
അശ്രദ്ധമായൊരു തരി തീ മതി കെട്ടിടങ്ങളെ ഭസ്മമാക്കി മാറ്റാന്‍. ലോകത്തെ പൊള്ളിച്ച തീപ്പിടിത്തത്തിന്റെ ഞെട്ടലില്‍നിന്നു നമ്മളിപ്പോഴും മോചിതരായിട്ടില്ല. വലിയൊരു നടുക്കത്തിന്റെ വേദനയില്‍നിന്നു ഒരു പാട് കുടുംബങ്ങൾ ഇനിയും മുക്തരായിട്ടില്ല. കുവൈത്തില്‍ 50 പേരുടെ ജീവനെടുത്ത സംഭവത്തോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ നിരവധി സംഭവങ്ങള്‍ മുന്നിലുണ്ട്.
ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലെ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കളാണ് വെന്തുമരിച്ചത്. ഇത്തരത്തില്‍ അടുത്ത കാലത്തായി കുറച്ചൊന്നുമല്ല തീപ്പിടിത്തങ്ങള്‍ നാടിനെ ഞെട്ടിച്ചത്. കോടികളുടെ നഷ്ടമാണ് ചെറിയൊരു അശ്രദ്ധ മൂലം പല സംഭവങ്ങളിലും ഉണ്ടായത്. ധനനഷ്ടവും ജീവനാശവുമെല്ലാമുണ്ടായിട്ടും നമ്മള്‍ എത്രമാത്രം അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധാലുക്കളാണ്?
അപകടം സംഭവിക്കുമ്പോഴുണ്ടാക്കുന്ന അങ്കലാപ്പൊഴിയുമ്പോള്‍ സുരക്ഷ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തുകയാണ് ഭൂരിഭാരം പേരും ചെയ്യുന്നത്. ഈ സാഹചര്യത്തിലും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ തലയ്ക്ക് മീതേ വാളു പോലെ നില്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ സംവിധാനം പല കെട്ടിടങ്ങള്‍ക്കും ഇല്ലെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

നഗരപ്രദേശങ്ങളില്‍ ഒരപകടം ഉണ്ടായാല്‍ അത്യാഹിത സ്ഥലത്ത് സമയത്ത് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അടുത്തടുത്ത കെട്ടിടങ്ങളും. അപകടത്തിനിരയാകുന്നത് ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതു മൂലമാണ്. അഗ്‌നിരക്ഷാ സേനയ്ക്ക് വാഹനമെത്തിക്കാന്‍ വഴിയില്ലാതെ, ദൂരെ നിന്ന് വെള്ളം ചീറ്റേണ്ട സ്ഥിതിയും പല സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളില്‍ മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്ന സിഗരറ്റുകുറ്റികളും വരെ സൃഷ്ടിക്കുന്നത് വന്‍ദുരന്തങ്ങളായിരിക്കുമെന്നും നാം മറന്നുപോകുന്നു. കൂടുതല്‍ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്‌നിരക്ഷാ സേനയുടെ 'ഫിറ്റ്നസ്' സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയും പുതുക്കാതെയും ആണ്. പെട്ടെന്ന് തീപ്പിടിത്തമുണ്ടായാല്‍ വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയാണുള്ളതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്.
കെട്ടിടങ്ങളിലെ എല്ലാ നിലയിലും അഗ്നിശമന സംവിധാനം ഉറപ്പുവരുത്തണം. ഫ്‌ളാറ്റു പോലെയുള്ളയിടങ്ങളിലും തൊഴിലിടങ്ങളിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ കെട്ടിടം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പരിശീലനം നല്‍കണം. തീപ്പിടിത്തമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്സിറ്റുകള്‍ക്ക് മുന്നില്‍ തടസ്സമില്ലാതിരിക്കേണ്ടത് അത്യാവശ്യമാണ്.ഫ്‌ളാറ്റുകള്‍ മുതലായ ഇടങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ എല്ലാ താമസക്കാരെയും പെട്ടെന്ന് അറിയിക്കാന്‍ കഴിയുന്ന സംവിധാനവും നിര്‍ബന്ധമായും വേണം. മുന്‍കരുതലുകള്‍ അപകടങ്ങളില്‍നിന്നു രക്ഷിക്കും.

