
ഒരു കുഞ്ഞ് വീട് വയ്ക്കാൻ എത്ര സ്ഥലം വേണം..? ഇങ്ങനെയൊരു ചോദ്യത്തിന് കുറഞ്ഞത് ഒരു അഞ്ച് സെന്റ് എന്നായിരുന്നു പണ്ടുള്ള ഉത്തരം. ഇന്ന് അതല്ല, ഏത് ഇത്തിരി കുഞ്ഞൻ പ്ലോട്ടിലും വീട് വെക്കാം. ബാംഗ്ലൂർ, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിലെ കോംപാക്ട് ഹോം ആശയങ്ങൾ കേരളത്തിലും ട്രെന്റായി കഴിഞ്ഞു. ഇന്ന് വീട് വെക്കാൻ സ്ഥലപരിമിതി ഒരു പ്രശ്‌നമേയല്ല. വെറും 2.25 സെന്റിൽ നിർമ്മിച്ചൊരു വീടുണ്ട്. കൊച്ചി പനമ്പിള്ളി നഗറിലെ എംഐജി ഏരിയയിൽ. ഈ വീടിന്റെ പ്രത്യേകത എന്താണെന്ന് അറിയാൻ ആദ്യം എം.ഐ.ജി ഏരിയയെക്കുറിച്ച് അറിയണം.
എന്താണ് എംഐജി ഹൗസിങ് കോളനീസ്
Middle Income Group ആണ് എം.ഐ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. മിഡിൽ ഇൻകം ഗ്രൂപ്പുകൾക്കായി പ്രത്യേകം തയ്യാറാക്കിയ റസിഡൻഷ്യൽ കോളനികളാണ് എംഐജി ഹൗസിങ് കോളനികൾ.
കേരള ഹൗസിങ് ബോർഡിനാണ് എംഐജി ഏരിയയിലെ വീടുകളുടെ നിർമ്മാണ ചുമതല. ഇത്തരം ഏരിയകളിൽ സ്ഥലപരിമിതിയുള്ളതുകൊണ്ടുതന്നെ വീടുകൾ ഒരേ ചുമരുകൾ ഷെയർ ചെയ്തുകൊണ്ടിരിക്കുന്ന നിർമ്മാണ രീതിയാണ്. വീടിന്റെ വലുപ്പം, വിസ്തീർണം തുടങ്ങിയ കാര്യത്തിൽ ഇത്തരം ഏരിയയിലെ വീടുകൾക്ക് കൃത്യമായ ചട്ടക്കൂടും നിർവ്വചനവും ഉണ്ടായിരിക്കും.
റൂബൻ ജോണും ഭാര്യ സിമിയും വീടുള്ള സ്ഥലം വാങ്ങിക്കുകയാണ് ചെയ്തത്. എം.ഐ.ജി ഏരിയയിലെ വീടായതുകൊണ്ടു തന്നെ, കാറ്റും വെളിച്ചവും അകത്തുകയറാത്ത ഇടുങ്ങിയ വീടായിരുന്നു അത്. കുട്ടികൾ വലുതായതോടെ ആ വീട് പോരാതെ വന്നു. അതുകൊണ്ടുതന്നെ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചു. യാദൃശ്ചികമായാണ് ആർക്കിടെക്റ്റ് ജേക്കബ് ചെറിയാനിലേക്ക് റൂബൻ എത്തുന്നത്. ആർക്കിടെക്റ്റ് വീടുപണിയുന്ന രീതി എം.ഐ.ജി ഏരിയയിൽ അത്ര പരിചിതം അല്ല, കോൺട്രാക്ടർമാരാണ് ഈ ഏരിയയിൽ വീടു പണിയുന്നത്. പരീക്ഷണാർത്ഥം ആണ് ആർക്കിടെക്റ്റിലേക്ക് റൂബൻ എത്തുന്നത്
1280 സ്‌ക്വയർ ഫീറ്റിൽ നാല് ബെഡ്‌റൂം
ആർക്കിടെക്റ്റിന് മുന്നിലെ ഏറ്റവും വലിയ ചലഞ്ച്. 1280 സ്‌ക്വയർഫീറ്റിനുള്ളിൽ വീട് പൂർത്തിയാക്കണം എന്നുള്ളതായിരുന്നു. ജിസിഡിഎയുടെ പ്ലാൻ പ്രകാരം. കൂടുതൽ വിസ്തീർണം അനുവദിക്കില്ല. ഇതിന് പുറമെ റൂബനും സിമിയും നാല് ബെഡ്‌റൂം വേണമെന്നു മാത്രമല്ല വീടിനുള്ളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കയറണമെന്നും പറഞ്ഞു. അതായത് ഒട്ടും ഇടുങ്ങിയതാവാനെ പാടില്ല. ഇതിൽ ഒരു ബെഡ്‌റൂം താഴത്തെ നിലയിൽ വേണമെന്ന് സിമിക്ക് നിർബന്ധമുണ്ടായിരുന്നു. ജോലി ചെയ്തു ക്ഷീണിച്ചാൽ ഒന്ന് കിടക്കണമെങ്കിൽ പടികൾ കയറി മുകൾ നിലയിലേക്ക് പോകേണ്ടല്ലോ...? ഇതൊക്കെ എങ്ങനെ പ്രാക്ടിക്കലാകുമെന്ന് റൂബന് പോലും സംശയമുണ്ടായിരുന്നു.
