അപ്പാർട്ട്മെന്റായാലും ഇരുനിലവീടായാലും ബാൽക്കണി ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ്. പുറംലോകവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ഇടമെന്ന നിലയിലാണ് ബാൽക്കണികൾക്ക് പ്രസക്തിയേറുന്നത്. മിക്കവരും ബാൽക്കണിയിൽ പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നും നൽകാതെ ഒഴിച്ചിടുന്നതാണ് പതിവ്. എന്നാൽ, വീടിന്റെ ഒരു ഭാഗമെന്ന നിലയിൽ ഇവിടം ക്രിയാത്മകമായി അലങ്കരിക്കാവുന്നതാണ്. ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ബാൽക്കണി ഉപയോഗപ്പെടുത്താം.

To advertise here,

ഔട്ട്ഡോർ ഫർണിച്ചറുകൾ 

ബാൽക്കണിയിൽ ഫർണിച്ചറുകൾ ഇടുമ്പോൾ അവ കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം. ഇതിനായി വിക്കർ, പ്ലാസ്റ്റിക്, റോട്ട് എയൺ, തേക്ക് എന്നിവയിൽ നിർമിച്ച ഫർണിച്ചറുകൾ ഉപയോഗിക്കാം.

കാപ്പിയോ ചായയോ കുടിക്കുന്നതിനായി ഇവിടെ കോഫീ ടേബിളോ ആംചെയറോ നൽകാം. ഫർണിച്ചറുകൾക്ക് തിളങ്ങുന്ന നിറങ്ങൾ നൽകാം. ഇത് ബാൽക്കണിയിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരും. ബാൽക്കണിക്ക് വലുപ്പം കുറവാണെങ്കിൽ മടക്കിവയ്ക്കാവുന്ന കസേരയും ടേബിളും ഉപയോഗിക്കാം.

ബാൽക്കണിയിൽ ഊഞ്ഞാൽ കെട്ടുന്നത് വിനോദത്തിനും ഉല്ലാസത്തിനുമുള്ള അവസരം നൽകും.

വാടക വീടാണെങ്കിൽ ഫർണിച്ചറുകൾക്ക് പണം മുടക്കേണ്ടതില്ല. പകരം ഫ്ളോർ പില്ലോകളും പാറ്റേണുകളോട് കൂടിയ റഗ്ഗും ഉപയോഗിക്കാം.

കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഫ്ളോറിങ്

കാലാവസ്ഥയെ പ്രതിരോധിക്കുന്നതായിരിക്കണം ബാൽക്കണിയുടെ ഫ്ളോറിങ്. ചൂടും തണുപ്പും മഴയും മാറി മാറി വരുന്നത് ഫ്ളോറിങ്ങിന് മങ്ങലേൽപ്പിച്ചേക്കാം. വുഡ് ഫിനിഷിലുള്ള ഇന്റർലോക്കിങ് ഡെക്ക് ടൈലുകൾ മികച്ച തിരഞ്ഞെടുപ്പാണ്. ടെറാക്കോട്ട ടൈലുകളും കരിങ്കല്ലും നാച്ചുറൽ സ്റ്റോണും തറയിൽ വിരിക്കുന്നത് അനുയോജ്യമാണ്.

തറയിൽ കൃത്രിമപുല്ല് വിരിക്കുന്നത് ബാൽക്കണിക്ക് നാച്ചുറൽ ലുക്ക് നൽകും.

ചെടികൾകൊണ്ട് അലങ്കരിക്കാം

ചെടികൾക്കൊണ്ട് അലങ്കരിക്കാവുന്നതിനുള്ള മികച്ച ഓപ്ഷനാണ് ബാൽക്കണി. വിവിധ തരത്തിലുള്ള ഇലച്ചെടികൾ വയ്ക്കാം. ബാൽക്കണിയിൽ സ്വകാര്യ കൊണ്ടുവരുന്നതിന് ഉയരമുള്ള ചെടികൾ വയ്ക്കാം. വള്ളിച്ചെടികൾ വളർത്താം.

ലൈറ്റിങ്

വലിപ്പം കൂടിയ പെഡന്റ് ലൈറ്റുകൊണ്ട് ബാൽക്കണി അലങ്കരിക്കാം. ഇതിനുപകരം ചുവരിൽ വയ്ക്കുന്ന വാൾ സ്‌കോൺസെസും പിടിപ്പിക്കാം. ആവശ്യമെങ്കിൽ ഹാൻഡ് റെയ്ലിങ്ങിൽ സ്ട്രിങ് ലൈറ്റുകളും പിടിപ്പിക്കാം.

മറ നൽകാം

ഓപ്പൺ ടു സ്‌കൈ ബാൽക്കണിയാണെങ്കിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ മറ നൽകാം.

ഇവ കൂടാതെ, ചെറിയൊരു വാട്ടർ ഫൗണ്ടൻ നൽകുന്നത് ബാൽക്കണി കൂടുതൽ സജീവമാക്കും. ചുവരിൽ പെയിന്റിങ്ങുകൾ തൂക്കാം.