വീട് എന്നത് എല്ലാവരുടേയും ജീവിതത്തിലെ സുപ്രധാനകാര്യമാണ്.  വീട് നിര്‍മ്മിക്കുന്നതിന് മുന്‍പ് ഒരുപാട് കാര്യങ്ങളെക്കുറിച്ച് നമ്മള്‍ അന്വേഷിക്കും. കുറഞ്ഞ ചെലവില്‍ മനോഹരമായ വീടുകള്‍ നിര്‍മിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. വീടിന്റെ ഭംഗിയുടെ കാര്യത്തില്‍ പൊതുവേ ആരും വിട്ടുവീഴ്ച വരുത്താറില്ല. അത്തരത്തിലൊരു വീടിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

To advertise here,

ഇതൊരു ഹോം ടൂര്‍ വീഡിയോയാണ്. പക്ഷേ സാധാരണ ഹോം ടൂര്‍ വീഡിയോകളില്‍ കാണുന്ന വീടുകള്‍ പോലെയൊന്നുമല്ല ഇത്. ഈ വീടിന് വലിയൊരു പ്രത്യേകതയുണ്ട്. ഉള്ളിലെ കാഴ്ചകളും അത്രയേറെ മനോഹരമാണ്. ഈ വീട് നിര്‍മിച്ചിരിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ഒരു വിമാനത്തിലാണ്.

റഷ്യന്‍  സംരംഭകനായ ഫെലിക്‌സ് ഡെമിന്‍ എന്നയാളാണ് ബോയിംഗ് 737 വിമാനം തന്റെ വില്ലയാക്കി മാറ്റിയിരിക്കുന്നത്. ഇൻഡൊനീഷ്യയിലെ ബാലിയില്‍ ന്യാംങ് ന്യാംങ് ക്ലിഫിലാണ് ഈ വിമാന വീട് സ്ഥിതി ചെയ്യുന്നത്. കടലിന്റെ തൊട്ടടുത്ത് മനോഹരമായ കടല്‍കാഴ്ച കണ്ടു ജീവിക്കാന്‍ കഴിയുന്ന ഒരിടമാണിത്.

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വിമാന വീട്ടിലേക്കുള്ള പടികള്‍ മുതല്‍ എല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ലിവിംഗ് ഏരിയയും ബെഡ് റൂമുകളും, ടെറസും എല്ലാം കാഴ്ചയ്ക്ക് അതിമനോഹരമാണ്. നല്ലൊരു പൂളും ഈ വീടിന്റെ ഭംഗി കൂട്ടുന്നുണ്ട്. എല്ലാം വീഡിയോയില്‍ മനോഹരമായി കാണിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായൊരു ആശയത്തെ പ്രശംസിച്ചുകൊണ്ടാണ് ആളുകള്‍ വീഡിയോയുടെ താഴെ കമന്റു ചെയ്തിട്ടുള്ളത്.