കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ചെടികളുടെ പരിപാലനരീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. നന്നായി വളര്‍ന്നുവന്ന ചെടികളുടെ വളര്‍ച്ച ശൈത്യമായതോടെ മുരടിക്കുന്നതായി കാണാറുണ്ടോ? ചെടികള്‍ക്ക് വളരാനാവശ്യമായ അവസ്ഥകളും മാറിമറിയുന്നതുകൊണ്ടാണിത്.

To advertise here,

ഓരോതരം സസ്യത്തിന്റേയും ആവശ്യങ്ങളനുസരിച്ചുവേണം പരിപാലനം. ഉഷ്ണമേഖലാ കാലാവസ്ഥയിലുള്ള സസ്യങ്ങള്‍ക്ക് മറ്റ് സസ്യങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് പരിപാലനം ആവശ്യമുള്ളത്. ശൈത്യകാലത്ത് സസ്യങ്ങളുടെ പരിപാലനത്തില്‍ വരുത്തേണ്ട ഏതാനും മാറ്റങ്ങളെക്കുറിച്ച് അറിയാം:

  • വെള്ളമൊഴിക്കുന്ന അളവിലാണ് ആദ്യമായി മാറ്റം വരുത്തേണ്ടത്. ശൈത്യകാലത്ത് മിക്ക ചെടികള്‍ക്കും കുറച്ച് വെള്ളം മാത്രം മതിയാകും. ഈ സമയത്തെ ഇവയുടെ വളര്‍ച്ച മന്ദഗതിയിലായതിനാലാണിത്. ഈ സമയത്ത് അധികം വെള്ളമൊഴിക്കുന്നത് ചീഞ്ഞുപോകാന്‍ കാരണമാകും. കള്ളിമുള്‍ച്ചെടികള്‍ക്ക് വെള്ളം നനയ്ക്കേണ്ട ആവശ്യവുമില്ല.
  • സസ്യങ്ങള്‍ക്ക് ഒരിക്കലും തണുത്ത വെള്ളമൊഴിക്കരുത്. പുറത്തെ തണുപ്പുകാരണം വെള്ളം അധികമായി തണുത്തുപോവുകയാണെങ്കില്‍ മുറിയ്ക്കുള്ളിലെ ഊഷ്മാവിന് സമമാകുമ്പോള്‍ മാത്രം നനയ്ക്കാന്‍ ഉപയോഗിക്കുക.
  • തണുപ്പുകാലത്ത് ഇന്‍ഡോര്‍ പ്ലാന്റ്‌സ് വെച്ചിരിക്കുന്ന മുറിക്കുള്ളിലെ ഈര്‍പ്പത്തിന്റെ അളവ് വല്ലാതെ കുറഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പത്ത് നമ്മള്‍ വീടിനകം മൊത്തത്തില്‍ ചൂടാക്കാനുള്ള ശ്രമത്തിലായിരിക്കും. അതിനാല്‍ ഈര്‍പ്പവും വല്ലാതെ കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് ചെടികളുടെ വളര്‍ച്ചയെ ബാധിക്കാനിടയുണ്ട്. വീട്ടില്‍ ഹ്യുമിഡിഫയര്‍ ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താവുന്നതാണ്. ചെടികളെയെല്ലാം അടുപ്പിച്ച് ഒരു കൂട്ടമായി വെയ്ക്കുന്നതും ഈര്‍പ്പം കൂട്ടാന്‍ സഹായിക്കും. ചെടികളുടെ ഇലയില്‍ല്നിന്ന് സ്വാഭാവികമായും പുറന്തള്ളുന്ന വെള്ളം മുറിക്കുള്ളിലെ ഈര്‍പ്പം കൂട്ടും.
  • ഓവന്‍, റേഡിയേറ്റര്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കരികില്‍നിന്നും ഇന്‍ഡോര്‍ സസ്യങ്ങളെ മാറ്റിസ്ഥാപിക്കണം. താപനിലയില്‍ വരുന്ന വ്യത്യാസം ഇവയുടെ വളര്‍ച്ചയെ നശിപ്പിച്ചുകളയുന്നതിനാലാണത്.
  • സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ചെടികള്‍ സ്ഥാപിക്കുക എന്നതാണ് അടുത്തത്. തണുപ്പുകാലത്ത് ചുരുങ്ങിയ സമയം മാത്രമേ സൂര്യപ്രകാശം ലഭിക്കൂ. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. ചെടികളുടെ ഇലയില്‍ പൊടിപറ്റിയിരുന്നാല്‍ സൂര്യപ്രകാശമേല്‍ക്കുന്നത് തടയും. അതിനാല്‍ ഇലകളിലെ പൊടി നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചുകളഞ്ഞശേഷം നല്ലതുപോലെ സൂര്യപ്രകാശമേല്‍ക്കുന്നിടത്ത് അവയെ സ്ഥാപിക്കണം. 
  • ശൈത്യകാലത്ത് ചെടികള്‍ അധികം വളരില്ല എന്നതിനാല്‍ അവയ്ക്ക് അധികം വളമിടേണ്ട ആവശ്യമില്ല. അത് അവരുടെ സ്വാഭാവിക വളര്‍ച്ചാചക്രത്തെ തടസ്സപ്പെടുത്തും. അതിനാല്‍, വസന്തകാലം ആരംഭിക്കുന്നതുവരെ ഇവയ്ക്ക് വളമിടുന്നത് കുറയ്ക്കാം.