ബഹുനിലകെട്ടിടത്തിലെ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധമായും പരിശോധിക്കണം. കെട്ടിടത്തിലെ എമര്‍ജന്‍സി ലൈറ്റുകള്‍ക്ക് യു.പി.എസ്. ബാക്കപ്പ് ഉണ്ടായിരിക്കണം. അതൊടൊപ്പം അഗ്‌നിരക്ഷാ വാഹനങ്ങള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തുറസ്സായ സ്ഥലം ഉറപ്പുവരുത്തിയിരിക്കണം. അഗ്‌നിരക്ഷാ സേനയുടെ മോക്ഡ്രില്‍ പരിശീലനങ്ങളോട് സഹകരിച്ച് താമസക്കാരും കെട്ടിടമുപയോഗിക്കുന്നവരും പ്രാഥമികമായി ഉത്തരവാദിത്വബോധമുള്ളവരാകണം.
അലംഭാവം ദുരന്തം വിളിച്ചുവരുമ്പോള്‍
ഒരു കെട്ടിടം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അഗ്‌നിസുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ പിന്നീടുണ്ടാവില്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു. 'ഫയര്‍ സര്‍ട്ടിഫിക്കറ്റ്' നേടി കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ പിന്നെ തിരിഞ്ഞുനോക്കുക കൂടിയില്ല. ഒരു വര്‍ഷത്തിനു ശേഷം ഉപകരണങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായാലും ബില്‍ഡറോ ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവരോ അറിയാറില്ല. കെട്ടിടത്തിന് അനുമതി ലഭിക്കുമ്പോള്‍ കാണിച്ചിരിക്കുന്ന തരത്തിലായിരിക്കില്ല ഉപയോഗിച്ചു തുടങ്ങുമ്പോള്‍.
16 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ പാലിക്കേണ്ട നിബന്ധനകളുണ്ട്. അപകടം ഉണ്ടായാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് സേവനത്തിനായുള്ള സ്ഥലംപോലും പല കെട്ടിടങ്ങളിലും ഇല്ല. ഇരുവശങ്ങളിലും ഇതിനായി അഞ്ചു മീറ്റര്‍ ഒഴിച്ചിടണമെന്നുണ്ട്. കൂടാതെ, ടെറസുകളും തുറസ്സായ സ്ഥലവുമുണ്ടായിരിക്കണം. എന്നാല്‍, ഇതൊക്കെ കാറ്റില്‍പ്പറത്തി, തോന്നിയ രീതിയിലേക്ക് കെട്ടിടങ്ങള്‍ മാറ്റിയെടുക്കുന്നതാണ് പൊതുവിലുള്ള രീതി. അതുകൊണ്ടുതന്നെ അപകടങ്ങള്‍ തൊട്ടരികില്‍ത്തന്നെയാണ്.
ടെറസുകള്‍ കെട്ടിയടയ്ക്കുമ്പോള്‍
ബഹുനിലക്കെട്ടിടങ്ങളുടെ ടെറസുകള്‍ കെട്ടിയടച്ച് റൂഫ് ചെയ്യുന്നത് ഇന്ന് വലിയ രീതിയില്‍ കൂടിവരികയാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇവ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഹെലികോപ്റ്ററിലൂടെയും മറ്റുമുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുകയാണ് ഇതിലൂടെ. അപകടം ഉണ്ടാകുമ്പോള്‍ ഒഴിഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ സാധ്യതയും ഉപയോഗവുമുണ്ടെന്നും കൂടുതല്‍ പേരും അറിയാതെ പോകുന്നു. രക്ഷാപ്രവര്‍ത്തനത്തിനായാണ് കെട്ടിടങ്ങളില്‍ ഒഴിഞ്ഞയിടങ്ങള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍, പിന്നീട് തുറന്ന സ്ഥലങ്ങള്‍ കെട്ടിയടച്ചും പാര്‍ക്കിങ് ഏരിയയാക്കി മാറ്റിയും അപകടങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഫ്‌ളാറ്റുകളിലും മറ്റും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെയാണ് സ്ഥാപിച്ചിരിക്കുന്നത്. പെട്ടെന്നുള്ള അപകടങ്ങളില്‍ എന്തുചെയ്യണമെന്നു കൂടി സാധാരണ ജനങ്ങള്‍ക്ക് അവബോധമില്ല. അതും അപകടങ്ങളുടെ ആഴം കൂട്ടുന്നുണ്ട്.
