ആദ്യം ചെറിയൊരു ചിരി. പിന്നെ പൊട്ടിച്ചിരി. അത് വീണ്ടും കൂട്ടച്ചിരിയായി പരിണമിക്കുന്നു. നവാഗതനായ പ്രനീഷ് വിജയൻ രചിച്ച് സംവിധാനം ചെയ്ത ദി പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഒട്ടേറെ ഡിറ്റക്ടീവ് ചിത്രങ്ങൾ വരികയും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്ത മലയാള സിനിമയിൽ നീണ്ട ഇടവേളയ്ക്കുശേഷം അടിമുടി തമാശയിൽ പൊതിഞ്ഞുകൊണ്ട്, അതേസമയം ത്രില്ലടിപ്പിച്ചുകൊണ്ടാണ് പെറ്റ് ഡിറ്റക്ടീവ് എത്തിയിരിക്കുന്നത്. തമാശയും സാഹസികതയും നിറഞ്ഞ സന്ദർഭങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ജയ് വിഷ്ണുവാണ് സഹരചയിതാവ്.

To advertise here,

പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ടോണി ജോസ് അലൂലയ്ക്ക് മുന്നിലേക്ക് അവിചാരിതമായി ഒരു കേസെത്തുന്നു. അതിനുപിന്നാലെ ടോണി നടത്തുന്ന അന്വേഷണങ്ങളും അതിനിടെ അയാൾ നേരിടുന്ന അസാധാരണ സംഭവവികാസങ്ങളുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ പ്രനീഷ് വിജയനും സംഘവും അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും തമാശകളും സമാസമം നിറഞ്ഞ ചെയിൻ കോമഡി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ട് കുറച്ചുകാലമായി. അത്തരം ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന, അത്തരം ചിത്രങ്ങൾ വരുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന പ്രേക്ഷകർക്ക് അക്ഷരാർത്ഥത്തിൽ വിരുന്നാണ് ദി പെറ്റ് ഡിറ്റക്ടീവ്.

സിനിമ തുടങ്ങി പത്ത് മിനിറ്റിനുള്ളിൽത്തന്നെ ആദ്യ ചിരി വീഴുന്നുണ്ട്. പിന്നീട് ഓരോ കഥാപാത്രങ്ങളിലൂടെ പല അളവിൽ ചിരി വികസിക്കുകയാണ്. ചിരി വീഴുന്നില്ലല്ലോ എന്ന് പ്രേക്ഷകന് ചിന്തിക്കാൻ അവസരം നൽകാത്ത രീതിയിൽ ചിരി വീഴുന്നുണ്ട് തിയേറ്ററിൽ. കൃത്യമായ ഇടവേളകളിൽ ത്രില്ലും സസ്പെൻസും ട്വിസ്റ്റുകളും സർപ്രൈസുകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ 'പെറ്റ് ഡിറ്റക്ടീവ്' ടീം വിജയിച്ചിട്ടുണ്ട്. ഡിറ്റക്ടീവ് ചിത്രം എന്നുകേൾക്കുമ്പോൾ അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് വരുന്ന ചില സംഗതികളുണ്ട്. കാലത്തിനനുസൃതമായ രീതിയിൽ അവയെല്ലാം കൃത്യമായി ഒരുക്കിയിട്ടുണ്ട് അണിയറ പ്രവർത്തകർ.

സിനിമയിലെ ഓരോ കഥാപാത്രത്തിനും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ടോണി അലൂല എന്ന പെറ്റ് ഡിറ്റക്ടീവായി എത്തുന്നത് ഷറഫുദ്ദീനാണ്. ചിരിപ്പിക്കുന്നതിലും സംഘട്ടനരംഗങ്ങൾ കൈകാര്യം ചെയ്യുന്നതിലും താരം ഒരുപോലെ മികവുപുലർത്തിയിരിക്കുന്നു. മലയാളത്തിൽ ആക്ഷൻ-കോമഡി ചിത്രങ്ങൾ ചെയ്യാൻ ഇനി സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ആദ്യ ഓപ്ഷനായി ഷറഫുദ്ദീനെ ആലോചിക്കാവുന്നതാണ്. അനുപമ പരമേശ്വരന്റെ നായിക കഥാപാത്രവും വ്യത്യസ്തമായിരുന്നു.
വിജയരാഘവൻ അവതരിപ്പിച്ച ദിൽരാജ്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണെന്ന് നിസ്സംശയം പറയാം. മാസ് മാത്രമല്ല, കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിക്കുന്നുണ്ട് രൺജി പണിക്കരുടെ അലൂല എന്ന കഥാപാത്രം. വിനയ്ഫോർട്ട്, ജോമോൻ ജ്യോതിർ, വിനായകൻ, നിഷാന്ത് സാഗർ, ഷോബി തിലകൻ എന്നിവരും പൊട്ടിച്ചിരിപ്പിക്കുന്നതിൽ ഒട്ടും മോശമാക്കിയില്ല. ഭഗത് മാനുവൽ, സഞ്ജു, നിലീൻ സാന്ദ്ര എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും രാജേഷ് മുരുകേശന്റെ സംഗീതവിഭാഗവും കയ്യടിയർഹിക്കുന്നുണ്ട്. അഭിനവ് സുന്ദർ നായകിന്റെ എഡിറ്റിംഗും കലൈ കിംഗ്സൺ ഒരുക്കിയ സംഘട്ടനരംഗങ്ങളും മികച്ചുനിന്നു. ഇതിൽ ഒരു ചെയിൻ കോമഡി ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിൽ കലൈ കിംഗ്സൺ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ത്രില്ലടിപ്പിക്കുകയും എല്ലാം മറന്ന് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ചിത്രം കാണാനാണ് നിങ്ങൾ തയ്യാറെടുക്കുന്നതെങ്കിൽ പെറ്റ് ഡിറ്റക്ടീവിന് ടിക്കെറ്റടുക്കാം. ത്രില്ലിങ്ങാണ് ദി പെറ്റ് ഡിറ്റക്ടീവ്.