ലയാള സിനിമയിലേക്ക് ഒരു താരപുത്രി കൂടി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ നായികയാവുന്ന ആദ്യ ചിത്രം 'തുടക്കം' പ്രദർശനത്തിനെത്തുന്നു. വിസ്മയയ്ക്ക് മുൻപ് ഒട്ടേറെ താരസന്തതികൾ മലയാള സിനിമയിൽ അരങ്ങേറിയിട്ടുണ്ട്. ഇവിടുത്തെ മക്കൾ മാഹാത്മ്യം വിസ്മയയിൽ അവസാനിക്കില്ലെന്നും ഉറപ്പാണ്. സിനിമയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങി നിലനിന്നവരും ഒലിച്ചുപോയവരും ഇവിടെയുണ്ട്.

To advertise here,

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിൽ തുടങ്ങുന്നു സിനിമയിലെ മക്കൾ മാഹാത്മ്യം. മഹാനായ പിതാവിന്റെ നിഴലിൽ ഒതുങ്ങിനിന്നില്ല മകൻ ഷാനവാസ്. 1982-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളിൽ' തുടങ്ങി പൃഥ്വിരാജ് നായകനായ 'ജനഗണമന' വരെ മലയാളത്തിലും തമിഴിലുമായി 96-ഓളം ചിത്രങ്ങളിൽ ഷാനവാസ് വേഷമിട്ടു. 'ഇവൻ ഒരു സിംഹം' എന്ന ചിത്രത്തിൽ അച്ഛനും മകനും ആദ്യമായി ഒന്നിച്ചു. തുടർന്ന് ഏഴ് സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

നസീറിന്റെ സമകാലികനും അന്നത്തെ സൂപ്പർസ്റ്റാറുമായിരുന്ന സത്യന്റെ മകൻ സതീഷ് സത്യനും അഭിനയത്തിൽ ഒരുകൈ നോക്കി. മൂന്ന് ചിത്രങ്ങളിൽ നായകനായി. കെ.എസ്. സേതുമാധവനും പി.എൻ. മേനോനും ഉൾപ്പെടെയുള്ള സംവിധായകരുടെ ചിത്രത്തിലായിരുന്നു സതീഷ് സത്യൻ നായകനായത്.

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് ഭാഷകളുടെ അതിരുഭേദിച്ച് വിജയക്കൊടി നാട്ടിയ താരമാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'സെക്കൻഡ് ഷോ'യിൽ നായകനായി തുടങ്ങിയ ദുൽഖർ, രണ്ടാം ചിത്രം 'ഉസ്താദ് ഹോട്ടലിലോ'ടെ സ്ഥാനം ഉറപ്പിച്ചു. തമിഴിൽ മണിരത്നത്തിന്റെ നായകനായി. 'മഹാനടി'യിലൂടെ തെലുങ്കിൽ അരങ്ങേറി. ഇർഫാൻ ഖാനൊപ്പം 'കർവാനി'ലൂടെ ബോളിവുഡിലും മികച്ച വേഷം ചെയ്തു. നിർമാണത്തിലും സജീവമായ താരമിപ്പോൾ തെലുങ്ക് പ്രേക്ഷകർക്കും പ്രിയപ്പെട്ട നായകനാണ്.

മലയാളം ജന്മം നൽകിയ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിന്റേത് ഇന്ന് സമ്പൂർണ സിനിമാ കുടുംബമാണ്. ഇളയമകൾ വിസ്മയ 'തുടക്ക'ത്തിനൊരുങ്ങുന്നു. മകൻ പ്രണവ് മോഹൻലാൽ, ബാലതാരമായി തുടങ്ങി ഇന്ന് നിർമാതാക്കൾക്ക് മിനിമം ഗ്യാരന്റി ഉറപ്പുനൽകുന്ന നായക നടൻ.

സോമനും ജയനുമൊപ്പം ആദ്യകാല സൂപ്പർതാര ത്രയത്തിൽ ഒരാളായിരുന്നു സുകുമാരൻ. മല്ലികാ സുകുമാരന്റെയും സുകുമാരന്റെയും രണ്ടു മക്കളും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മൂത്തമകൻ ഇന്ദ്രജിത്ത് സുകുമാരനെ അർഹിക്കുന്ന രീതിയിൽ സംവിധായകൻ ഉപയോഗിച്ചിട്ടില്ലെന്ന പരാതിയേ പ്രേക്ഷകർക്കുള്ളൂ. ഇളയമകൻ പൃഥ്വിരാജ് സുകുമാരൻ രാജമൗലി ചിത്രത്തിൽ വരെ നിർണായക സാന്നിധ്യം. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ സ്വപ്നതുല്യമായ തുടക്കമാണ് പൃഥ്വിരാജിന് ലഭിച്ചത്. മോഹൻലാൽ ചിത്രങ്ങളിലൂടെ സംവിധായകനായും പൃഥ്വിരാജ് തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു. സുകുമാരന്റെ കൊച്ചുമക്കളും സിനിമയിൽ അരങ്ങിലും അണിയറയിലും പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളാണ്. 'സൈക്കിൾ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ശ്രീനിവാസൻ, നടൻ എന്നതിനൊപ്പം സംവിധായകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിൽ കൈവെച്ച മേഖലകളിലെല്ലാം വിജയം വരിച്ചു. 'തിര' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ധ്യാൻ ശ്രീനിവാസൻ നിരവധി ചിത്രങ്ങളിൽ നായകനായും തിരക്കഥാകൃത്തായും സംവിധായകനായും ചലച്ചിത്രരംഗത്ത് സജീവമായി നിലകൊള്ളുന്നു.