കോണിപ്പടികളില്‍ ദുരന്തം കയറിവരുമ്പോള്‍
തീപ്പിടിത്തം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ് കോണിപ്പടികള്‍. ബഹുനിലക്കെട്ടിടങ്ങളായ ആശുപത്രികള്‍, ഫ്‌ളാറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ സമുച്ചയങ്ങള്‍ തുടങ്ങിയവയിലെ തീപ്പിടിത്തങ്ങളില്‍ പ്രധാനമായും കോണിപ്പടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഫയര്‍ എക്‌സിറ്റിനായുള്ള കോണിപ്പടികള്‍ പലപ്പോഴും മറ്റാവശ്യങ്ങള്‍ക്കായി അടച്ചുകളയുന്ന പ്രവണത വ്യാപകമായി കാണാറുണ്ട്. തീപ്പിടിത്തങ്ങളുണ്ടാവുന്ന സ്ഥലത്ത് പലപ്പോഴും കോണിപ്പടികളില്‍ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനും രക്ഷാപ്രവര്‍ത്തനം തടയുന്നതിനും ഇതു കാരണമാകുന്നുണ്ട്. അതിനാല്‍ കോണിപ്പടികളില്‍ മറ്റു വസ്തുക്കള്‍ കൂട്ടിയിടുകയോ അടച്ചുകളയുകയോ ചെയ്യരുത്. ലിഫ്റ്റ് പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആകെയുള്ള രക്ഷാമാര്‍ഗം കൂടിയാണ് ഈ കോണിപ്പടികള്‍.

തീപ്പിടിച്ചാല്‍ ഉടനേ ചെയ്യേണ്ടത്
- തീപ്പിടിത്തമുണ്ടായാല്‍ മാനുവല്‍ ഫയര്‍ അലാം ഉപയോഗിച്ച് മറ്റ് താമസക്കാര്‍ക്കും ആളുകള്‍ക്കും അപായ സൂചന നല്‍കണം.
- തീ ചെറുതാണെങ്കില്‍ മാത്രം പ്രാഥമിക അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുക. അല്ലെങ്കില്‍, കെട്ടിടത്തിന് വെളിയില്‍ പോകണം. 101-ല്‍ വിളിച്ചറിയിക്കണം.
- ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍ ഉപയോഗിക്കരുത്.
- പുകനിറഞ്ഞ മുറികളില്‍ അകപ്പെട്ടുപോയാല്‍ മുഖത്ത് നനഞ്ഞ തൂവാല കെട്ടി മുറിയിലൂടെ ഇഴഞ്ഞുനീങ്ങി പുറത്തുപോകാന്‍ ശ്രമിക്കണം.
ലിഫ്റ്റില്‍ പതിയിരിക്കുന്ന അപകടം
തീപ്പിടിത്തമുണ്ടാകുമ്പോള്‍ ആളുകള്‍ ജീവന്‍രക്ഷിക്കാനുള്ള അങ്കലാപ്പില്‍ കെട്ടിടത്തില്‍നിന്നു പെട്ടെന്ന് പുറത്ത് കടക്കാനാണ് ആദ്യം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനായി ലിഫ്റ്റുപയോഗിക്കുന്നത് അപകടത്തെ ക്ഷണിച്ചുവരുത്തലാണ്. പുറത്തുകടക്കാനായി ലിഫ്റ്റ് ഉപയോഗിക്കുന്നത് പലപ്പോഴും ദുരന്തത്തില്‍ കലാശിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടത് ഒരേയൊരു കാര്യമിതാണ്: തീപ്പിടിത്തസമയത്ത് ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുത്.
തീപ്പിടിത്തമുണ്ടാകുന്നതിന്റെ സാധാരണകാരണങ്ങള്‍
- തീപ്പിടിത്തമുണ്ടാകുന്നതില്‍ കാരണമാകുന്ന ചില കാര്യങ്ങളുണ്ട്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് , തെറ്റായ വൈദ്യുത സംവിധാനവും തെറ്റായ സര്‍ക്യൂട്ട് ബ്രേക്കറുകളും വൈദ്യുതി മൂലമുണ്ടാകുന്ന തീപ്പിടിത്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അല്ലെങ്കില്‍ തുണി അല്ലെങ്കില്‍ മരം പോലുള്ള കത്തുന്ന വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ചൂടാക്കുന്ന ഉപകരണങ്ങളും കാരണമാകും.
- അശ്രദ്ധിമായ പാചകം അപകടം വിളിച്ചുവരുത്തും. അതായത് എല്‍.പി.ജി, മൈക്രോവേവ് എന്നിവയിലൂടെയുള്ള തീപ്പിടിത്തം.തീ കൊണ്ടുള്ള അശ്രദ്ധമായ ഉപയോഗങ്ങളും ദുരന്തം അടുത്തെത്തിക്കും.
- അശ്രദ്ധമായ പുകവലി, തീപ്പെട്ടി, മെഴുകുതിരി എന്നിവയുമായി കളിക്കുന്ന കുട്ടികള്‍ എന്നിവയും പതിവായി കണ്ടുവരുന്ന തീപ്പിടിത്തത്തിന്റെ കാരണങ്ങളാണ്. അശ്രദ്ധമായി മാലിന്യം കത്തിക്കുന്നതും അപകടമാണ്.

ഉയര്‍ന്ന കെട്ടിടങ്ങളില്‍ തീപിടുത്തം എങ്ങനെ തടയാം?
1. അഗ്നിസുരക്ഷാ സംവിധാനം - അഗ്നിശമന ഉപകരണം, സ്മോക്ക് അലാറങ്ങള്‍, സ്പ്രിംഗളറുകള്‍, ഹൈഡ്രന്റുകള്‍ മുതലായവയുള്ള അഗ്നിസുരക്ഷാ സംവിധാനം, തീപിടുത്തമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ഉയര്‍ന്ന കെട്ടിടങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതും അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സങ്കീര്‍ണ്ണവുമായ ഇടമാണ്. അതിനാല്‍, ഓട്ടോമാറ്റിക് സ്പ്രിംഗളറുകള്‍ പോലെയുള്ള അഗ്നിശമന സംവിധാനങ്ങളുള്ള ഒരു കെട്ടിടം, പുറത്ത് നിന്ന് ഒരു അഗ്നിരക്ഷാ സംഘം എത്തുന്നതിന് മുമ്പ് തീപിടിത്തം തടയാന്‍ ഉപകരിക്കും.
2. കുടിയൊഴിപ്പിക്കല്‍ വെല്ലുവിളികള്‍ : ബഹുനില കെട്ടിടങ്ങളില്‍, അന്തേവാസികളെ സാവധാനത്തിലും അഗ്നിശമന ദ്വാരങ്ങളിലൂടെയും ഗോവണിയിലൂടെയും സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കേണ്ടതിനാല്‍ ഒഴിപ്പിക്കലിന് ധാരാളം സമയം ആവശ്യമാണ്.
3. അഗ്നിസുരക്ഷാ നിയമങ്ങള്‍ പാലിക്കല്‍ - വ്യക്തികളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനാണ് അഗ്നിസുരക്ഷാ നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപകടസാധ്യതകള്‍ തിരിച്ചറിയാനും സുരക്ഷാ നടപടികളുടെ സഹായത്തോടെ അവയെ ചെറുക്കാനും ഇത് നമ്മെ സഹായിക്കുന്നു.
4. ഫയര്‍ ഡ്രില്ലുകള്‍ - ഓരോ വ്യക്തിയും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യമുള്ളവരാകാന്‍ ഫയര്‍ ഡ്രില്ലുകള്‍ സഹായിക്കുന്നു. പുക അലാറത്തിന്റെ ശബ്ദം, ഡയല്‍ ചെയ്യാനുള്ള നമ്പറുകള്‍, പുറത്തുകടക്കുന്ന വഴികള്‍ എന്നിവ ജനങ്ങള്‍ക്ക് പരിചിതമാണെന്ന് ഉറപ്പാക്കാന്‍ ഫയര്‍ ഡ്രില്ലുകള്‍ ഗുണം ചെയ്യും.
5. റെഗുലര്‍ ഇന്‍സ്പെക്ഷനും സേഫ്റ്റി ഓഡിറ്റും - അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ അഗ്നിയില്‍ നിന്നുള്ള സുരക്ഷ ഉറപ്പാകുന്നില്ല. ഇതിനായിപതിവ് പരിശോധന ഉണ്ടായിരിക്കണം. അഗ്നിശമന സേനയോ അധികാരികളോ ആണ് പരിശോധന നടത്തേണ്ടത്. എല്ലായ്‌പ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സേനാംഗങ്ങളുടെ അപ്രതീക്ഷിത പരിശോധനകളാണ്. തങ്ങളുടെ കമ്മ്യൂണിറ്റിയിലെ അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ സമഗ്രമായ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കേണ്ടത് ഓരോ അസോസിയേഷന്റെയും ഉടമകളുടെയും ഉത്തരാവാദിത്വം കൂടിയാണ്.
