തിളക്കമുള്ള, ചുവന്ന തറകളുള്ള വീടുകൾ ഇഷ്ടമാണോ? കാവി പൂശിയ ഇത്തരം വീടുകൾ നമുക്ക് ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്. ടൈൽസും മാർബിളുമെല്ലാം ഫ്‌ളോറിങ് ലോകത്തേക്ക് കടന്നുവന്നെങ്കിലും റെഡ് ഓക്‌സൈഡ് നൽകുന്ന ഭംഗിയും ഊഷ്മളതയും ഇന്നും വേറിട്ടുനിൽക്കുന്നുണ്ട്.

To advertise here,

സിമന്റ്, റെഡ് അയൺ ഓക്‌സൈഡ്, മാർബിൾ പൊടി എന്നിവ ചേർത്താണ് ഇത്തരം ഫ്‌ളോറിങ് ചെയ്യുന്നത്. ഇവ മൂന്നും ചേർത്ത മിശ്രിതം നിരപ്പായ പ്രതലത്തിൽ ഒഴിച്ചശേഷം നന്നായി ഉണങ്ങി പോളിഷ് ചെയ്ത് എടുക്കുകയാണ്. ഇത് കാഴ്ചയ്ക്ക് അതിമനോഹരവും ദീർഘനാളത്തെ ആയുസ്സുമുള്ളവയാണ്. ടെറാസോ ഫ്‌ളോറിങ് എന്നും ഇത് അറിയപ്പെടുന്നു. 

റെഡ് ഓക്‌സൈഡ് തറയുടെ ഗുണങ്ങൾ:

  • റെഡ് ഓക്‌സൈഡ് തറകൾ പ്രദാനം ചെയ്യുന്ന കാലാതീതമായ ഭംഗിയാണ് എടുത്തുപറയേണ്ടത്. റസ്റ്റിക്, കോണ്ടംപററി തുടങ്ങിയ എല്ലാവിധ ഡിസൈൻ സ്റ്റൈലുകളുമായും ഇത് ഇണങ്ങും.
  • ഇതിന്റെ ദീർഘായുസ്സാണ് എടുത്തുപറയേണ്ട മറ്റൊന്ന്. സിമന്റും അയൺ ഓക്‌സൈഡും ചേർത്തുള്ള മിശ്രിതം വളരെ കരുത്തുറ്റതാണ്. മാത്രമല്ല, കൃത്യമായി പരിപാലിച്ചാൽ ഈ തറയുടെ തിളക്കവും വർഷങ്ങളോളം നിലനിൽക്കും.
  • മറ്റ് പല ഫ്‌ളോറിങ് മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ താങ്ങാനാവുന്ന റേറ്റിൽ റെഡ് ഓക്‌സൈഡ് കൊണ്ട് തറ പണിയാവുന്നതാണ്.
  • ഓരോ ഉപയോക്താവിനും തങ്ങൾക്ക് ഇഷ്ടമുള്ള ചുവപ്പ് നിറം തെരഞ്ഞെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. റെഡ് അയൺ ഓക്‌സൈഡും മറ്റ് മെറ്റീരിയലുകളുമായുള്ള അനുപാതമനുസരിച്ച് ചുവപ്പിന്റെ ഷേഡിൽ വ്യത്യാസം വരുത്തിയെടുക്കാവുന്നതാണ്.
  • മാത്രമല്ല, സിന്തറ്റിക് ഫ്‌ളോറിങ് മെറ്റീരിയലുകളെ താരതമ്യം ചെയ്യുമ്പോൾ സിമന്റ്, അയൺ ഓക്‌സൈഡ്, മാർബിൾ പൊടി മുതലായ പ്രകൃതിദത്ത മെറ്റീരിയലുകളുപയോഗിച്ചാണ് റെഡ് ഓക്‌സൈഡ് ഫ്‌ളോറിങ് ചെയ്യുന്നത്. അതിനാൽ പരിസ്ഥിതിയ്ക്ക് യാതൊരു ആഘാതവും ഇത് ഏൽപ്പിക്കുന്നില്ല.

ഇനി റെഡ് ഓക്‌സൈഡ് തറകളുടെ ചില ദോഷങ്ങൾ നോക്കാം:

  • ഒരുപാടുനാൾ നീണ്ടുനിൽക്കുമെങ്കിലും ഇത്തരം തറകളിൽ വിള്ളൽ വീഴാനുള്ള സാധ്യതയുണ്ട്. മിശ്രിതം തയ്യാറാക്കുന്നതിലെ പ്രശ്‌നമോ അടിത്തറയുടെ പ്രശ്‌നമോ ഒക്കെയാണ് ഇതിനുപിന്നിലെ കാരണം.
  • ഓക്‌സൈഡ് തറകളിൽ കറകൾ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇതിന്റെ ഭംഗി കാത്തുസൂക്ഷിക്കാനായി ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടതുണ്ട്.
  • ടൈലുകൾ പോലെയുള്ള ഫ്‌ളോറിങ് ഓപ്ഷനുകളുമായി നോക്കുമ്പോൾ പരിമിതമായ കളർ ഓപ്ഷനാണ് ഈ തറകൾക്കുള്ളത്. പല ഷേഡുകളിലെ ചുവപ്പ് കിട്ടുമെങ്കിലും മറ്റ് നിറങ്ങളുടെ കാര്യത്തിൽ പരിമിതിയുണ്ട്.