ക്ലൈന്റിനെ ഞെട്ടിച്ച ആർക്കിടെക്ടിന്റെ കിടിലൻ പ്ലാൻ
റൂബന്റെയും കുടുംബത്തിന്റെയും എല്ലാ സ്വപ്നങ്ങളും പ്രാവർത്തികമാക്കുന്ന പ്ലാൻ ആയിരുന്നു ജേക്കബ് ചെറിയാന്റേത്. നാല് ബെഡ്‌റൂമിനും വിശാലമായ അകത്തളങ്ങൾക്കും പുറമെ ഗാർഡനും എന്തിന് കാർപോർച്ചുവരെ ആ പ്ലാനിൽ ഉണ്ടായിരുന്നു. 2.25 സെന്റിനെ മാക്‌സിമം ഉപയോഗപ്പെടുത്തിയുള്ള പ്ലാൻ. എൽ ഷെയ്പ്പിൽ വിശാലമായ ഹാൾ, താഴത്തെ നിലയിൽ തന്നെ ബെഡ്‌റൂം, ഒപ്പം കിച്ചണും വർക്കേരിയും. മുകളിലെ നിലയിൽ വിശാലമായ രണ്ട് ബെഡ്‌റൂമിന് പുറമെ ഗസ്റ്റ് റൂം, ഏറ്റവും മുകളിൽ വിശാലമായ ടെറസ് സ്‌പേസ്, പാർട്ടി ഏരിയയായും സ്വസ്ഥമായിരുന്നു വായിക്കാനും ഏറ്റവും ബെസ്റ്റ് ഇടം. 20 അടിയായിരുന്നു പ്ലോട്ടിന്റെ വീതി. ഇതിൽ ഒരു സൈഡിലെ ഭിത്തി തൊട്ടടുത്ത വീടുമായി ചേർത്ത് പണിയാം. ബാക്കി മൂന്ന് സൈഡിലും ഗ്യാപ്പ് വരുന്ന രീതിയിൽ വേണമായിരുന്നു വീട് പണിയാൻ.
പ്ലാൻ കണ്ടപ്പോഴേ റൂബനും സിമിയും ഓകെ പറഞ്ഞു, പിന്നീട് അവർ കണ്ടത് തങ്ങളുടെ സ്വപ്നം ജേക്കബ് ചെറിയാൻ പടുത്തുയർത്തുന്നതായിരുന്നു.
ട്രെഡീഷണൽ ആർക്കിടെക്ചർ മാതൃക
അറയും നിരയും ഉള്ള നമ്മുടെ പഴയ വീടുകളുടെ ഡിസൈൻ ഫീച്ചേഴ്‌സിനെ കൂടി ഉൾകൊണ്ടാണ് ജേക്കബ് ചെറിയാൻ വീടിന്റെ ഇന്റീരിയർ ചെയ്തത്. വളരെ കോംപാക്ട് ആയ, ചെറിയ ഫൂട്ട് പ്രിന്റുള്ള പഴയ വീടുകളുടെ മാതൃകയിൽ പല വലുപ്പത്തിലും ആകൃതിയിലുമുള്ള ജനലുകൾ വെച്ചു. ഇരട്ടപ്പൊളി വാതിലുകൾ നൽകിയത് വീടിന് വിശാലത തോന്നിച്ചു.മുറികളുടെ വലുപ്പം എട്ടേകാൽ അടി, ടോയിലറ്റുകൾ നാല് അടി വീതിയിലുമാണ് പണിതത്.
ചെറിയ വീടുകൾ വലുതായി തോന്നിക്കാൻ
ചെറിയ വീടുകൾ ചെയ്യുമ്പോൾ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന ലൈറ്റുകളും നിറങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇന്റീരിയർ ഡിസൈനറായ സന്ധ്യ ജോൺ വീടിന്റെ ഒരോ കോണും പ്ലാൻ ചെയ്തത്. വെള്ള, ഗ്രേ, സീലിങ്ങിൽ ഡാർക്ക് ഗ്രേ എന്നീ നിറങ്ങളാണ് ഉപയോഗിച്ചത്. പ്ലോറിന് വുഡൻ ഷെയ്ഡ് നൽകി.
അതും ചെറിയ ടൈലുകൾ ഉപയോഗിച്ചു. ഹാളിൽ ഉപയോഗിച്ച ടൈലുകൾ തന്നെയാണ് ബെഡ്‌റൂമിലും ഉപയോഗിച്ചത്. ഇത് വീടിന് കൂടുതൽ വലുപ്പം തോന്നിച്ചു. അതുപോലെ സീലിങ്ങിനും വുഡ് ഫിനിഷ് നൽകി. വീടിന് വലുപ്പം തോന്നിക്കാൻ ലൈറ്റ് നിറങ്ങളാണ് നല്ലതെന്ന ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു ഡാർക്ക് നിറം ഈ വീടിന് നൽകിയ വിശാലത.
