അതിസൂക്ഷ്മവും വിദഗ്ധവുമായ മേല്‍നോട്ടത്തിലൂടെ ഏതൊരു വീടും നമുക്ക് നവീകരിച്ചെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍, പല വീടുകളുടേയും മൂല്യത്തിന് വന്‍ വര്‍ധനവ് ഉണ്ടായതായും തികച്ചും അഭിലഷണീയമായ ഇടമാക്കി പലരും തങ്ങളുടെ പഴയ വീടിനെ മാറ്റിയതായും നാം കേട്ടിട്ടുണ്ട്. കൃത്യമായ പ്ലാനിങും മികച്ച വാസ്തുവിദ്യാമേല്‍നോട്ടവും ഉണ്ടെങ്കില്‍ പഴയ വീടുകള്‍ നമുക്ക് അടിപൊളിയാക്കിയെടുക്കാവുന്നതേയുള്ളൂ.

To advertise here,

മേക്കോവര്‍ വാര്‍ത്തകളില്‍ത്തന്നെ വളരെ വ്യത്യസ്തമായ ഒരു മേക്കോവര്‍ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കാരണം മേക്കോവറിനുശേഷം രണ്ട് കോടി രൂപയുടെ മൂല്യവര്‍ധനയാണ് ഈ വീടിന് ഉണ്ടായിട്ടുള്ളത്. യുകെയിലെ ബ്രൈറ്റണിലുള്ള ഷാര്‍ലറ്റ് (32), ബോബി ബക്കിങം (35) എന്നീ ദമ്പതികളാണ് വീടിന് മേക്കോവര്‍ നടത്തിയത്.

1930-കളില്‍ പണികഴിപ്പിച്ച ഈ വീട് 2021 ജൂണിലാണ് ദമ്പതികള്‍ വാങ്ങുന്നത്. 6,56,93,402 രൂപയാണ് ഇപ്പോഴത്തെ വീടിന്റെ വില. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള വീടിന്റെ ചരിത്രപരമായ ഭംഗി കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതില്‍ ആധുനിക ഡിസൈനും മനോഹരമായി സംയോജിപ്പിച്ചിരിക്കുകയാണ് ഇരുവരും.

പുതിയ സാധനങ്ങള്‍ വാങ്ങാനോ പുതുക്കിപ്പണിയുന്നതിന്റെ വില കൊടുക്കാനോ ഉള്ള സ്ഥിതിയിലായിരുന്നില്ല തങ്ങളെന്ന് ദമ്പതികള്‍ പറയുന്നു. അതിനാല്‍, വീട്ടിലെ ഓരോ മുറിയും സ്വന്തമായാണ് അവര്‍ നവീകരിച്ചത്. ഡിഐവൈ അഥവാ ഡൂ ഇറ്റ് യുവര്‍സെല്‍ഫ് എന്നാണ് ഇതിന് പറയുക. കോര്‍ണര്‍ ഔട്ട്ഡോര്‍ സോഫയും ഡൈനിങ് ടേബിളും ബെഞ്ചും ബില്‍റ്റ് ഇന്‍ വാര്‍ഡ്രോബുകളുമെല്ലാം ഡിഐവൈയായി നിര്‍മിച്ചവയാണ്.

ഹാള്‍വേയും അലക്കുമുറിയും പുതുതായി ഡിസൈന്‍ ചെയ്തു. വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് അടുക്കളയും ഡൈനിങ് ഏരിയയും പ്ലേ ഏരിയയും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മള്‍ട്ടിപര്‍പ്പസ് ഏരിയയും പണിതു. പുതിയ ലേഔട്ടില്‍ 'ക്ലൈംബിങ് വാള്‍സ്' ഭിത്തി പോലെയുള്ള ഫീച്ചറുകളുമുണ്ട്. പ്രധാന ബാത്ത്റൂമില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് പിന്നീട് നവീകരിക്കാനാണ് ഇരുവരുടേയും ഉദ്ദേശം.

രണ്ട് ദിവസം മുമ്പ് ദമ്പതികള്‍ തന്നെ ഇതുസംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.