രാമായണം തിയേറ്ററുകളിലെത്തിയിരിക്കുന്നു. ഒരുപക്ഷേ ഇന്ത്യൻ സിനിമാ പ്രേക്ഷകർ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇത്ര പ്രതീക്ഷയോടെ ഒരു ചിത്രത്തിനുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ആ കാത്തിരിപ്പ് വിഫലമായില്ല എന്നാണ് നിതേഷ് തിവാരി ഒരുക്കിയ രാമായണ എന്ന ചിത്രം അടിവരയിടുന്നത്. വെള്ളിത്തിരയിലെ ഇതിഹാസം എന്നാണ് സിനിമയെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായി വിശേഷിപ്പിക്കാനാകുക.

To advertise here,

നമിത് മൽഹോത്ര നിർമ്മിച്ച് പുറത്തിറങ്ങിയ 'രാമായണം: പാർട്ട് വൺ' (Ramayana: Part One) ശ്രീരാമന്റെ ജീവിതത്തെയും ഭാരതീയ സംസ്കാരത്തെയും ആദരിക്കുന്ന അതിബൃഹത്തായ ഒരു ചലച്ചിത്രാനുഭവമാണ്. ഭാരതീയ ഇതിഹാസത്തിന്റെ മഹത്വവും ആഴവും ചോർന്നുപോകാതെ ബിഗ് സ്ക്രീനിലേക്ക് ആവാഹിക്കുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർ പൂർണമായും വിജയിച്ചിട്ടുണ്ട്.

അയോധ്യയിലെ രാജകുമാരനായ ശ്രീരാമന്റെ ബാല്യകാലത്തിലൂടെയും വിശ്വാമിത്ര മഹർഷിയോടൊപ്പമുള്ള യാത്രയിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. മിഥിലയിലെ സീതാസ്വയംവരത്തിൽ ശിവധനുസ്സ് ഭഞ്ജിച്ച് സീതയെ പരിണയിക്കുന്നതും തുടർന്ന് കൈകേയിയുടെ വരങ്ങൾ കാരണം പിതാവായ ദശരഥന്റെ വാക്ക് പാലിക്കാൻ രാമൻ 14 വർഷത്തെ വനവാസത്തിന് തിരിക്കുന്നതും ചിത്രത്തിൽ വൈകാരികമായി ചിത്രീകരിച്ചിരിക്കുന്നു. സീതയും ലക്ഷ്മണനും രാമനും ചേർന്നുള്ള വനവാസകാലം, ശൂർപ്പണഖയുമായുള്ള കൂടിക്കാഴ്ച, സ്വർണ്ണമാനിന്റെ രംഗം, രാവണന്റെ സീതാപഹരണം എന്നിവയിലൂടെ രണ്ടാം ഭാഗത്തിലെ വരാനിരിക്കുന്ന വലിയ യുദ്ധത്തിന് അടിത്തറയിടുകയാണ് ഒന്നാം ഭാഗം ചെയ്തിരിക്കുന്നത്.
രാമായണകഥയായതുകൊണ്ട് രാമനിൽനിന്ന് തുടങ്ങാമായിരുന്ന ചിത്രം രാവണനിലൂടെയാണ് ആരംഭം കുറിക്കുന്നത്. ദേവാസുരയുദ്ധത്തിനുശേഷം കൊടുംപട്ടിണിയിലാവുകയാണ് ലങ്ക. കൊടുംതപസ്സ് ചെയ്ത് ബ്രഹ്മാവിൽനിന്ന് അമരനാകാനുള്ള വരം നേടുകയാണ് ദശാനൻ. ദേവന്മാരെ ഒറ്റയ്ക്ക് എതിർത്ത് തോൽപിക്കുന്ന ദശാനൻ ലങ്കാധിപതിയായി മാറുകയാണ്. ഇതോടെ ലങ്ക വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്. ദശാനൻ രാവണനായും മാറുന്നു. ഒരു രാജ്യത്തെ തകർച്ചയിൽനിന്ന് വീണ്ടെടുത്ത് പ്രതാപത്തിലേക്ക് നയിക്കുന്ന ഭരണാധികാരിയായാണ് നിതേഷ് തിവാരി രാവണനെ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൃത്യമായ വേൾഡ് ബിൽഡിങ് ചിത്രത്തിന്റെ ആദ്യപകുതിയിൽ നടക്കുന്നുണ്ട്. ലങ്കാ രാജ്യത്തിന്റെ രണ്ട് മുഖങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.

