21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹര്‍നാസ് സന്ധു 2021-ല്‍ ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം കൊണ്ടുവന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഉള്‍ഗ്രാമമായ കൊഹാലിയാണ് 21-കാരിയായ സന്ധുവിന്റെ ജന്മദേശം. വിശ്വസുന്ദരിപ്പട്ടം നേടുന്നതിന് തന്റെ കുടുംബം നല്‍കിയ പിന്തുണ സന്ധു അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ന്യൂയോര്‍ക്ക് നഗരത്തില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരിക്കുകയാണ് അവര്‍. മിസ് യൂണിവേഴ്‌സിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

വളരെ ലളിതമെന്ന് തോന്നുമെങ്കിലും ആഡംബരം ഒട്ടും കുറയാത്ത വീട് ആണ് സന്ധു വാങ്ങിയിരിക്കുന്നത്. തൂവെള്ളനിറമാണ് വീടിനുള്ളില്‍ ഭിത്തികള്‍ക്ക് നല്‍കിയിരിക്കുന്നത്. വിശാലമായ അകത്തളമാണ് അപ്പാര്‍ട്ട്‌മെന്റിന്റെ മറ്റൊരു പ്രത്യേകത. 

നേവി ബ്ലൂ നിറത്തിലുള്ള സോഫയാണ് ലിവിങ് ഏരിയയിലുള്ളത്. ഇതില്‍ പല നിറങ്ങളിലുള്ള കുഷ്യനുകള്‍ കൊടുത്തിരിക്കുന്നു. നടുവില്‍ ടോപ് ഗ്ലാസ് വരുന്ന കോഫീ ടേബിളും സെറ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ ചിത്രങ്ങള്‍ ലിവിങ് ഏരിയയുടെ ഭിത്തിയില്‍ സോഫയുടെ പുറകിലായി തൂക്കിയിട്ടുണ്ട്. 

ലിവിങ് ഏരിയയുടെ ഒരു ഭാഗമാണ് ഡൈനിങ് ഏരിയയായി മാറ്റിയിരിക്കുന്നത്. ഇതിന്റെ ഒരു മൂലയ്ക്കായി വര്‍ക്കിങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു. വെള്ളനിറമുള്ള ടേബിളും കോംഫി ചെയറുമാണ് ഇവിടെ ഉള്ളത്. ഇതിനോട് ചേര്‍ന്ന് ഭിത്തിയില്‍ വിശ്വസുന്ദരി മത്സരത്തിലെ സന്ധുവിന്റെ ഭാവങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു. 

മോഡുലാര്‍ കിച്ചനാണ് അപ്പാര്‍ട്ട്‌മെന്റിന് നല്‍കിയിരിക്കുന്നത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന രീതിയിലാണ് അടുക്കളയിലെ ജനലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌. ഗ്ലാസ് ഡോറുകളാണ് ജനലിന് നല്‍കിയത്. 

വിശാലമായതാണ് കിടപ്പുമുറി. ക്വീന്‍ സൈസിലുള്ള കിടക്കയും വിശ്രമത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്.