കോസി വൈബ് നൽകിയ ലൈറ്റുകൾ
വീട്ടിലുടനീളം വാം ലൈറ്റുകളാണ് ഉപയോഗിച്ചത്. ഇത് വീടിന് ഒരു കോസി വൈബ് നൽകി. ഒപ്പം ഒരു റിസോർട്ട് ഫീലും. നാച്വറൽ ലൈറ്റ് വീട്ടിലേക്കെത്താൻ ക്രോസ് വെന്റിലേഷന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി. അടുക്കളയിൽ കാബിനെറ്റിന് മുകളിൽ ജനലുകൾ കൊടുത്തു.
പിരിയൻ ഗോവണി
ഈ വീടിന്റെ ഇന്റീരിയറിലെ പ്രധാന ഹൈലറ്റുകളിൽ ഒന്ന്. ഈ വീട്ടിലെ പിരിയൻ ഗോവണിയാണ്. ഗ്രൗണ്ട് ഫ്‌ളോർ മുതൽ ഫസ്റ്റ് ഫ്‌ളോർ വരെ വുഡൻ ഫിനിഷിൽ കോൺക്രീറ്റ് കോവണിയും. ഫസ്റ്റ് ഫ്‌ലോറിൽ നിന്ന് ടെറസ് ഏരിയ വരെയാണ് പിരിയൻ ഗോവണി നൽകിയിരിക്കുന്നത്. ഇതിന് തൊട്ടുമുകളിലായി സ്‌കൈലൈറ്റ് നൽകുകയും ചെയ്തു. ഇതിലൂടെ പ്രകാശം വീടിനകത്തേക്ക് എത്തുന്നു. പിരിയൻ ഗോവണിയിലൂടെ അകത്തുനിന്നുള്ള ചൂട് കാറ്റ് മുകളിലേക്കെത്തുന്നു. ഇത് വീടിനകത്ത് ചൂട് കുറയ്ക്കാനും സഹായിക്കുന്നു.
സ്ഥലം പാഴാക്കാതെ സ്റ്റോറേജ് പ്ലേയ്‌സുകൾ
ഒരു ചെറിയ വീടിനെ സംബന്ധിച്ച് സ്ഥലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഈ വീടിന്റെ ഓരോ ചെറിയ സ്‌പേസിലും സ്റ്റോറേജ് കൊടുത്തിട്ടുണ്ട്. സ്റ്റെയർകേസിലും വാഷ്‌ബെയ്‌സിന്റെ ചുവട്ടിലും സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ട്.
ഫർണിച്ചറുകൾക്കും കർട്ടനുകൾക്കും കളർകോഡ്
വീട്ടിലെ സോഫയ്ക്ക് ലൈറ്റ് നിറം നൽകാൻ ശ്രദ്ധിച്ചപ്പോൾ വീട്ടിലെ ചെയർ മുതലുള്ള ഫർണിച്ചറുകളെല്ലാം തന്നെ ഡാർക്ക് വുഡൻ നിറത്തിലുള്ള ആന്റിക്ക് ഫീൽ നൽകുന്നതാണ്. കർട്ടനുകൾ വെള്ളനിറത്തിലുളളതും ഹാളിനെയും ഗാർഡനെയും വേർതിരിക്കുന്ന ഭാഗത്തെ ബ്ലൈന്റ്‌സ് പോലും വുഡ് തീമിലുള്ളതാണ്.
കുഞ്ഞൻവീട്ടിലെ കുഞ്ഞൻ ഗാർഡൻ
വെള്ളനിറത്തിൽ ബബിൾ നിറച്ച, നിറയെ മണി പ്ലാന്റുകളും, അലോക്കസിയയും, ഗ്രീൻ പാമും ഉള്ള ഒരു കുഞ്ഞ് ഗാർഡൻ കൂടിയുണ്ട്. ലിവിങ് ഏരിയയിൽ നിന്നുള്ള ഏറ്റവും മനോഹരമായ കാഴ്ച ഈ ഗാർഡൻ തന്നെയാണ്. വീട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടവും.
ക്ലൈന്റിന് തന്റെ സ്വപ്ന സാക്ഷാത്കാരവും ആർക്കിടെക്റ്റിന് തന്റെ കരിയറിലെ തന്നെ ബെസ്റ്റ് വർക്കുകളിൽ ഒന്നാണ് ഈ വീട്.
Content Highlights: Maximizing 2.25 cents for a 4-bedroom layout., Utilizing cross-ventilation for natural light and cooling., Smart storage solutions integrated into stairs and furniture., Using light and dark color palettes to create a sense of spaciousness., Incorporating traditional design elements with modern functionality.
Published: 30 Jul 2026, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented