കാലാവധി കഴിഞ്ഞ ബ്രെഡ് രണ്ടുദിവസം ഇരുന്നാല്‍ എന്തുസംഭവിക്കുമെന്ന് നമുക്കറിയാം. ദിവസേനയുള്ള മാലിന്യം കളയാൻ മറന്നാൽ വരുന്ന ദുർ​ഗന്ധവും. അപ്പോഴാണ് ഒരു ഫിൻലൻഡുകാരി ആഴ്ചകളും മാസങ്ങളും പഴക്കമുള്ള ബ്രെഡ് മുതല്‍ പാചകം ചെയ്ത പാത്രത്തോടെ ഫ്രിഡ്ജില്‍ മാസങ്ങളോളമിരുന്ന ഭക്ഷണം വരെ സൗജന്യമായി വൃത്തിയാക്കുന്നത്. ഔരി കറ്റരീന എന്ന ഈ ഫിൻലൻഡുകാരിയാണ് വ്യത്യസ്തമായ രീതിയിൽ വീട്ടകങ്ങൾ വൃത്തിയാക്കി ശ്രദ്ധിക്കപ്പെടുന്നത്.

To advertise here,

ഇന്‍സ്റ്റഗ്രാമില്‍ 4.7 മില്യണ്‍ ഫോളോവേഴ്സുള്ള ഔരി താൻ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെക്കാറുണ്ട്. ഉപയോഗിച്ച ഡയപ്പറുകള്‍, വര്‍ഷങ്ങളായി കഴുകാത്ത ബാത്ത്റൂം, പുറത്തുനിന്ന് വാങ്ങിയ ഭക്ഷണത്തിന്റെ കെട്ടിക്കിടക്കുന്ന പൊതികള്‍, എലി, പുഴു, പാറ്റ എന്നിവ കയറിയ സ്ഥലങ്ങൾ അങ്ങനെ ഔരിയുടെ കയ്യെത്താത്ത ഇടങ്ങളില്ല.

ആവശ്യക്കാരായവര്‍ക്ക് വീട് സൗജന്യമായി വൃത്തിയാക്കിക്കൊടുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. ഔരിയുടെ ക്ലീനിങ് വീഡിയോകള്‍ക്കും കാഴ്ച്ചക്കാരേറെയാണ്.

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വിഷാദത്തിലൂടെ കടന്നുപോകുന്നവര്‍, വയോധികര്‍, ജോലിയും കുട്ടികളുടെ പരിപാലനവും ഒരുമിച്ച് കൈകാര്യം ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന സിങ്കിള്‍ പേരന്റ്സ് തുടങ്ങിയവരാണ് ഔരിയുടെ സേവനത്തിനായി കാത്തുനിൽക്കുന്നവരിലേറെയും.

കൗമാര പ്രായത്തില്‍ വിഷാദരോഗത്തിലൂടെ കടന്നുപോകേണ്ടിവന്ന ഔരി കറ്റരീന തെറാപ്പിയിലൂടെയാണ് സുഖം പ്രാപിച്ചത്. താന്‍ അനുഭവിച്ചതുപോലെ മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നവര്‍ക്ക് തന്നാലാകുംവിധം സഹായമെത്തിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

വൃത്തിഹീനമായ വീടുകള്‍ വെടിപ്പാക്കി നല്‍കുന്നത് സൗജന്യമായാണെങ്കിലും വീടുകള്‍ വൃത്തിയാക്കുന്ന വീഡിയോ പങ്കുവെക്കുന്നതിലൂടെ  മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

സഹായം ആവശ്യമായവരുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും വിവരം അറിയിക്കുമ്പോഴാണ് ഔരി വൃത്തിയാക്കാനെത്തുന്നത്. വൃത്തിയാക്കൽ യജ്ഞത്തിൽ ഒരിയുടെ സുഹൃത്തുകളും പങ്കുചേരാറുണ്ട്.