ബാങ്കോക്ക്: തടവിൽക്കഴിയുന്ന മ്യാൻമാർ സ്വാതന്ത്ര്യപ്പോരാളിയും സമാധാന നൊബേൽ ജേത്രിയുമായ ആങ് സാൻ സ്യൂ ചിയുടെ കുടുംബവീട് കോടതി ഉത്തരവനുസരിച്ച് ബുധനാഴ്ച ലേലംചെയ്തു. എന്നാൽ, വീടെടുക്കാൻ ആരും എത്തിയില്ല.
മ്യാൻമാറിലെ പട്ടാളഭരണത്തിനെതിരായ സ്യൂ ചിയുടെ സമരങ്ങളിൽ നിർണായകസ്ഥാനമുള്ള വീടാണിത്. 1989-ൽ പട്ടാളം 21 വർഷം ജയലിലടച്ച സ്യൂ ചി 15 വർഷം ഈ വീട്ടിലാണ് തടവിൽക്കഴിഞ്ഞത്.
യാങ്കോണിലെ ഈ വീടും അതിരിക്കുന്ന 1.9 ഏക്കർ പുരയിടവും തുല്യമായി വീതിക്കണമെന്ന് സ്യൂ ചിയുടെ ജ്യേഷ്ഠൻ ആങ് സാൻ ഊ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെപേരിൽ സ്യൂ ചിയും ഊവും തമ്മിൽ പതിറ്റാണ്ടുകളായി നിയമയുദ്ധം നടക്കുകയാണ്. 2021 ഫെബ്രുവരിയിൽ സ്യൂ ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരത്തിലേറിയതിനു പിന്നാലെ 2022 ഓഗസ്റ്റിലാണ് വസ്തു ലേലംചെയ്യാൻ സുപ്രീംകോടതി തീരുമാനിച്ചത്. ഒമ്പതുകോടി ഡോളറാണ് (748.68 കോടിരൂപ) മിനിമം വിലയായി നിശ്ചയിച്ചിരുന്നത്. ലേലംചെയ്തുകിട്ടുന്ന തുക സ്യൂ ചിക്കും അവരുമായി ബന്ധമില്ലാതെ കഴിയുന്ന സഹോദരനും തുല്യമായി വീതിക്കാനും കോടതി തീരുമാനിച്ചിരുന്നു.
തടാകതീരത്തുള്ള ഈ ഇരുനിലവീട് സ്യൂ ചിയുടെ രാഷ്ട്രീയകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ (എൻ.എൽ.ഡി.) അനൗദ്യോഗിക ആസ്ഥാനമാണ്. യു.എസ്. മുൻപ്രസിഡന്റ് ബരാക് ഒബാമ, യു.എൻ. സെക്രട്ടറി ജനറലായിരുന്ന ബാൻ കി മൂൺ തുടങ്ങി പല വിശിഷ്ടവ്യക്തികളെയും സ്യൂ ചി സ്വീകരിച്ചത് ഇവിടെയാണ്.
സ്യൂ ചിയുടെ അമ്മ ഖിൻ ക്യിയിക്ക് പതിറ്റാണ്ടുകൾക്കുമുമ്പ് സർക്കാർ സമ്മാനിച്ചതാണ് ഈ വീട്. ഭർത്താവും മ്യാൻമാർ സ്വാതന്ത്ര്യവീരനുമായ ജനറൽ ആങ് സാനെ 1947 ജൂലായിൽ പട്ടാളം വധിച്ചതിനെത്തുടർന്നായിരുന്നു ഇത്. 1988-ൽ ഖിൻ ക്യി മരിച്ചു.
2021 ഫെബ്രുവരിയിൽ വീണ്ടും പട്ടാളം അറസ്റ്റുചെയ്ത സ്യൂ ചി (71) ഇപ്പോൾ 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. മ്യാൻമാറിലെ യഥാർഥ സർക്കാർ എന്നവകാശപ്പെടുന്ന നാഷണൽ യൂണിറ്റി ഗവൺമെന്റ് സ്യൂ ചിയുടെ വീടിനെ സാംസ്കാരികകേന്ദ്രമായി പ്രഖ്യാപിച്ചു. വീട് വിൽക്കുന്നതും തകർക്കുന്നതും നിരോധിക്കുകയും ചെയ്തു. പട്ടാളം പുറത്താക്കിയ എൽ.എൽ.ഡി. സർക്കാരിലെ അംഗങ്ങൾ ചേർന്നുണ്ടാക്കിയതാണ് ഈ സമാന്തരഭരണകൂടം.
Content Highlights: aung sansuu kyi house action gets no bids at auction
Published: 22 Mar 2024, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented