ടക്കന്‍ കേരളത്തിലെ ഗ്രാമീണജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യവും തിറയുമെല്ലാം. അവ കെട്ടിയാടുന്ന നാട്ടിന്‍പുറങ്ങളും സമൃദ്ധമായ കാര്‍ഷികസംസ്‌കാരവും തനിമയും സ്‌ക്രീനില്‍ നിറഞ്ഞാല്‍ ഗൃഹാതുരതയിലേക്ക് തോണി തുഴഞ്ഞിറങ്ങുന്നവരാണ് മലയാളികള്‍. ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും അവരുടെ വിശ്വാസവും ആചാരവുമെല്ലാം പരിചയപ്പെടുത്തി, ഹൃദ്യമായ കാഴ്ചാനുഭവം നല്‍കികൊണ്ട് ഗൗരവമേറിയ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് 'പുള്ള്'. ഫസ്റ്റ് ക്ലാപ്പിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം റിയാസ് റാസ്, പ്രവീണ്‍ കേളിക്കോടന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഗ്രാമീണജീവിതത്തിന്റെ സ്പന്ദനത്തെ സസൂക്ഷ്മം ഫ്രെയിമിലാക്കികൊണ്ടാണ് 'പുള്ള്' ശബ്ദിക്കുന്നത്. 

To advertise here,

ഒരു നാടിന്റെ വേരുറപ്പുള്ള വിശ്വാസമത്രയും ദൈവക്കോലം കെട്ടുന്ന ദേവമ്മയിലാണ്. നാട്ടുകാര്‍ ദൈവത്തോട് സംവദിക്കുന്നതും അനുഗ്രഹം വാങ്ങുന്നതും അവളിലൂടെതന്നെ. 'ബാഹ്യദൃഷ്ടിയില്‍ മാത്രം കാര്യങ്ങള്‍ കാണുന്ന തന്റെ പൈതങ്ങള്‍ക്ക് ദര്‍ശിക്കാന്‍' രൂപം തേടിനടക്കുന്ന ദൈവം യുവതിയായ സുനന്ദയെ അതിനുള്ള രൂപമായി തിരഞ്ഞെടുക്കുന്നു. ദരിദ്രമായ ചുറ്റുപാടിലാണെങ്കിലും വീടിനും ഉറ്റവര്‍ക്കും താങ്ങായി ജീവിക്കുന്ന സുനന്ദ, അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ വന്ന നിയോഗത്തെയോര്‍ത്ത് തളര്‍ന്നുപോകുന്നു. രക്തബന്ധവും സൗഹൃദവും പ്രണയവുമെല്ലാം അവള്‍ക്ക് ഉപേക്ഷിക്കേണ്ടി വരികയാണ്. തന്റെ ജീവിതത്തിത്തിനുമേല്‍ വന്നുവീണ ചുവന്ന പട്ടിനെ പിന്നീടവള്‍ സ്വീകരിക്കുന്നു. താന്‍ ദേവമ്മയാണെന്ന യാഥാര്‍ഥ്യത്തിലേക്ക്, നാടിന്റെ ദൈവപുത്രിയായി അവള്‍ മാറുകയാണ്. 

പട്ടണത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്ന, കുടുംബത്തിന്റെ ഉത്തരവാദിത്തം പേറുന്ന ഒരു നാട്ടിന്‍പുറത്തുകാരിയില്‍നിന്നും മഹാവ്യാധികളില്‍നിന്നടക്കം നാടിനെ രക്ഷിക്കുന്ന ദേവമ്മയായി പരിണമിക്കുന്ന നായികാകഥാപാത്രത്തെ അനശ്വരമാക്കിയത് റീന മരിയയാണ്. രണ്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിന്റെ വൈകാരികഭാവങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ അഭിനേത്രിക്കായിട്ടുണ്ട്. 

