വെള്ളത്തിലും കരയിലും ജീവിക്കുന്ന ഉഭയജീവികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഇംഗ്ലീഷില്‍ ഇവയെ ആംഫിബിയസ്‌ ഓര്‍ഗാനിസംസ് എന്നു വിളിക്കും. അതുപോലെ രണ്ട് ആവാസവ്യവസ്ഥയിലും നിലനില്‍ക്കാന്‍ കഴിയുന്ന വീടുകളുണ്ടെന്ന് പറഞ്ഞാലോ? ആംഫിബിയസ്‌ വീടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍, ഈ വീടുകള്‍ വെള്ളത്തിനടിയിലുള്ളവയല്ല, കരയില്‍ത്തന്നെയുള്ളവയാണ്. വെള്ളം പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും. വെള്ളം താഴുമ്പോള്‍ താഴുകയും ചെയ്യും. ഇത്തരം വീടുകള്‍ ഉടന്‍ കേരളത്തിലും നിര്‍മിക്കപ്പെടാന്‍ പോവുകയാണ്. എങ്ങനെയെന്നല്ലേ?

To advertise here,
placeholder
നെതര്‍ലൻഡ്‌സിലെ മാസ്‌ബോമ്മെലിലുള്ള ആംഫിബിയസ്‌ വീട്‌

മഴ പെയ്ത ശേഷം മരപ്പെയ്ത്തുപോലെ തകര്‍ന്നുവീഴുന്ന കേരളത്തിലെ വീടുകളുടെ അവസ്ഥ നമുക്കറിയാം. പ്രളയസമയത്ത് കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിലെ വീടുകള്‍ ഒന്നൊന്നായി തകര്‍ന്നുവീണ കാഴ്ച അസഹനീയമായിരുന്നു. വെള്ളം കെട്ടിനിന്നതുമൂലം ഭിത്തിയും അടിത്തറയും നശിച്ചുപോയ വീടുകള്‍ വേറെയുമുണ്ട്. ഇത്തരം വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ വീടുവെയ്ക്കാന്‍ ആളുകള്‍ക്കിപ്പോള്‍ ഭയമാണ്. ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചവരാണ് കോട്ടയം കുറവിലങ്ങാട് സ്വദേശി നന്മ ഗിരീഷും കൊട്ടാരക്കര സ്വദേശി ബെന്‍ കെ. ജോര്‍ജും.

സിവില്‍ എന്‍ജിനീയറാണ് നന്മ. ബെന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറും. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ആംഫിബിയസ്‌ വീടുകള്‍ നിര്‍മിച്ചുനല്‍കുക എന്ന ലക്ഷ്യവുമായാണ് 2019-ല്‍ ഇരുവരും ചേര്‍ന്ന് 'നെസ്റ്റ് അബൈഡ്' എന്ന തങ്ങളുടെ കണ്‍സ്ട്രക്ഷന്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ആംഫിബിയസ്‌ വീടുകളെക്കുറിച്ച് നെതര്‍ലന്‍സിലെ ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റി  ഓഫ് ടെക്‌നോളജിയില്‍ പിഎച്ച്.ഡി. ചെയ്യുകയാണ് ഇരുവരുമിപ്പോള്‍. ഒപ്പം അടുത്തവര്‍ഷം ലൈഫ് മിഷന്റെ ഭാഗമായി കേരള സര്‍ക്കാറിനു കീഴിലുള്ള കെ-ഡിസ്‌കുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലും മണ്‍റോതുരുത്തിലും രണ്ട് ആംഫിബിയസ്‌ വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ഒരുക്കവുമുണ്ട്. വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള മാര്‍ഗമായി ആംഫിബിയസ്‌ ആര്‍ക്കിടെക്ചറിനെ കാണുന്ന ഇന്ത്യയിലെ ഏക സംരംഭം നെസ്റ്റ് അബൈഡാണ്. ഈ വീടുകള്‍ക്ക് കേരളത്തിലെ കുട്ടനാട് പോലെയുള്ള പ്രദേശങ്ങളുടെ ഡിമാന്‍ഡ് തിരികെക്കൊണ്ടുവരാനാവുമോ? എങ്ങനെയാണ് ആംഫിബിയസ്‌ വീടുകളുടെ ഘടനയും കണ്‍സ്ട്രക്ഷനും വ്യത്യാസപ്പെട്ടിരിക്കുന്നത്? കേരളത്തില്‍ ആംഫിബിയസ്‌ ആര്‍ക്കിടെക്ച്ചറിന്റെ സാധ്യതകളും വെല്ലുവിളികളും മാതൃഭൂമി ഡോട് കോമുമായി പങ്കുവെയ്ക്കുകയാണ് നെസ്റ്റ് അബൈഡ് കോ-ഫൗണ്ടര്‍ നന്മ ഗിരീഷ്.

placeholder
നെസ്റ്റ് അബൈഡ് ഫൗണ്ടര്‍മാരായ നന്മ ഗിരീഷും ബെന്‍ കെ. ജോര്‍ജും | ഫോട്ടോ: സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്‌സ്‌ 

ആംഫിബിയസ്‌ വീടുകള്‍ എന്ന സങ്കൽപ്പത്തിലേക്ക്‌ എത്തിപ്പെടുന്നത്?

മാസ്റ്റേഴ്സ് ചെയ്യുമ്പോഴാണ് ആംഫിബിയസ്‌ വീടുകളെക്കുറിച്ച് പഠിച്ചു തുടങ്ങുന്നത്. മാസ്റ്റേഴ്സിന്റെ തീസിസിന് ഈ വിഷയമായിരുന്നു തിരഞ്ഞെടുത്തത്. അന്ന് നെതര്‍ലൻഡ്‌സിലെ ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു ഇന്റേണ്‍ഷിപ്പുമുണ്ടായിരുന്നു. ഇന്റേണ്‍ഷിപ്പിനു വന്നപ്പോള്‍ ഇവിടെ നിര്‍മിച്ച ആംഫിബിയസ്‌ വീടുകള്‍ നേരില്‍കണ്ടു ബോധ്യപ്പെട്ടു. ലോകത്ത് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച ആകെ നാല് ആംഫിബിയസ്‌ പ്രോജക്ടുകളാണുള്ളത്. അതില്‍ രണ്ടെണ്ണം നെതര്‍ലൻഡ്‌സിലാണ്. യു.കെയിലും പോളണ്ടിലും ഓരോ പ്രോജക്ട്‌ വീതവുമുണ്ട്.

2018-ലായിരുന്നല്ലോ കേരളത്തില്‍ വൻപ്രളയമുണ്ടായത്. എന്റെ തീസീസിന് ആ സമയത്ത് വളരെയധികം പ്രസക്തിയുണ്ടായി. പലയിടങ്ങളിലും പ്രസന്റേഷന്‍ നടത്തി ആളുകള്‍ക്ക് അവബോധം നല്‍കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴും ആളുകള്‍ക്ക് ഇതെന്താണെന്ന് ധാരണയുണ്ടായിരുന്നില്ല. ഞാനും എന്റെ കമ്പനി പാര്‍ട്ണറായ ബെന്നും ഒന്നിച്ചാണ് എം.ടെക്ക്. ചെയ്തത്. രണ്ടു പേര്‍ക്കും ഈ വിഷയത്തില്‍ താല്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഇതിലേക്ക് തിരിഞ്ഞത്. നിലവില്‍ ഞങ്ങള്‍ രണ്ടുപേരും നെതര്‍ലന്‍ഡ്സില്‍ ഈ വിഷയത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ്. ഇതോടൊപ്പം ഞാന്‍ മറ്റൊരു ജോലിയും ചെയ്യുന്നുണ്ട്. ഒപ്പം നെസ്റ്റ് അബൈഡിന്റെ കാര്യങ്ങളിലും ഇവിടിരുന്ന് മേല്‍നോട്ടം വഹിക്കുന്നു.

placeholder
നന്മ ഗിരീഷ് | ഫോട്ടോ: സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്‌സ്‌
ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ ഉപദേഷ്ടാക്കളുടെ മാര്‍ഗനിര്‍ദേശങ്ങളുടെ കീഴിലാണ് നെസ്റ്റ് അബൈഡ് പ്രവര്‍ത്തിക്കുന്നത്. 'ആംഫി നെസ്റ്റ്' എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ ആംഫിബിയസ്‌ കെട്ടിടത്തിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് 2022-ലെ ഫോബ്സ് ഏഷ്യയുടെ 30 അണ്ടര്‍ 30 പട്ടികയില്‍ നന്മയും ബെന്നും ഇടംപിടിച്ചിരുന്നു. 2019-ല്‍ പോളണ്ടില്‍വെച്ച് നടന്ന ഗ്ലോബല്‍ ആംഫിബിയസ്‌ പോളിസി സിംപോസിയത്തിലും ഇന്ത്യയുടെ പ്രതിനിധിയായി നന്മ പങ്കെടുത്തു. കൂടാതെ, പ്രോജക്ട് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആഗോള പ്ലാറ്റ്‌ഫോമായ 'പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ (പി.എം.ഐ.) ഈ വര്‍ഷത്തെ ഫ്യൂച്ചര്‍ 50 പട്ടികയിലും നന്മ ഇടംപിടിച്ചു. ആഗോളതലത്തില്‍ത്തന്നെ 50 പേരടങ്ങുന്ന ഈ പട്ടികയിലെ ഏക മലയാളിയും കോട്ടയം കുറവിലങ്ങാട് സ്വദേശിയായ നന്മയാണ്. 

ആംഫിബിയസ്‌ വീടുകളുടെ ഘടനയും വര്‍ക്കിങും 

ഏതെങ്കിലും ജലാശയത്തിനടുത്താണ് ആംഫിബിയസ്‌ വീട് സ്ഥാപിക്കുക.വെള്ളം ഉയരുന്നതിനനുസരിച്ച് പൊങ്ങാന്‍ സഹായിക്കുന്ന ഒരു ബോയന്റ് ഫൗണ്ടേഷന്‍ ഈ വീടിനുണ്ടാവും. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള കോണ്‍ക്രീറ്റ് ബോക്സാണ് ബോയന്റ് ഫൗണ്ടേഷനായി ഉപയോഗിക്കുക. ഇതിന്റെ ഉള്‍ഭാഗം അത്രയും വലുതായതുകൊണ്ടുതന്നെ ഒരു റൂമായും ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഈ ഫൗണ്ടേഷന്റെ 60 ശതമാനത്തിനു മുകളില്‍ വെള്ളം ഉയരുമ്പോള്‍ ഫൗണ്ടേഷനും അതിനു മുകളിലുള്ള സൂപ്പര്‍ സ്ട്രക്ചറുമെല്ലാം (അതായത് വീടും) പൊങ്ങാന്‍ തുടങ്ങും. പിന്നീട് വെള്ളം താഴുന്നതുവരെ ഇത് കപ്പല്‍പ്പോലെ വെള്ളത്തിനുമുകളിലൂടെ ഒഴുകിക്കിടക്കും. ആര്‍ക്കിമെഡീസ് തത്വമനുസരിച്ചാണ് ഇതിന്റെ വര്‍ക്കിങ്. ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇത്തരം വീടുകള്‍ക്ക് ഭൂമിയുമായി ആകെയുള്ള കണക്ഷന്‍ ഫൗണ്ടേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന നാല് ഗൈഡന്‍സ് പോസ്റ്റുകളാണ്. വഞ്ചിയൊക്കെ കെട്ടിയിടുന്നതുപോലെ കോണ്‍ക്രീറ്റ് കൊണ്ടുള്ള നാല് പോസ്റ്റുകള്‍ ഫൗണ്ടേഷനും സൂപ്പര്‍സ്ട്രക്ചറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളം താഴുമ്പോള്‍ വീട് ഈ പോസ്റ്റുകളിലൂടെ ആയിരുന്നിടത്തുതന്നെ തിരികെവന്ന് സ്ഥിതി ചെയ്യുകയും ചെയ്യും. മുകളിലേക്കും താഴേക്കും മാത്രമേ ചലനമുണ്ടാവുന്നുള്ളൂ. അതിനാല്‍ ആംഫിബിയസ്‌ വീട് ഒരിക്കലും നിശ്ചലമല്ല, ഡൈനാമിക് ആണ്.

placeholder
കുറവിലങ്ങാട്ട് പണികഴിപ്പിച്ച പ്രോട്ടോടൈപ്പ് | ഫോട്ടോ: സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്‌സ്

വീടിനുള്ളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം?

വീടും വീട്ടിനകത്തുള്ളവരുമെല്ലാം വെള്ളപ്പൊക്കസമയത്ത് സുരക്ഷിതരായിക്കും. നമ്മള്‍ കപ്പലില്‍ കയറുമ്പോള്‍ വെള്ളത്തിന്റെ മുകളിലൂടെ ഒഴുകിനടക്കുകയാണെന്ന് അറിയുമോ? അതുപോലെയാണ് ഇതും. കുറവിലങ്ങാട്ട് ആംഫിബിയസ്‌ ബില്‍ഡിങിന്റെ ഒരു പവില്യണ്‍ പ്രോട്ടോടൈപ്പ് ഞങ്ങള്‍ നിര്‍മിച്ചിരുന്നു. ഇത് വിജയിക്കുകയും ചെയ്തു. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് വീട്ടിനകത്തുള്ളവര്‍ ആടിയുലയുന്നതായി തോന്നും. എന്നാല്‍, ഉള്ളിലുള്ളവര്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. ഒരു വഞ്ചിയും കപ്പലും കടലിലിറക്കുന്നതുപോലെയുള്ള വ്യത്യാസമുണ്ടിവിടെ. ആംഫിബിയസ്‌ വീടുകളുടെ ഫൗണ്ടേഷന്‍ നല്ല സ്ട്രോങാണ്. ഏകദേശം 70 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് ബോക്സുകളാണ് ഫൗണ്ടേഷനായി പണിയുന്നത്. 30 ടണ്ണാണ് സൂപ്പര്‍സ്ട്രക്ചറിന്റെ ഭാരം.

വീട് എന്നാല്‍ മലയാളിക്ക് വൈകാരികമായ ഒരു ആവശ്യം കൂടിയാണല്ലോ. കയറിക്കിടക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം എന്നതില്‍ക്കവിഞ്ഞ് വീടിനെക്കുറിച്ച് കൃത്യമായ സൗന്ദര്യസങ്കല്പ്പവുമുണ്ട് നമുക്ക്. അക്കാര്യത്തിലൊക്കെ എത്രത്തോളം വിട്ടുവീഴ്ച വരുത്തണം? ചെലവ് എത്രവരും?

സൗന്ദര്യസങ്കല്പങ്ങളിലൊന്നും വലിയ വ്യത്യാസം വരുത്തേണ്ട കാര്യമില്ല. പിന്നെ, വീടിന് പരമാവധി ഭാരം കുറച്ചു പണിയാനായിരിക്കും ശ്രമിക്കുക. ഭാരം കുറഞ്ഞതും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതുമായ സാമഗ്രികളായിരിക്കും ഉപയോഗിക്കുന്നത്. പക്ഷേ, ഒരോ സ്ഥലത്തിനനുസരിച്ച് വീടിന്റെ ഫൗണ്ടേഷന്‍ മാറും. കോണ്‍ക്രീറ്റ് ബ്ലോക്കുകളാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍, എല്ലായിടത്തും ഇങ്ങനെയല്ല. അതനുസരിച്ച് ചെലവിലും വ്യത്യാസം വരും. നെതര്‍ലൻഡ്‌സിലാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ആംഫിബിയസ്‌ വീട് പണികഴിപ്പിച്ചിട്ടുള്ളത്. കോണ്‍ക്രീറ്റ് ബോയന്റ് ഫൗണ്ടേഷന്‍ തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ യു.കെയിലുമുണ്ട്. എന്നാല്‍, ഇവിടെയൊക്കെ സമ്മര്‍ ഹൗസുകള്‍ എന്ന രീതിയിലാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. മിക്കവര്‍ക്കും ഇതൊരു സെക്കന്‍ഡ് ഹോം മാത്രമാണ്. കേരളത്തിന്റെ സ്ഥിതി അതല്ല. യു.കെയിലുള്ളത് ഒരു മികച്ച ആംഫിബിയസ്‌ വീടാണ്. എന്നാല്‍, ഭീമന്‍ തുക മുടക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ ചുരുങ്ങിയ ചെലവില്‍ മാത്രമേ വീട് പണിയാന്‍ സാധിക്കൂ. അല്ലെങ്കില്‍ കാര്യമില്ല.

കെ-ഡിസ്‌കുമായി ബന്ധപ്പെട്ട് രണ്ട് വീടുകള്‍ അടുത്ത വര്‍ഷം നിര്‍മിക്കാനൊരുങ്ങുകയാണല്ലോ. ഇവിടുത്തെ പ്ലാനും കോസ്റ്റ് എസ്റ്റിമേഷനും എങ്ങനെയാണ്?

ലൈഫ് മിഷനും കെ-ഡിസ്‌കുമായിരിക്കും ഈ രണ്ട് പദ്ധതികൾക്കുമുള്ള പണം നല്‍കുന്നത്. സ്റ്റീല്‍ ഫ്രെയിംവര്‍ക്കിലായിരിക്കും നിർമ്മാണം. ഒരു വീടിന്റെ നിര്‍മാണച്ചെലവ് എങ്ങനെ പോയാലും 15 ലക്ഷത്തില്‍ കവിയാന്‍ പാടില്ല എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, കണ്ടെത്തിയ രണ്ട് പ്ലോട്ടുകളിലും വീട് പണിയാന്‍ ധാരാളം വെല്ലുവിളിയുണ്ട്. കുട്ടനാട്ടിലെ കൈനകരിയിലുള്ളത് ഒരു പാടത്തിന് നടുക്കായുള്ള സ്ഥലമാണ്. രണ്ടര കിലോമീറ്റര്‍ വള്ളത്തില്‍ വേണം ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കാന്‍. ഇത്തരത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ മാത്രം രണ്ടരലക്ഷം രൂപ ചെലവാകുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകൂട്ടലില്‍ മനസ്സിലായത്. ഇപ്പോള്‍ എന്തായാലും ആ തുകയ്ക്ക് മാറ്റം വരും. മണ്‍റോ തുരുത്തിലെ സ്ഥലത്തേക്കും വള്ളത്തില്‍ത്തന്നെ സാധനം എത്തിക്കണം. വീടുകള്‍ ചെറുതാക്കുക എന്നത് മാത്രമാണ് മാർഗം.

ആംഫിബിയസ്‌ വീടുകള്‍ക്ക് കേരളത്തില്‍ വേണ്ടത്ര അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതൊരു വെല്ലുവിളിയാവില്ലേ? വീടുകളുടെ നിർമ്മാണത്തിന്‌ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റു കാര്യങ്ങള്‍ എന്തൊക്കെയായിരിക്കും?

ആംഫിബിയസ്‌ വീടുകളെക്കുറിച്ച് ആളുകള്‍ക്ക് അവബോധമായി വരുന്നതേയുള്ളൂ. രണ്ട് വര്‍ഷത്തോളം ഞാനിതിനെക്കുറിച്ച് എല്ലാവരോടും പറഞ്ഞുനടന്നിട്ടുണ്ട്. അതിനു ശേഷം വീടു പണിയാന്‍ സഹായം ചോദിക്കാം എന്നാണ് കരുതിയത്. പറ്റുന്ന വേദികളിലൊക്കെയും ഞാനിതിനെക്കുറിച്ച് പ്രസംഗിക്കുമായിരുന്നു. ആരോട് പറഞ്ഞാലും ഒരു മോഡല്‍ കണ്ടതിനു ശേഷമേ പറയാന്‍ പറ്റൂ എന്ന മറുപടിയാണ് ലഭിച്ചത്. അങ്ങനെയാണ് പ്രോട്ടോടൈപ്പ് നിര്‍മിക്കുന്നതിലേക്ക് തിരിഞ്ഞത്. ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരുന്നു അത്. ഉയര്‍ന്ന റിസ്‌ക്, ഉയര്‍ന്ന റിട്ടേണ്‍ എന്ന രീതിയിലാണ് ഞങ്ങളത് ചെയ്തത്. ആംഫിബിയസ്‌ ബില്‍ഡിങിന്റെ ഇന്ത്യയിലെ ആദ്യത്തെ വര്‍ക്കിങ് പ്രോട്ടോടൈപ്പാണ് കുറവിലങ്ങാട് 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഞങ്ങള്‍ പണിതത്.  2021 ജൂലൈയിലാണ് 'ആംഫി നെസ്റ്റി'ന്റെ പണി തുടങ്ങിയത്. സെപ്തംബര്‍ നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പണി നടക്കുമ്പോള്‍ത്തന്നെ ധാരാളം പ്രശ്‌നമുണ്ടായിരുന്നു. വെള്ളം പൊങ്ങുമ്പോള്‍ വീട് ഒഴുകുന്നതിനു പിന്നില്‍ ആര്‍ക്കിമെഡിസ് തത്വമാണ് എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് മനസ്സിലാവില്ല. കപ്പല്‍ ഒഴുകുന്നതുപോലെ ഒഴുകിക്കോളും എന്ന് പറഞ്ഞാല്‍ കപ്പല്‍ ഒഴുകുന്നത് അതിന്റെ ആകൃതി മൂലമാണ് അല്ലാതെ ബോയന്‍സി ചേമ്പര്‍ കൊണ്ടൊന്നുമല്ല എന്നാണ് വാദിക്കുന്നത്. രണ്ടാമത്തെ കാര്യം നിർമ്മിക്കുന്നവർക്കു തന്നെ അതിലൊരു വിശ്വാസമില്ലെങ്കില്‍ പിന്നെ വലിയ ബുദ്ധിമുട്ടാണ്. 'ഇതൊന്നും നടക്കാന്‍ പോണില്ല' എന്നൊക്കെയായിരുന്നു തുടക്കത്തിലെ പ്രതികരണം. പിന്നീട് ഫ്ളോട്ട് ടെസ്റ്റിന് ജയിച്ചപ്പോഴാണ് കുറച്ചു പേര്‍ക്കെങ്കിലും വിശ്വാസമായത്. അതിശയോക്തി എന്തന്നാല്‍ നമ്മുടെ നാട്ടിലൊഴിച്ച് മറ്റ് രാജ്യങ്ങളിലെല്ലാം ഈ പ്രോട്ടോടൈപ്പിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.

ആര്‍ക്കിടെക്ച്ചര്‍ മേഖലയിലേക്ക് പൊതുവേ സ്ത്രീകള്‍ വരുന്നത് കുറവാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രത്യേകിച്ചും. ഞാന്‍ പറഞ്ഞാല്‍ പണിയുന്നവര്‍ കേള്‍ക്കില്ലായിരുന്നു. സാധാരണയില്‍നിന്നു വ്യത്യസ്തമായ അനുപാതത്തിലാണ്‌ ഇതിന് പൊടിയും വെള്ളവുമൊക്കെ കുഴയ്‌ക്കേണ്ടത്. മറൈന്‍ എഞ്ചിനീയറിങ് ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പരിചിതമായതില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ പണിയാന്‍ നമ്മുടെ ആളുകള്‍ തയ്യാറല്ല. നമ്മുടെ സ്വന്തം സ്ഥലത്ത് കാശു മുടക്കി പണിയാന്‍ ഏല്പിച്ചാലും അവര്‍ക്ക് തോന്നുന്നതുപോലെയേ ചെയ്യുമായിരുന്നുള്ളൂ. ഓരോ തവണയും ബെന്നിനെയോ മറ്റ് ആണുങ്ങളേയോ ആശ്രയിച്ച് മാത്രം നേതൃത്വം നല്‍കുക എന്നത് നടക്കുന്ന കാര്യമല്ലല്ലോ! നാട്ടിലെ ആളുകള്‍ക്ക് ഞാന്‍ അഹങ്കാരിയാണ് എന്നൊരു വര്‍ത്തമാനമേ പറയാന്‍ ഉണ്ടാവൂ. ആംഫീബിയസ് വീടുകള്‍ നിര്‍മിക്കാനായി ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു എന്നത് മാത്രമാണ് അവരുടെ പ്രശ്നം. സ്ത്രീകള്‍ പറഞ്ഞാല്‍ പുച്ഛത്തോടെ സമീപിക്കുന്ന നമ്മുടെ സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടിന്റെ ഭാഗമാണിത്.

പരമ്പരാഗതമായ രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഒരു വീടിനെ ആംഫിബിയസ്‌  ആക്കിമാറ്റാന്‍ കഴിയുമോ? 

ആംഫിബിയസ്‌ വീടുകളുടെ പ്രധാന സവിശേഷത അതിന്റെ ഭാരക്കുറവാണ്. കാനഡയിലൊക്കെ പണ്ടുകാലം മുതല്‍ക്കേ ആംഫിബിയസ്‌ വീടുകള്‍ ഉണ്ടായിരുന്നെങ്കിലും അവയൊന്നും കോണ്‍ക്രീറ്റില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവയല്ല. ബാരലുകള്‍ കൊണ്ടാണ് അവയുടെ ഫൗണ്ടേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, കേരളത്തിലെ എല്ലാ വീടുകളും വലിയ ഭാരമുള്ളവയാണ്. അതിനെ താങ്ങിനിര്‍ത്തുന്ന ഒരു ഫൗണ്ടേഷന്‍ ഉണ്ടാക്കുക എന്നത് വലിയ എന്‍ജിനീയറിങ് സ്‌കില്‍സും വമ്പന്‍ തുകയും ആവശ്യമുള്ള ഭീമന്‍ ടാസ്‌കാണ്. അങ്ങനെ നിര്‍മിക്കുന്നത് ഇരട്ടിച്ചെലവുണ്ടാക്കും.

ആംഫിബിയസ്‌ വീടുകളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ എന്തൊക്കെയാണ്? എത്രനാള്‍ ഈ വീടുകള്‍ നിലനില്‍ക്കും?

പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോള്‍ എന്തുകൊണ്ട് പ്രളയം ഉണ്ടാകുന്നതെന്നാണ് ആദ്യം ചിന്തിക്കേണ്ടത്. ഇതിനു പിന്നില്‍ അനേകം കാരണങ്ങളുണ്ടെങ്കിലും വെള്ളത്തിന് തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങിപ്പോകാനുള്ള ഇടമില്ല എന്നത് പ്രധാനമാണ്. വീടുകള്‍ പോലുള്ള കെട്ടിടങ്ങൾ ഭൂമിയില്‍ അടുപ്പിച്ചടുപ്പിച്ച് പണിയുന്നതിനാലാണിത്. ആംഫിബിയസ്‌ വീടുകള്‍ പണിയുമ്പോള്‍ വെള്ളത്തിനു വഴിയൊരുക്കാനായി നമ്മള്‍ കെട്ടിടങ്ങൾ തന്നെ മാറ്റിക്കൊടുക്കുകയാണ്. അതായത്, ഇവിടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നില്ല. അത് പൊങ്ങുകയും താഴുകയും ചെയ്യുന്നതനുസരിച്ച് നമ്മുടെ കെട്ടിടവും പൊങ്ങിയും താണുമിരിക്കും. ഇത് പരിസ്ഥിതിയ്ക്കും നമുക്കും ഗുണകരമാണ്. വെള്ളം ഒരിക്കലും ഭയപ്പെടേണ്ട ഒന്നല്ല, അതിന്റെ വഴിയില്‍ നമ്മള്‍ ഇടങ്ങേറുണ്ടാക്കാതിരുന്നാല്‍ മതിയെന്ന് ചുരുക്കം. There is enough space for living and water. ഏകദേശം 25 വര്‍ഷമൊക്കെ ഇത്തരം വീടുകള്‍ നിലനില്‍ക്കും എന്നാണ് വിലയിരുത്തല്‍.