സംവിധായകനും നടനുമായ ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ 'കയ്യെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും, പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് 'ചാപ്പ കുരിശ്', 'മഹേഷിന്റെ പ്രതികാരം', 'ജോജി', 'ആവേശം' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി സ്വയം പുനർനിർവചിച്ചു. ഫാസിലിന്റെ ഇളയ മകൻ ഫർഹാൻ ഫാസിലും 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയുണ്ടായി.

മലയാളത്തിൽനിന്ന് തുടങ്ങി ഇന്ത്യൻ സിനിമയോളം വളർന്ന സംവിധായകനാണ് പ്രിയദർശൻ. ലിസി- പ്രിയദർശൻ ദമ്പതികളുടെ മകൾ കല്യാണി ഇന്ന് തെന്നിന്ത്യയിൽ തിരക്കേറിയ നടിയാണ്. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ. ദുൽഖർ സൽമാൻ നിർമിച്ച ഡൊമിനിക് അരുണിന്റെ വാംപയർ ചിത്രം 'ലോക: ചാപ്റ്റർ വൺ-ചന്ദ്ര' പാൻ-ഇന്ത്യൻ സ്വീകാര്യതയാണ് നടിക്ക് നൽകിയത്.

പ്രശസ്ത മിമിക്രി കലാകാരനും നടനുമായ അബിയുടെ മകൻ ഷെയ്ൻ നിഗം പുതിയ കാലഘട്ടത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം, സൂപ്പർതാരമായ സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരും സിനിമയിൽ സജീവമാണ്. നടൻ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ സമീപകാലത്തെ മികച്ച സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ്.

മലയാളികളുടെ പ്രിയതാരം രതീഷിന്റെ മകൻ പത്മരാജ് രതീഷ്, മകൾ പാർവതി രതീഷ്, മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ്, സലിം കുമാറിന്റെ മകൻ ചന്തു സലിം എന്നിങ്ങനെ പോവുന്നു താരങ്ങളായി മാറിയ താരങ്ങളുടെ മക്കൾ. ഇവർക്ക് പുറമേ ഷമ്മി തിലകൻ, ഷോബി തിലകൻ (തിലകൻ), അഭിമന്യു തിലകൻ (ഷമ്മി തിലകൻ), മുരളി ഗോപി (ഭരത് ഗോപി), ഷഹീൻ സിദ്ദിഖ് (സിദ്ദിഖ്), ശ്രീജിത്ത് രവി (ടി.ജി. രവി), ബിനു പപ്പു (കുതിരവട്ടം പപ്പു) എന്നിവരും പിതാക്കന്മാരുടെ നിഴലിൽനിന്ന് പുറത്തുവന്ന് സ്വയം അടയാളപ്പെടുത്തിയ അഭിനേതാക്കളാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട സ്വഭാവ നടി കെ.പി.എ.സി. ലളിതയുടെയും മികച്ച സംവിധായകരിൽ ഒരാളായ ഭരതന്റേയും മകൻ സിദ്ധാർഥ് ഭരതൻ സംവിധാനത്തിന് പുറമേ അഭിനയത്തിലും സജീവം. തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകൾ ആൻ ബെൻ സംസ്ഥാന പുരസ്കാരം വരെ നേടി. ഒരുകാലത്ത് മലയാളത്തിൽ സൂപ്പർതാര സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ മികച്ച നായികാ വേഷങ്ങൾ ചെയ്തെങ്കിലും കുറച്ചുകാലമായി അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഒരുകാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന മേനകയുടെയും ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷ് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ്.

പ്രശസ്തരായ മാതാപിതാക്കളുടെ തണൽ ഇന്ന് വിജയിച്ച പല അഭിനേതാക്കൾക്കും സിനിമയിലേക്കുള്ള വഴി എളുപ്പമാക്കി എന്നത് വാസ്തവമാണ്. എന്നാൽ, മറ്റ് ഭാഷകളിൽനിന്ന് വ്യത്യസ്തമായി കുടുംബ മഹിമയുടെ പേരിൽ മാത്രം മലയാള പ്രേക്ഷകർ അഭിനേതാക്കളെ സ്വീകരിക്കാറില്ല. പ്രകടനത്തിലെ മികവ് തെളിയിച്ചവർക്ക് മാത്രമേ നിലനിൽക്കാൻ സാധിച്ചിട്ടുള്ളൂ എന്നതാണ് യാഥാർഥ്യം. മോഹൻലാലിന്റെ പാരമ്പര്യവും പേറിയാണ് വിസ്മയ സിനിമയിലേക്ക് ഇറങ്ങുന്നത്. ഒപ്പം നിൽക്കാൻ സ്വന്തം സന്നാഹങ്ങളുമുണ്ട്. എന്നാൽ, മോഹൻലാൽ തന്നെ പലകുറി വ്യക്തമാക്കിയതുപോലെ, ആദ്യ അവസരത്തിലും ശേഷവും സ്വയം അടയാളപ്പെടുത്തിയാൽ മാത്രമേ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ.