വീടിന്റെ അകത്തളം ഒന്ന് മേക്കോവർ ചെയ്യാറായെന്ന് തോന്നിയിട്ടും പണം ഇല്ലാത്തതിന്റെ പേരിൽ മടിച്ചുനിൽക്കുന്ന ധാരാളം പേരുണ്ടാകും. എന്നാൽ ഒരു ചെലവുമില്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചുതന്നെ നിങ്ങൾ ആഗ്രഹിച്ച ഈ മാറ്റം സൃഷ്ടിക്കാൻ കഴിയും. എങ്ങനെയെന്ന് നോക്കാം:

To advertise here,

എല്ലാ വീടുകളിലും പല മുറികളിലായി വിവിധ ആർട്ട് പീസുകളും പെയിന്റിങുകളും ഉണ്ടാവാം. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ടവ എല്ലാം തിരഞ്ഞെടുത്ത് ഒരു ഗ്യാലറി വാൾ തന്നെ ഒരുക്കാവുന്നതാണ്. ഈ ഗ്യാലറി വാളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊടുക്കാവുന്നതാണ്. നമ്മുടെ കുട്ടികൾ വരയ്ക്കുന്ന ക്രെയോൺ പെയിന്റിങുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാവുന്നതാണ്. ഇത് കുട്ടികളിലെ ആത്മവിശ്വാസം വളർത്തും.

ചെടികളാണ് ഏതൊരു വീടിനും അഴകും ജീവനും പകരുന്നത്. ഇതിന് കടകളിൽ പോയി വിലകൂടിയ സസ്യങ്ങൾ തന്നെ വാങ്ങിവെയ്ക്കണമെന്നില്ല. മുറ്റത്തും തൊടിയിലുമൊക്കെയുള്ള മണിപ്ലാന്റ് പോലെ സുലഭമായ ചെടികളുടെ തണ്ട് മുറിച്ചെടുത്ത് ഒരു ചട്ടിയിൽ വെച്ചാൽ മതി.ഫ്‌ളവർ വേസുകൾ തൊടിയിൽനിന്നുള്ള പൂക്കൾ കൊണ്ട് നിറയ്ക്കുകയും ചെയ്യാം.

വീട്ടിനുള്ളിലെ ഫർണിച്ചർ പലയിടങ്ങളിലായി മാറ്റിയും തിരിച്ചും ഇടുക. ഉദാഹരണത്തിന് പഠനമുറിയിലുള്ള ടേബിളിനെ ഡൈനിങ് ഹാളിലേക്ക് മാറ്റിയാൽ ഒരു മിനി ബുഫെ ടേബിളായി ഉപയോഗിക്കാം. വീട്ടിൽ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പഴയ മേശ പൊടിതുടച്ചെടുത്ത് നല്ലൊരു ടേബിൾക്ലോത്തുമിട്ടശേഷം ഒരു പ്ലാന്റ് കൂടി അതിന്റെ മുകളിലേക്ക് വെച്ചാൽ ആ മുറി ഒന്നുകൂടി കളറാവും. ഇവിടിരുന്ന് വേണമെങ്കിൽ വായിക്കുകയും ചെയ്യാം. വായിക്കാനും പഠിക്കാനുമുള്ള മൂഡും ആംബിയൻസും ഇത് കൂട്ടും. അതുപോലെ ലിവിങ് റൂമിലെ സോഫ മറ്റൊരു സൈഡിലേക്ക് തിരിച്ചിട്ടുനോക്കുമ്പോൾ കുറച്ചുകൂടി ഭംഗിയായി ബാക്കിയെല്ലാം ഓർഗനൈസ് ചെയ്യാൻ കഴിയും. 

വീട്ടിൽ സാധനങ്ങൾ കൂടുംതോറും അവ മുറികളിലെല്ലാം ചിന്നിച്ചിതറിക്കിടക്കും. അതിനാൽ ആവശ്യമില്ലാത്തതും കുറഞ്ഞ ഉപയോഗമുള്ളതുമായ സാധനങ്ങൾ എടുത്തുമാറ്റുകയോ മറ്റാർക്കെങ്കിലും നൽകുകയോ ചെയ്യാം. പിന്നീട് ഓരോ മുറികളായി വൃത്തിയാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വീടിന് ഒരു പുതുമയും ഭംഗിയും തോന്നിക്കും