രാവണന്റെ കരുത്ത് അതിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴാണ് ഇയാളെ എതിരിടാൻ ഒരാൾ വേണമെന്ന നിലയിൽ രാമനെ സ്ക്രീനിലെത്തിക്കുന്നത്. രാവണനിലേക്കുള്ള രാമന്റെ യാത്രയിലെ ഘട്ടങ്ങളായാണ് സീതയുമായുള്ള വിവാഹവും രാജ്യത്യാഗവും വനവാസവും സീതാപഹരണവും ജഡായുമരണവുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് പരിചിതമല്ലാത്ത സീതയെയാണ് നിതേഷ് തിവാരിയും സംഘവും കാണിച്ചുതരുന്നത്. സീതയെ ഒരു യോദ്ധാവായാണ് ചിത്രത്തിൽ കാണാനാകുക. ശ്രീരാമനും ലക്ഷ്മണനും ഒപ്പമോ അവർക്കും ഒരുപടി മേലെയോ എന്നുള്ള രീതിയിലാണ് സീതയിലെ യോദ്ധാവിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്രയും വലിയൊരു മഹാകാവ്യം ബിഗ് സ്ക്രീനിൽ എത്തിച്ചതിന് നിതേഷ് തിവാരി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. സിനിമയുടെ വിശദമായ വേൾഡ് ബിൽഡിങ് മുതൽ ഗംഭീരമായ ദൃശ്യാവതരണംവരെ ഓരോ ഫ്രെയ്മിനുപിന്നിലും വലിയ പരിശ്രമമുണ്ടെന്ന് വ്യക്തമാണ്. രാമായണത്തിന്റെ പ്രൗഢി ഉൾക്കൊള്ളുന്ന അയോധ്യയും മറ്റ് രാജ്യങ്ങളും കൊട്ടാരങ്ങളും ഉൾപ്പെടുന്ന രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് നവീനമായ അനുഭവം നൽകിയതിൽ പ്രൊഡക്ഷൻ ഡിസൈൻ വിഭാഗം പ്രത്യേക പരാമർശം അർഹിക്കുന്നു. ഡി.എൻ.ഇ.ജിയുടെ (DNEG) വിഷ്വൽ എഫക്റ്റുകൾ ചിത്രത്തിലെ ഇതിഹാസ നിമിഷങ്ങളെ കണ്ണിന് വിരുന്നാക്കുന്നുണ്ട്. ഇന്ത്യൻ കഥപറച്ചിലിനെ ആഗോള സിനിമാ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ചിത്രമെന്ന് പറയുന്നത് വെറുതേയല്ല.

മഹാകാവ്യത്തിന്റെയും അതിന്റെ കാലാതീതമായ മൂല്യങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങൾ. ധർമം, ത്യാഗം, ഭക്തി, നീതിബോധം എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ കഥാപാത്രങ്ങൾക്കും അവരുടെ യാത്രകൾക്കും വൈകാരിക ആഴം നൽകുന്നു. രാമായണം കേട്ടുവളർന്ന പ്രേക്ഷകർക്കും, സ്ക്രീനിൽ അത് പുതിയതായി കണ്ടെത്തുന്ന പുതുതലമുറയ്ക്കും ഒരുപോലെ കണക്റ്റ് ആകുന്ന രീതിയിലാണ് നിതേഷ് തിവാരിയും സംഘവും രാമായണ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്. ശ്രീരാമനായി എത്തിയ രൺബീർ കപൂർ കഥാപാത്രത്തിന്റെ ഗാംഭീര്യം മികവോടെ അവതരിപ്പിച്ചു. രാവണനായി തിളങ്ങുന്നുണ്ട് യഷ്. ഭാവിയിൽ രാവണന്റെ രൂപം പ്രേക്ഷകർ മനസിൽ കാണുക യഷിലൂടെയായിരിക്കും എന്നുപറഞ്ഞാലും അതിശയോക്തിയാകില്ല. സീതയായി ഇനി സായ് പല്ലവിയുടെ മുഖം മാത്രമേ ഓർമയിലേക്ക് വരൂ. ലക്ഷ്മണനായി രവി ദുബെയും ദശരഥനായി അരുൺ ഗോവിലും മികച്ച പിന്തുണ നൽകി. അസുരമാതാവ് കൈകസിയായി ശോഭനയും ശൂർപ്പണഖയായി രാകുൽ പ്രീതും മണ്ഡോദരിയായി കാജൽ അഗർവാളും കൈകേയിയായി ലാറ ദത്തയും മികച്ച പ്രകടനം പുറത്തെടുത്തു. ശൂർപ്പണഖയുടെ ഭർത്താവായ വിദ്യുത്ജീവയായെത്തിയത് വിവേക് ഒബ്രോയിയാണ്. മേഘനാദനായി രാഘവ് ജുയലും കുംഭകർണനായി ഫൈസൽ അലിയും മാരീചനായി സൗരഭ് സച്ദേവും വേഷമിട്ടു. ജഡായുവിന് ജീവൻ പകർന്നത് അനുപം ഖേറാണ്. ഹനുമാൻ സണ്ണി ഡിയോളും. ദേവേന്ദ്രൻ കുനാൽ കപൂറും.

എ.ആർ. റഹ്മാൻ, ഹാൻസ് സിമ്മർ എന്നിവരുടെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. സംസ്കാരവും പുരാണവും മികച്ച സാങ്കേതികവിദ്യയും സമന്വയിപ്പിച്ച ഈ ചിത്രം വലിയ സ്ക്രീനിൽ തന്നെ അനുഭവിച്ചറിയേണ്ട ഒന്നാണ്.