എറണാകുളം പാലാരിവട്ടത്ത് സ്ഥിതി ചെയ്യുന്ന ടി.എസ്. ആശാ ദേവിയുടെ വീട്
ഒരു വീടെന്നാല്‍ കയറിക്കിടക്കാന്‍ ഒരിടം മാത്രമാകരുത് എന്നതായിരുന്നു എറണാകുളം പാലാരിവട്ടം സ്വദേശിനിയും തിയേറ്റര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ടി.എസ്. ആശാ ദേവിയുടെ മനസ്സിലെ സങ്കല്പം. തന്റെ ഇഷ്ടങ്ങളായ പാചകം, വായന, പൂന്തോട്ടപരിപാലനം എന്നിവയെല്ലാം ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന, സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് കൂടാനുള്ള സ്ഥലമുള്ള ഒന്നായിരിക്കണം തന്റെ വീടെന്ന് ആശാ ദേവി ആദ്യമേ മനസ്സിലുറപ്പിച്ചിരുന്നു. ആര്‍ക്കിടെക്റ്റിനെ വീട് പണിയേല്‍പ്പിക്കുന്നതിന് മുമ്പായി തന്റെ ഈ ആവശ്യങ്ങളും സ്വപ്നങ്ങളുമെല്ലാം അവര്‍ പറഞ്ഞേല്‍പ്പിച്ചു. ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ കെട്ടിലും മട്ടിലും മനസ്സ് കുളിര്‍ക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന വീടാണ് ആശാദേവി സ്വന്തമാക്കിയത്.
എറണാകുളത്തെ തിരക്കേറിയ നഗരപ്രദേശമായ പാലാരിവട്ടത്ത് നാലര സെന്റിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. തിരക്കും ബഹളങ്ങളുമെല്ലാം നിറഞ്ഞ പ്രദേശമാണിതെങ്കിലും വീടിരിക്കുന്ന സ്ഥലത്ത് അതൊന്നും എത്തുകയേ ഇല്ല. 'ദ ആര്‍ട്ടിസ്റ്റ് ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2021 നവംബറിലാണ് പൂര്‍ത്തിയായത്. ചുറ്റിലും നിറയെ കെട്ടിടങ്ങളായതിനാല്‍ പച്ചപ്പിന്റെ ഒരംശം പോലും വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍, പുതിയ വീട് നിര്‍മിച്ചപ്പോള്‍ വീടനകത്തും പുറത്തും പരമാവധി പച്ചപ്പും ചെടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
38 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീടിന്റെ ആകെ വിസ്തീര്‍ണം 1720 ചതുരശ്ര അടിയാണ്.
വീടിന്റെ ഫസ്റ്റ് ഫ്ളോര്‍ ഭാവിയില്‍ ഹോം സ്റ്റേ ആക്കാനുള്ള പദ്ധതി ആശാ ദേവിക്ക് ഉണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വീടിന്റെ പ്ലാന്‍ വരച്ച് നിര്‍മാണം തുടങ്ങിയത്. വീടിന്റെ എലവേഷന്‍ മുന്‍വശത്ത് നിന്ന് കാണുമ്പോള്‍ ചെരിഞ്ഞ് തോന്നിപ്പിക്കണമെന്നതും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു.
സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികള്‍, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്, വര്‍ക്ക് ഏരിയ, സ്റ്റെയര്‍ റൂം എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.
.jpg?$p=eb912b1&f=1x1&w=284&q=0.8)
.jpg?$p=0bed5be&f=1x1&w=284&q=0.8)
.jpg?$p=039d54e&q=0.8&f=16x10&w=284)
.jpg?$p=958d0d5&q=0.8&f=16x10&w=284)
.jpg?$p=49f2b46&q=0.8&f=16x10&w=284)
+11
നന്നായി വായു സഞ്ചാരം ലഭിക്കുന്ന വിധമാണ് ജനലുകള്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ഓപ്പണ്‍ കോര്‍ട്ട് യാര്‍ഡുകളും പ്രൈവറ്റ് കോര്‍ട്ട് യാര്‍ഡുകളും നല്‍കിയിരിക്കുന്നത് വീടിനുള്ളില്‍ ദിവസം മുഴുവന്‍ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നു.
പച്ച നിറത്തോടുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. കൈകള്‍ കൊണ്ട് നിര്‍മിച്ച അലങ്കാര വസ്തുക്കളും ലാംപ്് ഷേഡുകളും നല്കുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. പുതിയ ഫര്‍ണിച്ചറുകള്‍ വലിയ വില കൊടുത്ത് വാങ്ങാതെ നിലവിലുള്ള ഫര്‍ണിച്ചറുകള്‍ തന്നെ പുതുക്കി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. റെഡിമെയ്ഡ് സോഫയും കസേരകളും ഒഴിവാക്കി ഇന്‍ബില്‍റ്റ് സീറ്റിങ് ആണ് നല്‍കിയിരിക്കുന്നത്. ഊഞ്ഞാല്, ബെഞ്ച് എന്നിവയാണ് സ്വകാര്യ ഇടങ്ങൡ ഇരിക്കുന്നതിനായി കൊടുത്തിരിക്കുന്നത്. ഓപ്പണ്‍ സ്റ്റൈല്‍ കിച്ചനാണ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ടേബിളും ബെഞ്ചുകളുമാണ് ഡൈനിങ് ഏരിയയില്‍ നല്‍കിയിരിക്കുന്നത്. അടുക്കളയിലും ഡൈനിങ് ഏരിയയിലും ചെടികളുടെ സമൃദ്ധമായ ശേഖരമുണ്ട്.
ലിവിങ്, ഡൈനിങ് ഏരിയകളുടെ ഇടയിലായി വരുന്ന സ്ഥലത്താണ് ലൈബ്രറി നല്‍കിയിരിക്കുന്നത്.
ഭാവിയില്‍ മുകളിലത്തെ നില ഹോംസ്റ്റേ ആക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ പുറമെക്കൂടിയും മുകളിലേക്ക് സ്റ്റെയര്‍കേസ് കൊടുത്തിട്ടുണ്ട്. ആശാ ദേവിയുടെ പച്ചനിറത്തോടുള്ള ഇഷ്ടം വീടിന്റെ ഇന്റീരിയറില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. സിറ്റൗട്ട് മുതല്‍ അടുക്കള വരെയുള്ള ഭാഗങ്ങളിലെല്ലാം പല ഇടങ്ങളിലും പച്ചനിറം തീമായി സ്വീകരിച്ചിരിക്കുന്നു.
മാസ്റ്റര്‍ ബെഡ്റൂമില്‍ പ്രൈവറ്റ് കോര്‍ട്ട് യാര്‍ഡ് കൊടുത്തിരിക്കുന്നു. സ്ലൈഡിങ് ഡോര്‍ കൊടുത്താണ് ഇവയെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത്. എല്ലാ കിടപ്പുമുറിയിലും ബേ വിന്‍ഡോ കൊടുത്തിരിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധമാണ് വീടിനുള്ളിലുള്ള കോര്‍ട്ട് യാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്.
ബിസണ്‍ ബോര്‍ഡും പ്ലൈവുഡും ഉപയോഗിച്ചാണ് കിച്ചന് കാബിനുകളുടെ നിര്‍മാണം. പരമാവധി പഴയ തടി തന്നെയാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ജി.ഐ. ഫ്രെയിമും മഹാഗണിയും ഉപയോഗിച്ചാണ് സ്റ്റെയര്‍കേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം, വീടിന്റെ പ്രധാന വാതിലാകട്ടെ സ്റ്റീലിലാണ് നിര്‍മിച്ചിരിക്കുന്നത്. കട്ടിളകളും ജനലുകളും ജി.ഐ. മെറ്റല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്.
സീലിങ്ങില്‍ പ്ലാസ്റ്ററിങ് ചെയ്യാതെ കോണ്‍ക്രീറ്റ് അതുപോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു.
Project details
Owner : T.S. Asa Devi
Architecture : Rhea Chungath
Architecture firm : Linear Trails Architecture Studio,Kochi
Website : www.lineartrails.com
Ph: 6282 582 465
Photography : Unlimited Tales Photography
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..