
അകത്തുകയറിയാല്‍ മനസ്സും ശരീരവും കുളിര്‍ക്കുന്ന നല്ല തണുപ്പ്. പ്രകൃതിക്ക് അധികം ദോഷമുണ്ടാക്കാതെയുള്ള നിര്‍മാണം. വെട്ടുകല്ലിന്റെ ചാരുത തെളിഞ്ഞു നില്‍ക്കുന്ന ചുവരുകള്‍. ഇതിനോട് ഇണങ്ങി നില്‍ക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ്. കണ്ണിനെയും മനസ്സിനെയും ഒരുപോലെ കുളിരണിയിക്കുന്ന കാഴ്ചകളാണ് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിന് സമീപം കുണ്ടൂര്‍ എന്ന സ്ഥലത്തുള്ള ഷബീറിന്റെ പുതിയ ഇരുനില വീട്ടില്‍ ഉള്ളത്. എട്ടുവര്‍ഷത്തോളമായി ചെന്നൈയില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുകയാണ് ഷബീര്‍.
ഇപ്പോള്‍ കേരളത്തില്‍ പണിയുന്ന വീടുകളെല്ലാം ഒരേ മോഡലിലാണ് ഉള്ളത്. പെയിന്റിങ്ങിലും ഡിസൈനിങ്ങിലും ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ കോളനികളിലെ വീടുകള്‍ക്ക് സമമാണ് കേരളത്തിലെ വീടുകള്‍. ഇതിനൊരു മാറ്റമായിരിക്കണം എന്റെ വീടെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു-ഷബീര്‍ പറഞ്ഞു.
2300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണത്തിന് 30 ലക്ഷം രൂപയാണ് ആകെ ചെലവായത്. വീട് നിര്‍മിക്കുന്നതിന് മുമ്പ് തന്നെ വീടിനെക്കുറിച്ച് കൃത്യമായ ആസൂത്രണം ഷബീര്‍ ചെയ്തിരുന്നു. വീടിന്റെ നിര്‍മാണത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ഷബീര്‍ തന്നെയാണ്. 2022 ജനുവരിയിലായിരുന്നു ഗൃഹപ്രവേശനച്ചടങ്ങ്.
വീട് നിര്‍മാണത്തില്‍ ഷബീറിന്റെ സഹായിയായി നിന്നത് ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റായ ഷഹ്സാദ് ഒ.ടി. ആണ്.
'വീട് പണിയാന്‍ എനിക്ക് തിരക്കുണ്ടായിരുന്നില്ല. അതിനാല്‍, മൂന്നു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് വീട് നിര്‍മാണം തുടങ്ങിയത്. വീട് പണി കഴിയുന്നതുവരെ ആര്‍ക്കും ഇതൊരു വീടാണ് എന്ന് തോന്നിയിരുന്നില്ല. ഗൃഹപ്രവേശനച്ചടങ്ങ് നടക്കുമ്പോള്‍ വീട്ടിലെത്തുന്നവര്‍ ഇതൊരു സൂപ്പര്‍ വീടാണ്, അല്ലെങ്കില്‍ വളരെ മോശം വീടാണ് എന്ന അഭിപ്രായം പറയണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനിടയിലെ കുഴപ്പമില്ല എന്ന അഭിപ്രായം എനിക്ക് തീരെ ആവശ്യമുണ്ടായിരുന്നില്ല. ഡിസൈനിങ്ങിലും മേക്കിങ്ങിലുമെല്ലാം ഇതൊരു ഉഷാര്‍ വീടാണെന്നാണ് വന്നു കണ്ട എല്ലാവരും പറഞ്ഞത്. ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം ധാരാളം പേര്‍ വീട് കാണാനായി എത്തുന്നുണ്ട്. ഇപ്പോള്‍ ഈ വഴി പോകുന്നവരെല്ലാം വീട്ടിലേക്ക് ഒന്ന് നോക്കാതെ കടന്നുപോകാറില്ല'-ഷബീര്‍ പറയുന്നു.
വീട്ടിലേക്ക് ആവശ്യമായ 20-തോളം ലൈറ്റുകളുടെയെല്ലാം ഫ്രെയിം നിര്‍മിച്ചത് അദ്ദേഹം തനിച്ചാണ്. മള്‍ട്ടി വുഡ്, ഗ്ലാസ്, പി.വി.സി പൈപ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു ഈ ഫ്രെയിമുകളുടെ നിര്‍മാണം.
കോണ്‍ക്രീറ്റ് ഒഴിവാക്കി മേല്‍ക്കൂരയില്‍ ട്രസ് വര്‍ക്ക് ചെയ്ത് ഓടുപാകുകയാണ് ചെയ്തത്. ചെലവ് കുറയ്ക്കുന്നതിനൊപ്പം വീടിനുള്ളില്‍ സുഖകരമായ കാലാവസ്ഥയും ഇത് നല്‍കുന്നു. വീടിന്റെ 80 ശതമാനം ഭാഗങ്ങളും തേക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇതും ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. വേനല്‍ കടുത്ത ഈ സമയത്തും വീടിനുള്ളില്‍ തണുപ്പാണ് ഉള്ളതെന്ന് ഷഹ്‌സാദ് പറയുന്നു. ഓടിന് താഴെ ടൈല്‍ നല്‍കിയത് വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.
മനസ്സ് മടുപ്പിക്കുന്നതാവരുത് വീടിന് നല്‍കുന്ന പെയിന്റ് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍, മനസ്സിനെ ശാന്തമാക്കുന്ന മണ്ണിന്റെ നിറമുള്ള പെയിന്റാണ് തിരഞ്ഞെടുത്തത്. ഇടക്ക് വെള്ള നിറവും നല്‍കി-ഷബീര്‍ പറഞ്ഞു.
അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികള്‍, ഡൈനിങ് ഹാള്‍, ലിവിങ് ഏരിയ, രണ്ട് അടുക്കള, കോര്‍ട്ട് യാര്‍ഡ് എന്നിവയാണ് താഴത്തെ നിലയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍. അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികള്‍, ബാല്‍ക്കണി, ഇടനാഴി എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലുള്ളത്.
സ്റ്റൗട്ടിലെ ഇരിപ്പിടം കോണ്‍ക്രീറ്റ് ഒഴിവാക്കി മഹാഗണിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് മഹാഗണിയില്‍ തന്നെ നിര്‍മിച്ച ആട്ടുകട്ടില്‍ കൊടുത്തിട്ടുണ്ട്.
തേക്ക് തടി ഉപയോഗിച്ചാണ് വീടിന്റെ ഡോറുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, ജനലുകള്‍ ടാറ്റാ സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു.
ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും കിച്ചനും വേര്‍തിരിക്കാതെ ഓപ്പണ്‍ സ്പെയ്സ് ആയിട്ടാണ് നല്‍കിയത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ആരെങ്കിലും വന്നാല്‍ അടുക്കള ജോലിയില്‍ തിരക്കായിരിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍വശത്തേക്ക് വരാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് അടുക്കളയില്‍ നിന്ന് നോക്കിയാലും സിറ്റൗട്ടിലേക്ക് കാഴ്ച എത്തുന്നവിധത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
രണ്ട് അപ്സ്റ്റെയറുകളാണ് ഈ വീട്ടിലുള്ളത്. ഒന്ന് ഡൈനിങ് ഏരിയയില്‍ നിന്നും രണ്ടാമത്തേത്ത് കോര്‍ട്ട് യാര്‍ഡില്‍നിന്നുമാണ് കൊടുത്തിരിക്കുന്നത്. ആദ്യത്തെ സ്റ്റെയര്‍ കേസ് അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ് നല്‍കിയിരിക്കുന്നത്. സ്‌റ്റെയര്‍ കേസിന്റെ പടികള്‍ മഹാഗണിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ നിലവില്‍ കുട്ടികള്‍ക്കുള്ള സ്റ്റഡി റൂം സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
രണ്ട് കിച്ചനുകളാണ് ഈ വീട്ടിലുള്ളത്. ഇതില്‍ ഒരടുക്കള മോഡുലാര്‍ സ്റ്റൈലിലും മറ്റേത് സാധാരണരീതിയിലുമാണ് കൊടുത്തിരിക്കുന്നത്. മള്‍ട്ടിവുഡ് കൊണ്ട് നിര്‍മിച്ച കബോര്‍ഡുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ഫസ്റ്റ് ഫ്ളോറിലെ രണ്ട് കിടപ്പുമുറികള്‍ക്കിടയില്‍ ഇടനാഴി നല്‍കിയിട്ടുണ്ട്. ഇത് മനോഹരമായ ബാല്‍ക്കണിയിലേക്കാണ് എത്തിച്ചേരുന്നത്.
ഗ്രൗണ്ട് ഫ്ളോറിലെ രണ്ട് കിടപ്പുമുറികള്‍ക്കിടയില്‍ ചെറിയൊരു പോണ്ട് നല്‍കിയിട്ടുണ്ട്. പ്യൂരിഫയര്‍ അടക്കമുള്ള സംവിധാനം ഇവിടെ കൊടുത്തിരിക്കുന്നു.
വീടിന്റെ അകവും പുറവും പ്ലാസ്റ്ററിങ് ഒഴിവാക്കിയത് പഴമ തനിമ വീടിനു നല്‍കുന്നു. മാറ്റ് ഫിനിഷിനുള്ള ടൈലുകളാണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്.
ചെലവ് കുറയ്ക്കാന്‍ സഹായിച്ച ഘടകങ്ങള്‍
1. മേല്‍ക്കൂര ട്രസ് വര്‍ക്ക് ചെയ്ത് ഓട് പാകിയത് ചെലവുകുറച്ചതിലെ പ്രധാന ഘടകമാണ്.
2. തടി പരമാവധി കുറച്ച് സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ചെയ്തതും ചെലവുകുറച്ചു.
3. പരമാവധി സ്ഥലത്ത് പ്ലാസ്റ്ററിങ് ഒഴിവാക്കിയതും ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിച്ചു.
Project Details
Owner: Shabeer
Location: Malappuram, Kundoor
Interior Consultant: Shahsad O.T.
Ph: 9961249154, 9443111298
Content Highlights: budget home, kerala home designs, kerala model home designs
Published: 29 Mar 2022, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented