ഇന്‍ഡൊനീഷ്യയിലേക്ക് പുറപ്പെടാന്‍ ആദ്യമായി എന്നെ പ്രലോഭിപ്പിച്ചത് ബാലിദ്വീപിനെക്കുറിച്ച് ഒരു അമേരിക്കന്‍ മാസികയില്‍ വായിക്കാനിടയായ ലേഖനമാണ്. മാറുമറയ്ക്കാത്ത തങ്കമേനികളായ മങ്കമാരും ശുദ്ധനാടന്‍ കലാബോധം കല്ലില്‍ വാര്‍ത്തുവെച്ച ക്ഷേത്രങ്ങളും മറ്റും ആ ലേഖനത്തില്‍ സ്ഥലം പിടിച്ചിരുന്നുവെങ്കിലും എന്റെ ശ്രദ്ധയെ അങ്ങോട്ടാകര്‍ഷിച്ചത് മറ്റുചില വസ്തുതകളായിരുന്നു. ബാലിദ്വീപ് എന്ന തലക്കെട്ട് മാറ്റിനിര്‍ത്തിയാല്‍ ആ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കേരളത്തിലെ ഏതോ ഒരു ഗ്രാമത്തെപ്പറ്റിയാണെന്നു തോന്നിപ്പോകും. കേരളത്തിന്റേതായ പ്രകൃതിവിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാസമ്പ്രദായങ്ങളും അങ്ങനെതന്നെ ഇന്ന് കണ്ടെത്താവുന്ന ഒരു കൊച്ചുനാട് നാലായിരം മൈല്‍ അകലെ നിലകൊള്ളുന്ന വസ്തുത എന്നെ ആവേശം കൊള്ളിച്ചു.

- എസ്. കെ. പൊറ്റെക്കാട് (ബാലിദ്വീപ്)

placeholder
Reprsesentative Image | Photo: Canva.com

പൊറ്റെക്കാട് പറഞ്ഞത് ശരിയാണ്. ഒരുവട്ടം ബാലിയില്‍ പോയവര്‍ വീണ്ടുംവീണ്ടും പൊയ്ക്കോണ്ടേയിരിക്കും. അതിസുന്ദരമായ നീലാകാശവും പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ ജനങ്ങളും സുന്ദരമായ ഭൂപ്രകൃതിയും മികച്ച വാസ്തുവിദ്യയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളെ ഒരു മായികലോകത്തെത്തിക്കുന്നു. നാഗരികജീവിതത്തിന്റെ കടന്നാക്രമണത്തിലും പാരമ്പര്യത്തെ മുറുകെപ്പുണരുന്ന അത്ഭുത ഭൂമികയാണ് ബാലിദ്വീപ്. നമ്മുടെ സംസ്‌കാരവുമായി അടുത്ത ബന്ധമുണ്ട് ഈ ദ്വീപിന്. അതിമനോഹരമായ ക്ഷേത്രങ്ങളും വാസ്തുശിൽപ സമുച്ചയങ്ങളും മനം മയക്കുന്ന കടല്‍ത്തീരങ്ങളും നാഗരികത ഇനിയും കടന്നാക്രമിച്ചിട്ടില്ലാത്ത ഗ്രാമീണഭൂമികകളുമെല്ലാമുണ്ടിവിടെ. വിനോദസഞ്ചാരമാണ് ബാലിക്കാരുടെ പ്രധാന വരുമാനമാര്‍ഗം. ഇവിടുത്തെ സംസ്‌കാരവും ജീവിതരീതിയും അതിശയകരമായ പ്രകൃതിവിഭവങ്ങളും  വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകൃഷ്ടരാക്കുകയും ചെയ്യും.

placeholder
Representative Image | Photo: Canva.com

ഇതില്‍ത്തന്നെ എടുത്തുപറയേണ്ടത് ബാലിനീസ് ആര്‍ക്കിടെക്ചറിനെക്കുറിച്ചാണ്. ഏഷ്യന്‍ ട്രോപ്പിക്കല്‍ വാസ്തുവിദ്യാശൈലിയില്‍ ഏറ്റവും പ്രശസ്തമായതാണ് ബാലിനീസ് ആര്‍ക്കിടെക്ചര്‍. വാസ്തുവിദ്യയുടേയും ഡിസൈനിങിന്റേയും കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ഈ ദ്വീപ് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാത്രമല്ല, ആയിരക്കണക്കിന് അമ്പലങ്ങളും ഇവിടെയുണ്ട്. 'ദൈവങ്ങളുടെ ദ്വീപ്' എന്നും ബാലി അറിയപ്പെടാറുണ്ട്. ബാലിനീസ് ഹിന്ദുക്കളുടെ അമ്പലം 'പുര' എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഹിന്ദു അമ്പലങ്ങളില്‍നിന്നും വ്യത്യസ്തമായി ബാലിക്കാരുടെ പ്രാദേശിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാശൈലിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

placeholder
ബാലിയിലെ അമ്പലം (പുര) | പ്രതീകാത്മക ചിത്രം, ഫോട്ടോ: Canva.com

ബാലിനീസ് വാസ്തുവിദ്യ

എവിടെനോക്കിയാലും കലാപരത ദൃശ്യമാകുന്ന തരത്തിലാണ് ബാലിയിലെ കെട്ടിടങ്ങളുടെ നിര്‍മാണം. തെരുവുകള്‍ മുതല്‍ സാധാരണ വീടുകള്‍ വരെ  ആരേയും അതിശയിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ കലയും വാസ്തുവിദ്യയും ദൃശ്യമാണ്. പുരാതനവും പരമ്പരാഗതവുമായ സ്വാധീനങ്ങളില്‍ വേരൂന്നിയതാണ് ഓരോ ബാലിനീസ് നിര്‍മിതിയും. ബാലിയിലെ തെരുവുകളില്‍ രസകരമായ മണ്ടാല പെയിന്റിങുകളും ഡിസൈനുകളും കാണാം. മിക്ക വീടുകളിലും പടികളുണ്ട്. ഓരോ വീടിനും ഓരോ കുടുംബക്ഷേത്രമുണ്ട്.

placeholder
ബാലിയിലെ ഒരു വീടിന്റെ കോമ്പൗണ്ട് | Photo: Pinterest.com

ഒരു ടിപ്പിക്കല്‍ ബാലിനീസ് വീട്

കേരളത്തിലും പാശ്ചാത്യരാജ്യങ്ങളിലുമൊക്കെയുള്ളതുപോലെ ഒരു വലിയ കെട്ടിടത്തിനുള്ളില്‍ എല്ലാം ഉള്‍ക്കൊള്ളിക്കുന്ന വീടല്ല ബാലിക്കാരുടേത്. മറിച്ച്, നിരവധി ചെറിയ പവലിയനുകളായാണ് അടുക്കളയും മാസ്റ്റര്‍ ബെഡ്റൂമും കുടുംബക്ഷേത്രവുമെല്ലാമുള്ളത്. ഇവയെല്ലാം ഗേറ്റുകളുടെ പരമ്പരയിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

എല്ലാ ബാലിനീസ് വീടുകള്‍ക്കും അലങ്കാരസസ്യങ്ങളാല്‍ നിറഞ്ഞ ഒരു പൂന്തോട്ടമുണ്ടാവും. പ്രകൃതിയുമായി ഇണങ്ങിയ ജീവിതശൈലിയാണ് അവരുടേത്. മുറ്റത്തിന് വലിയ മാറ്റങ്ങള്‍ വരുത്താറില്ല. അവയുടെ സ്വാഭാവിക സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഡിസൈനിങാണ് അവരുടേത്. ഓരോ ബാലിനീസ് പൂന്തോട്ടത്തിലും ഒരു ഫ്ളോട്ടിങ് പവലിയൻ ഉണ്ടാവും. ഈ പവലിയന് ചുറ്റും വാട്ടര്‍ലില്ലികളാല്‍ നിറഞ്ഞ കുളങ്ങളുമുണ്ടാകും. മെഡിറ്റേഷനും മറ്റ് റിലാക്സിങ് ആക്ടിവിറ്റികള്‍ക്കും പറ്റിയ സ്ഥലമാണിത്.

placeholder
Representative Image | Photo: Canva.com

തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ബാലിയിലെ വീടുകളും വില്ലകളുമെല്ലാം. പ്രകൃതിദത്തമായ നിര്‍മാണവസ്തുക്കളുടെ ഉപയോഗം, വലിയ തുറസ്സായ സ്ഥലങ്ങള്‍, ചെടികളും പൂക്കളുമുള്‍പ്പെടുത്തിയുള്ള ഡിസൈനിങ് എന്നിവയാണ് ബാലിയിലെ ഒരു ആഡംബര വില്ലയില്‍ കാണാന്‍ സാധിക്കുക. വീടും വില്ലയുമെല്ലാം പ്രകൃതിയുമായി പരമാവധി ഇഴുകിച്ചേരാന്‍ പാകത്തിനാണ് നിര്‍മിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാലിനീസ് ആര്‍ക്കിടെക്ചര്‍ രൂപപ്പെട്ടുവന്നതിനുപിന്നില്‍ ബാലിയിലെ ഹിന്ദു ആചാരങ്ങള്‍ക്കും പുരാതന ജാവനീസ് ഘടകങ്ങള്‍ക്കും കാര്യമായ സ്വാധീനമുണ്ട്. തട്ടുകളുള്ള മേല്‍ക്കൂര, തെങ്ങിന്‍ തടി, മുള, തേക്ക്, കല്ല്, ഇഷ്ടിക എന്നിവ ബാലിയിലെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും സാധാരണയായി കാണപ്പെടുന്നുണ്ട്. ബാലിയിലെ വാസ്തുവിദ്യാശൈലിക്ക് പരമ്പരാഗത സൗന്ദര്യശാസ്ത്ര തത്വങ്ങളുടെ ഒരു പ്രത്യേക സ്വഭാവമുണ്ട്. എല്ലാ ഡിസൈന്‍ ഘടകങ്ങളിലും ദ്വീപിന്റെ പുരാതന സംസ്‌കാരവും കലാപരതയും പ്രതിഫലിക്കുന്നുണ്ട്.

ഏഷ്യന്‍ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറിയതോടെ വാസ്തുവിദ്യാശൈലിയില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പരമ്പരാഗത ബാലിനീസ് വാസ്തുവിദ്യാ തത്വങ്ങള്‍ തന്നെയാണ് ഡിസൈനര്‍മാരും ബില്‍ഡര്‍മാരും ഇപ്പോള്‍ പിന്തുടരുന്നത്. പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളുടെ സംയുക്തമായി ഇപ്പോള്‍ അത് മാറിയിരിക്കുകയാണ്. പ്രധാനമായും ഏഴ് തത്വചിന്തകളെ ചുറ്റിപ്പറ്റിയാണ് ബാലിനീസ് വാസ്തുവിദ്യ നിലനില്‍ക്കുന്നത്. 

placeholder
Representative Image | Photo: Canva.com

ത്രി ഹത കരണ, ത്രി മണ്ഡല, സങ്ക മണ്ഡല, ത്രി അങ്ക, ത്രി ലോക, അഷ്ട കോശല കോശലി, അര്‍ഗ സെഗാര എന്നിവയാണ് ബാലിനീസ് വാസ്തുവിദ്യയുടെ ഏഴ് തത്വങ്ങള്‍. ബാലിയില്‍ ഡിസൈന്‍ ചെയ്യുന്ന ഒരോ കെട്ടിടവും ഈ ഏഴ് തത്വങ്ങളുമായി ബന്ധപ്പെട്ടായിരിക്കുമുള്ളത്. 

ബാലിനീസ് വാസ്തുവിദ്യ പ്രധാനമായും നാല് കാര്യങ്ങള്‍ക്കാണ് ശ്രദ്ധ നല്‍കുന്നത്: 

വെന്റിലേഷന്‍ സിസ്റ്റം

ബാലിയിലെ വീടുകളിലും ആഡംബര വില്ലകളിലുമെല്ലാം വായുസഞ്ചാരം ഉറപ്പുവരുത്താനായി വലിയ ജനാലകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭിത്തിയ്ക്കും മേല്‍ക്കൂരയ്ക്കുമിടയില്‍ വലിയ ഫ്രീ സ്പേസും സൃഷ്ടിക്കപ്പെടുന്നുണ്ട്.

കരുത്തുറ്റ ഫൗണ്ടേഷന്‍

ത്രി ലോക ഫിലോസഫി അനുസസരിച്ച് ഒരു വീടിനെ അവര്‍ ഒരു മനുഷ്യശരീരത്തിനു തുല്യമായാണ് കാണുന്നത്. ഉറപ്പുള്ള ഫൗണ്ടേഷന്‍ എന്നാല്‍ മനുഷ്യന് ശക്തിയേറിയ കാലുകള്‍ പോലെയാണ്. കരുത്തുറ്റ പാദങ്ങള്‍ പോലെ നല്ല അടിത്തറയുള്ള വീടിന് അതിശയിപ്പിക്കുന്ന ബലവുമുണ്ടാകും.

വലിപ്പമുള്ള മുറ്റം

പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുള്ള ജീവിതത്തിന്റെ ഭാഗമായി ഒരു സാധാരണ വീടിനോ വില്ലയ്ക്കോ ചുറ്റും ആശയവിനിമയം നടത്താന്‍ വലിയൊരു യാര്‍ഡുമുണ്ടായിരിക്കും. 

placeholder
Representative Image | Photo: Canva.com

ഉയര്‍ന്ന കാവല്‍മതില്‍

പൊതുസമൂഹത്തിന്റെ ദൃഷ്ടിയില്‍നിന്നും വീടിനെ സംരക്ഷിക്കുന്നത് ഈ കാവല്‍മതിലാണ്. മാത്രമല്ല, വീട്ടിലുള്ളവര്‍ക്ക് കൂടുതല്‍ സ്വകാര്യതയും സംരക്ഷണവും ഇതുവഴി ലഭിക്കുന്നുണ്ട്. ഇവരുടെ വിശ്വാസമനുസരിച്ച് വീടിനുള്ളിലേക്ക് ദുരാത്മാക്കള്‍ പ്രവേശിക്കുന്നതും കൂടോത്രം ചെയ്യുന്നതുമെല്ലാം മതില്‍ പണിയുന്നതിലൂടെ ചെറുക്കാനാകും.