കാലിഫോര്‍ണിയയിലുള്ള തന്റെ ഗസ്റ്റ് ഹൗസിൽ ഒരു രാത്രി സൗജന്യവാസത്തിനായി ഓഫര്‍ ചെയ്തിരിക്കയാണ് അമേരിക്കന്‍ അഭിനേത്രിയും വ്യവസായിയുമായ ഗ്വിനെത് പാല്‍ട്രോ. പ്രമുഖ ഹോം ഷെയറിങ് സൈറ്റായ എയര്‍ബിഎന്‍ബിയിലാണ് ഇവര്‍ തന്റെ പ്രോപ്പര്‍ട്ടി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

To advertise here,

കാലിഫോര്‍ണിയയിലെ മൊണ്ടെസിറ്റോയിലുള്ള ഇവരുടെ ഗസ്റ്റ് ഹൗസാണ് ഇതിനായി നല്‍കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് രാത്രിയില്‍ രണ്ട് അതിഥികള്‍ക്കായിരിക്കും സ്റ്റേയ്ക്കുള്ള അവസരം ലഭിക്കുക. ഒരു ദിവസം സൗജന്യമായി താമസിക്കുന്നതോടൊപ്പം പാല്‍ട്രോയ്ക്കും അവരുടെ ഭര്‍ത്താവായ പ്രമുഖ ടെലിവിഷന്‍ എഴുത്തുകാരന്‍ ബ്രാഡ് പാല്‍ച്ചുകിനുമൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരവുമുണ്ടായിരിക്കും. ഇക്കാര്യത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം പ്രിവ്യൂ വഴിയാണ് പാല്‍ട്രോ ആളുകളെ അറിയിച്ചത്.

താനിതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച വീടുകളില്‍ ഒന്നാണിതെന്നാണ് എയര്‍ബിഎന്‍ബിയുടെ സഹസ്ഥാപകനും സിഇഒയുമായ ബ്രയാണ്‍ ചെസ്‌കി ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നത്. ഓഗസ്റ്റ് 15 മുതല്‍ ബുക്കിങ് തുടങ്ങുമെന്നാണ് എയര്‍ബിഎന്‍ബിയുടെ സൈറ്റില്‍ പറയുന്നത്. ഗ്വിനെത് പാല്‍ട്രോ എയര്‍ബിഎന്‍ബിയുമായി പെയ്ഡ് പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഇത്തരമൊരു ഓഫറുമായി വരുന്നത്. 

കാലിഫോര്‍ണിയയിലെ ഈ ഗസ്റ്റ്ഹൗസ് തനിക്ക് അത്യധികം പ്രിയപ്പെട്ടതാണെന്നും സ്വയം ഒന്ന് റീഫ്രഷ് ചെയ്യാനും ബിസിനസ് സംബന്ധമായ എന്തെങ്കിലും കാര്യങ്ങളെപ്പറ്റി ചിന്തിക്കാനുമൊക്കെയായി ഇടയ്ക്കിടയ്ക്ക് താന്‍ ഇവിടെയെത്താറുണ്ടെന്നും പാല്‍ട്രോ പറയുന്നുണ്ട്. 2008-ല്‍ അഭിനയത്തില്‍നിന്നും പിന്മാറിയശേഷം ദി ഗൂപ്പ് എന്ന ലൈഫ്‌സ്റ്റൈല്‍ ആന്‍ഡ് ബ്യൂട്ടി കമ്പനി സ്ഥാപിക്കുകയും അത് നടത്തിവരികയുമാണ് പാല്‍ട്രോ. 

അടുത്തിടെയുണ്ടായ ബാര്‍ബി സിനിമയുടെ റിലീസിനോടനുബന്ധിച്ച് കാലിഫോര്‍ണിയയിലെ മാലിബുവിലുള്ള ബാര്‍ബിയുടെ ഡ്രീംഹൗസ് ജൂലൈ 21, 22 തീയതികളില്‍ അതിഥികള്‍ക്കായി രണ്ട് രാത്രി സൗജന്യമായി നല്‍കുന്നുവെന്ന ഓഫറും എയര്‍ബിഎന്‍ബിയില്‍ തന്നെയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇത്തരത്തില്‍ ധാരാളം ഹൈ പ്രൊഫൈല്‍ എക്‌സ്‌ക്ലൂസീവ് പ്രോപ്പര്‍ട്ടികള്‍ എയര്‍ബിഎന്‍ബിയുടെ സൈറ്റില്‍ പ്രത്യക്ഷപ്പെടാറുള്ളതാണ്.