ചെറിയ വസ്തുവായാലും വലിയ വസ്തുവായാലും അവിടെ വാസ്തു പുരുഷ സ്വാധീനം ഉണ്ടായിരിക്കും. 2 സെന്റിലും ഒക്കെ വാസ്തുപുരുഷ സാന്നിധ്യം ഒരു പോലെയാണ്. ആയതിനാൽ ഇത്ര പരിമിതമായ സ്ഥലത്തും ഗൃഹം നിർമ്മിക്കുവാൻ ആരംഭിക്കുമ്പോൾ വാസ്തു പൂജ നടത്തുന്നത് ഉത്തമമായിരിക്കും. ഭൂമിയുടെ ഗുണവും ദോഷവും ഈ ചെറിയ സ്ഥലത്തും ഉണ്ടാകും. വാസ്തു പുരുഷൻ എന്നാൽ നാം വീടു പണിയുവാനുദ്ദേശിക്കുന്ന ഭൂമി തന്നെയാണ്.

To advertise here,

നാം ഒരു കെട്ടിടം വയ്ക്കുമ്പോൾ നാം ഉദ്ദേശിക്കുന്നത് കിടന്നുറങ്ങുവാനും ഇരിക്കുവാനും ഒരിടം. അത് നമ്മുടെതു മാത്രമായിരിക്കണം. അവിടെ നമുക്ക് സുരക്ഷിത സ്ഥാനമായിരിക്കണം. നമ്മുടെ കുടുംബത്തോടൊപ്പം (കൂടുമ്പോൾ ഇമ്പമുണ്ടാകുന്നത് കുടുംബം) സന്തോഷത്തോടെ സമാധാനത്തോടെ സുഖമായി കഴിയുവാൻ പറ്റുന്ന ഒരിടമായിരിക്കണം. അപ്പോഴാണ് ആ കെട്ടിടം വീടാകുന്നത്. ഇങ്ങനെയുള്ള വീട്ടിൽ പ്രകൃതിക്കിണങ്ങിയ വിധത്തിൽ അടുക്കളയും, കിടപ്പ് മുറികളും, കിണറുമൊക്കെ നിർമ്മിച്ചാലേ മുൻപറഞ്ഞ വിധത്തിലുള്ള അന്തരീക്ഷം സമാഗതമാകുകയുള്ളു. അതുകൊണ്ടാണ് വാസ്തുശാസ്ത്രമനുസരിച്ച് വീട് പണിയണമെന്ന് പറയുന്നത്.

ഭൂമി തിരഞ്ഞെടുക്കുമ്പോൾ

ഇന്നത്തെ കാലത്ത് ഉത്തമ ലക്ഷണങ്ങളുള്ള ഭൂമി കണ്ടു പിടിക്കുക വിഷമകരമാണ്. എങ്കിലും കുന്നും കുഴിയും കൂടാതെ സമനിരപ്പായിട്ടുള്ളതും കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ളതുമായ ഭൂമി ലഭിച്ചാൽ ഉത്തമം. മിനുസ്സമുള്ള ഉറപ്പുള്ള മണ്ണായിരിക്കണം. പ്രദക്ഷിണമായി ഒഴുകുന്ന ജലാശയങ്ങളോടെ കൂടിയതും വിത്തു വിതച്ചാൽ ക്ഷണത്തിൽ മുളക്കുന്നതും ഒരു കുഴി കുഴിച്ച്അതിൽ നിന്ന് മണ്ണെടുത്ത ശേഷം വീണ്ടും കുഴി മൂടുമ്പോൾ മണ്ണ് ബാക്കി വരുന്നതുമായ ഭൂമിയും നല്ലത് തന്നെ. വേനൽ കാലത്തും ധാരാളം വെള്ളം കിട്ടണം. ശീതോഷ്ണാവസ്ഥ സമമായിരിക്കണം. ഫലവൃക്ഷങ്ങൾ ഉണ്ടാവണം. മനുഷ്യരും നാൽക്കാലികളും യഥേഷ്ടം വസിക്കുവാൻ യോഗ്യമായിരിക്കണം. ഇതെല്ലാം നാട്ടിൽ പുറങ്ങളിൽ മാത്രം സാധിക്കുന്ന കാര്യമാണ്.

എങ്കിലും പട്ടണ വാസികൾക്കും ജീവിക്കേണ്ടേ സുഖമായി? അപ്പോൾ പിന്നെ ഇതൊന്നും യാഥാർത്ഥ്യത്തിൽ കൊണ്ടു വരുവാൻ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും ഉള്ള ഭൂമി നിരപ്പാക്കി നീരൊഴുക്ക് കിഴക്കോട്ടും വടക്കോട്ടുമാക്കി നിയന്ത്രിക്കുമല്ലോ. വൃത്താകൃതിയിലുള്ളത്, ത്രികോണാകൃതിയിലുള്ളത് ആറും അതിൽ കൂടുതലും കോണുകളുള്ളത്. ചുരുക്കത്തിൽ SHAPE ഇല്ലാത്ത ഭൂമി. ഇവ നിവൃത്തിയുള്ളിടത്തോളം വാങ്ങാതിരിക്കുക. ഭൂമിക്കടിയിൽ എല്ല്, മുടി, കരിക്കട്ട മുതലായവയുണ്ടെങ്ങിൽ അതെല്ലാം മാറ്റി ഭൂമി ശുദ്ധി ചെയ്യുക. ഭൂമി ശുദ്ധീകരണതിന് ഏഴു വിധത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. അൽപ്പ വസ്തുവിൽ ഇതെല്ലാം നടപ്പിലാക്കാൻ ബുദ്ധി മുട്ടാണ്.

ഖനനം ഹരണം ദാഹപൂരണം

ഗോനിവാസനം വിപ്രോച്ചിഷ്ട്ടം

ച ഗവ്യം സപൈതതേ സ്ഥല ശുദ്ധതം.'

എന്നാണ് പ്രമാണം. ദേവാലയ സമീപം വീടുവയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിഷ്ണു ക്ഷേത്രത്തിന്റെ ഇടതും പിന്നിലും, നരസിംഹം, ശിവൻ,ഭദ്രകാളി,മുതലായ ഉഗ്രമൂർത്തികളുടെ വലത്തും മുന്നിലും ഗൃഹം പണി ചെയ്ത്ത് താമസിക്കുന്നത് അനർത്ഥം ഉണ്ടാകും. അയ്യപ്പ ക്ഷേത്രം താഴ്ന്ന പ്രദേശത്താണങ്കിൽ അതിന്റെ വലതു വശത്തും മുൻവശത്തും ശുഭ പ്രദമാണ്. താഴ്ന്ന പ്രദേശത്തുള്ള അയ്യപ്പൻ ഉഗ്ര മൂർത്തിയാണ്. സൗമ്യ മൂർത്തികളുടെ വലതു മുമ്പിലായാൽ ഉത്തമമവും, ഇടതു പിന്നിലായാൽ അധമവും വലത് പിൻഭാഗവും ഇടതു മുന്ഭാഗവും മദ്ധ്യമവും ആണെന്ന് മനുഷ്യാലയ ചന്ദികയിൽ പറയുന്നു. തന്ത്രി, ശാന്തിക്കാർ, മുതലായ ദേവ പരിചാരർക്ക് എവിടെയും ഗൃഹം പണി ചെയ്ത് താമസിക്കാവുന്നതാണ്. മനുഷ്യാലയങ്ങൾക്ക് ദേവാലയങ്ങളെക്കാൾ ഉയരം കൂടിയിരിക്കുന്നതും നന്നല്ല.

ഭൂമി തിരഞ്ഞെടുക്കുമ്പോഴും, വീടു വയ്ക്കുമ്പോഴും വർണ്ണങ്ങൾക്കനുസരിച്ച് വേണമെന്ന് വാസ്തുശാസ്ത്രം പറയുന്നു, എന്നാൽ ആധുനിക യുഗത്തിൽ അത് സാദ്ധ്യമല്ലാതായിരിക്കുന്നു.

ഭൂമിയുടെ മദ്ധ്യത്തിൽ നിന്ന് ദിക്ക് കണ്ടുപിടിക്കണം. അഷ്ട്ട ദിക്കുകളിൽ തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു ദിക്കുകൾ അഭിമുഖമായി വേണം ഗൃഹം നിർമിക്കാൻ. കോൺ ദിക്കുകൾ അരുത്. വിശാലമായ പറമ്പാണെങ്ങിൽ ഭൂമി മദ്ധ്യത്തിൽ നിന്ന് കിഴക്ക് പടിഞ്ഞാറും തെക്ക് വടക്കും രണ്ടു രേഖകൾ വരച്ച് ഭൂമിയെ നാല് ഖണ്ടങ്ങളാക്കുക. ഇതിൽ വീടു വയ്ക്കേണ്ടത് ഈശാന ഖണ്ടത്തിലോ നിര്യതി ഖണ്ഡ്തിലോ ആകുന്നു. ഈശാന ഖണ്ഡത്തിലും നിര്യതി ഖണ്ടതിലും വീടു നിർമ്മിച്ചാൽ യഥാക്രമം സന്തതി, സമ്പത്ത്, മുതലായ അഭിവൃദ്ധിയും സർവ്വാ ഭീഷ്ട്ട സിദ്ധിയും ഫലമാകുന്നു.

ഗൃഹനിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് വേദ ദോഷവും സൂത്ര ദോഷവും. ഉപഗ്രഹങ്ങളും, കുളം, കിണർ, മുതലായവയും നിർമ്മിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേദ ദോഷ മുണ്ടായാൽ ഭർത്യവിരഹം, കുഷ്ട്ട രോഗം, ശത്രു ബാധ, പുത്ര നാശം, ധന നാശം വാത രോഗം, സ്വകുല നാശം, ധാന്യ നാശം എന്നീ ദോഷങ്ങൾ വരാവുന്നതാണ്. അൽപ്പ സ്ഥലത്ത് വീടു വയ്ക്കുമ്പോൾ ഖണ്ഡങ്ങൾതിരിക്കാതെ വീഥി തിട്ടപ്പെടുത്തിയ ശേഷം പിശാചവീഥി ഒഴിവാക്കി വീട് പണിയുകയെ നിവൃത്തിയുള്ളൂ.

വീഥികൽപന

ഭൂമിയെ മദ്ധ്യത്തിൽ നിന്ന് 9 ഭാഗങ്ങളായി ഭാഗിച്ച് അവസാന ഭാഗമായ പിശാച വീഥി ഒഴിവാക്കുക. അത് മതിലിന്റെ സ്ഥാനമാണ്.പുറത്തു നിന്നുള്ള നെഗറ്റീവ് ഊർജം തടഞ്ഞു നിർത്തുവാൻ മതിൽ അത്യാവശ്യമാണ്.

ജ്യോതിഷം, വാസ്തു: സമ്പൂർണ വിവരങ്ങൾ അറിയാം