6. ക്ലിയര്‍ എക്സിറ്റ് പാസുകളും സുരക്ഷിത അസംബ്ലി പോയിന്റും - ഒരു കെട്ടിടത്തിന്റെ പുറത്തേയ്ക്കുള്ള വഴികള്‍ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം.അതേപോലെ കെട്ടിടത്തിന് പുറത്ത് സുരക്ഷിതമായ അസംബ്ലി/മീറ്റിംഗ് പോയിന്റും ഉറപ്പുവരുത്തണം.
തീപ്പിടിത്തത്തില്‍ നിന്നും രക്ഷനേടാം
- വാതിലുകള്‍ തുറക്കുന്നതിനു മുമ്പു തന്നെ അവ നന്നായി പരിശോധിക്കുക. വാതിലിന് പിന്നില്‍ മുട്ടുകുത്തിനിന്നോ കുനിഞ്ഞുനിന്നോ വേണം പരിശോധിക്കാന്‍. പിന്നീട് ഉയര്‍ന്നു നിന്ന് വാതിലും അതിന്റെ പിടികളും തൊട്ടുനോക്കുക. വാതിലിനു തണുപ്പുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വം തുറക്കുക. നിങ്ങളുടെ ചുമലുകള്‍ വാതിലിനോട് ചേര്‍ത്തുവച്ച് സാവധാനം തുറക്കുക. അപ്പോള്‍ തീയോ പുകയോ കാണുന്നുണ്ടെങ്കില്‍ വാതില്‍ കൊട്ടിയടയ്ക്കുക. മറ്റു വഴികളിലൂടെ രക്ഷപ്പെടുകയോ ഫ്ളാറ്റില്‍തന്നെ നില്‍ക്കുകയോ ചെയ്യുക.
- അപ്പാര്‍ട്ട്മെന്റില്‍നിന്ന് പോകാനാവുന്നില്ലെങ്കില്‍ വാതിലുകളിലും ജനാലകളിലും തുണി, ഷീറ്റ് എന്നിവ വച്ച് അടച്ച് പുക കടക്കാതെ നോക്കുക.എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് അഗ്നിശമന സേനയെ വിളിച്ച് നിങ്ങളുടെ ലൊക്കേഷന്‍ അറിയിക്കുക. വാതിലിനും ജനലിനും പുറത്ത് പുക കാണുന്നില്ലെങ്കില്‍ അത് തുറന്ന് തുണി, ഫ്ളാഷ് ലൈറ്റ് എന്നിവ വീശി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുക.
- അഗ്നിബാധയുടെ സമയത്ത് ലിഫ്റ്റ് ഉപയോഗിക്കരുത്. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഗോവണി ഉപയോഗിക്കുക. എല്ലാ വാതിലുകളും മുറുക്കിയടക്കുക. ഇത് തീ പടരുന്നത് സാവധാനമാക്കും.
- നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം പുക നിറഞ്ഞിരിക്കുകയാണെങ്കില്‍ പുകയ്ക്കടിയിലൂടെ ഇഴഞ്ഞ് നീങ്ങാനായി ശ്രമിക്കുക. പുക എപ്പോഴും മുകളിലേക്ക് ഉയരുന്നതിനാല്‍ അടിഭാഗത്തായിരിക്കും ശുദ്ധവായു.
- നിങ്ങളുടെ പതിവ് മാര്‍ഗം പുകയും തീയും നിറഞ്ഞിരിക്കുകയാണെങ്കില്‍ മുറിയിലേക്ക് തന്നെ മടങ്ങി മറ്റ് രക്ഷാമാര്‍ഗം ഉപയോഗിക്കുക. ഒരിക്കലും റൂഫ്ടോപ്പിലേക്ക് പോകരുത്. അത് നിങ്ങളെ രക്ഷപ്പെടാന്‍ കഴിയാത്ത സുരക്ഷ ഇല്ലാത്ത അവസ്ഥയിലെത്തിക്കും.
- പുറത്ത് നിലകൊള്ളുക. അഗ്നിബാധയുണ്ടായാല്‍ നില്‍ക്കേണ്ട സ്ഥലത്തേക്ക് പോകുകയും അഗ്നിശമന സേന അടക്കമുള്ളവരെ വിവരം അറിയിക്കുകയും ചെയ്യുക

തീ അപായങ്ങളെ അറിഞ്ഞിരിക്കാം
ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തമുണ്ടാകുന്നതിന് പ്രധാനമായി മൂന്ന് കാരണങ്ങളുണ്ടെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി പറയുന്നു. തീ ഉണ്ടാക്കുന്ന ഘടകം, തീ പിടിക്കാനിടയുള്ള വസ്തുക്കള്‍, ആവശ്യമായ അളവില്‍ ഓക്സിജന്റെ സാന്നിധ്യം. അടുക്കളയില്‍ എപ്പോഴും തീ പിടിക്കാനിടയുള്ള വസ്തുക്കളോ തീയോ ഉണ്ടാവും. മുറികളിലെ ഗൃഹോപകരണങ്ങള്‍, കിടക്ക, വസ്ത്രങ്ങള്‍ എന്നിവയെല്ലാം തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളാണ്.
അവിടെ നല്ല വായുസഞ്ചാരമുണ്ടാകും.അതിനാല്‍ത്തന്നെ കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. നിലവിളക്ക്, കര്‍പ്പൂരമടക്കമുള്ള വസ്തുക്കള്‍, മെഴുകുതിരികള്‍ എന്നിവ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുവരുന്നതിലൂടെ അപകടസാധ്യത കൂടും.നല്ല ഡിസൈനര്‍മാര്‍ക്ക് ഇതേക്കുറിച്ച് ധാരണയുണ്ടായിരിക്കും. അവര്‍ അത് ഒഴിവാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടാവും.
നിലവിളക്കുകള്‍ പോലുള്ളവ ഒരു നിശ്ചിത സമയത്തിനപ്പുറം ആരും ശ്രദ്ധിക്കാതെ കത്തിനില്‍ക്കാന്‍ അനുവദിക്കരുത്.കുടുംബത്തിലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ അപകടമില്ലെന്ന് പ്രത്യേകിച്ച് ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഉറപ്പുവരുത്തണം.കൂടാതെ ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, വൈദ്യുത ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നുള്ള തീപ്പൊരി മിക്കപ്പോഴും അഗ്നിക്കിടയാക്കിയേക്കും.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് സുരക്ഷാസംവിധാനങ്ങളെല്ലാം ഉറപ്പ് വരുത്തിയിട്ടാണ് കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി.കൊടുക്കുന്നത്. എന്നിരിന്നാലും കെട്ടിടം ഉപയോഗിച്ചു തുടങ്ങുമ്പോള്‍ ആളുകള്‍ ഫയര്‍ എക്‌സിറ്റും പുറത്തേയ്ക്കുള്ള വഴിയും തുടങ്ങി പ്ലാനില്‍ കാണിച്ചിരിക്കുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തുന്ന പ്രവണത കാണാറുണ്ട്. ഇത് അപകടങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതിന് കാരണമാകും. ഒരു വര്‍ഷം കഴിയുമ്പോള്‍ കെട്ടിടത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ജീവന്‍ നഷ്ടപ്പെടുന്ന അപകടത്തിനുള്‍പ്പെടെ ഉത്തരവാദി കെട്ടിടത്തിന്റെ ഉടമയായിരിക്കും. ഗുജറാത്തിലെ സൂറത്തിലെ കോച്ചിങ് സെന്ററില്‍ തീപ്പിടിത്തത്തില്‍ 18 കുട്ടികള്‍ മരിച്ച സംഭവം ഇത്തരത്തില്‍ കൃത്യമായ ഫയര്‍ എക്‌സിറ്റ് സംവിധാനവും സുരക്ഷാ ക്രമീകരണവും ഇല്ലാത്തതിനാല്‍ സംഭവിച്ചതാണ്. ഫ്‌ളാറ്റുകള്‍ പോലെതന്നെ ബഹുനിലകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതു മാത്രമാണ് അപകടങ്ങളെ ചെറുക്കാനുള്ള മാര്‍ഗം.
പനോത്ത് അജിത് കുമാര്‍
റിട്ട: സ്റ്റേഷന്‍ ഓഫീസര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്
Content Highlights: fire and safety prevention in multi storey buildings
Published: 15 Jun 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented