയം ജില്ലയിലെ അയ്യായിരത്തിലേറെ വീടുകളില്‍ മാമച്ചന്‍ കയറിയിറങ്ങി. വീട് കണ്ടെത്തിയാല്‍ പുലര്‍ച്ചെ ആറുമണിക്ക് പ്രൊഫ. മാമച്ചന്‍ അവിടെയെത്തും. കുടുംബാംഗങ്ങളെ ഒരുമിച്ചിരുത്തി സംസാരിക്കും.

2014 ഏപ്രില്‍ 20-ന് പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഇത് കൂട്ടായ്മയായി. ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഏബ്രഹാം വാഴയ്ക്കല്‍ ഒപ്പം കൂടി. ഏഴ് അംഗങ്ങളോടെ പ്രവര്‍ത്തനം തുടങ്ങി. മദ്യം ഉപേക്ഷിക്കാന്‍ മനസ്സുള്ള ആര്‍ക്കും കൂട്ടായ്മയിലാകാം.