'നാട്ടില്‍ മഴപെയ്ത് ജലസമൃദ്ധിയുണ്ടാകണമെങ്കില്‍ നാട്ടുപ്രമാണിമാരായ കുറുപ്പന്മാരില്‍നിന്നും ഉടവാള്‍ കൈമാറി ദേവമ്മ തിറയാടണ'മെന്ന  വിശ്വാസത്തെ ഉള്ളിലേറ്റുന്നവരാണ് കഥയിലെ ഗ്രാമീണര്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിലൂടെ പ്രകൃതിക്കും ഒപ്പം അവരുടെ വിശ്വാസത്തിനും ആചാരത്തിനുമെല്ലാം താളഭംഗം സംഭവിക്കുന്നു. ദേശാടനപക്ഷിയായ 'പുള്ളി'ന്റെ വരവുണ്ടെങ്കിലേ നാട്ടില്‍ ഉത്സവമുള്ളൂവെന്നും എങ്കിലേ മഴ പെയ്യൂ' എന്നും വിശ്വസിച്ചുപോന്ന ജനങ്ങളെ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ദേവമ്മ അതില്‍ പരാജയപ്പെടുകയാണ്‌. മയിലും മണ്ണിരയും പാമ്പുമെല്ലാം പാര്‍പ്പിടം വിട്ടിറങ്ങുമെന്ന പ്രവചനം ദേവമ്മയില്‍നിന്നല്ല, വിദ്യാഭ്യാസം നേടിയ സുനന്ദയില്‍നിന്നുമാണ് വരുന്നത്. ഔഷധസസ്യങ്ങള്‍ ദുര്‍ലഭമായതും കുടിനീര്‍ വറ്റുന്നതും പുള്ള് വരാത്തതും മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങള്‍കൊണ്ടാണെന്ന് അവള്‍ക്കറിയാം. 

placeholder
    'പുള്ളി'ല്‍ ദേവമ്മയായി വേഷമിട്ട റീന മരിയ | ഫോട്ടോ: പ്രയാണ്‍

പ്രകൃതിയുമായി ഇഴകിച്ചേര്‍ന്ന വിശ്വാസരീതികള്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടിതന്നെയാണെന്ന യുക്തിയെ ഉള്‍ക്കൊള്ളാനാകാതെ നാട്ടിലെ ജനങ്ങള്‍ 'ദൈവരൂപ'മായ ദേവമ്മയെ പഴിക്കുകയാണ്. നാടിന്റെ നേരേപോക്കിനും ഐശ്വര്യത്തിനും കാരണമായിരുന്ന ദേവമ്മക്ക് നേരെയല്ല, പിന്നീട് വന്ന ദോഷങ്ങളെല്ലാം 'പെണ്ണിന്' നേര്‍ക്കുള്ളതായിരുന്നു. പ്രാര്‍ഥിക്കാന്‍ കണ്ണടയ്ക്കുന്നവര്‍ അവനവന്റെയുളളിലേയ്ക്ക് തന്നെയാണെന്ന് നോക്കുന്നതെന്ന് ചിത്രത്തിലെ ദൈവംതന്നെ പറയുന്നുണ്ട്. 'മനുഷ്യനായിട്ടുണ്ടാക്കിയതിനെ അവന്‍തന്നെ ചേദ്യംചെയ്യുന്നു, അതല്ലേ സത്യം? എന്ന് 'ദൈവവചന'ത്തിലൂടെ 'പുള്ള്' ഒച്ചത്തില്‍ ചോദിക്കുന്നുണ്ട്‌. അതു തന്നെയാണ് ചിത്രത്തിന്റെ രാഷ്ട്രീയവും. കലാമൂല്യം ചോര്‍ന്നുപോകാതെ, പ്രതിപാദ്യവിഷയത്തോട് ചിത്രം അങ്ങനെ നീതിപുലര്‍ത്തുകയും ചെയ്യുന്നു. 

സ്‌നേഹബന്ധങ്ങളെ 'പുള്ള്' വേറിട്ട് നിര്‍ത്തുന്നില്ല. ദേവമ്മയാകുന്നതിനു മുമ്പേ മകളും സഹോദരിയും കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന സുനന്ദയെ ചിത്രത്തില്‍ കാണാം. സിനിമയുടെ ആരംഭത്തില്‍ കാണുന്ന ഭയം നിറഞ്ഞ മുഖമല്ല സുനന്ദയുടേതെന്ന് ചിത്രം കാണുമ്പോള്‍ പ്രേക്ഷകന് ബോധ്യമാകുന്നു. വൈകാരിക പ്രതിസന്ധികള്‍ക്കും ഭയത്തിനുമിടയ്ക്ക് നില്‍ക്കുമ്പോഴും 'ദൈവ'ത്തോടായാലും ചോദ്യം ചോദിക്കാന്‍ അവള്‍ ധൈര്യപ്പെടുന്നു. 'ചെടികള്‍ മുച്ചൂടും പിഴുത് കൊണ്ടുവരല്ലേ നീലീ' എന്നവള്‍ പറയുമ്പോള്‍ ഡോ. സാലിം അലിയിലും പ്രകൃതിയിലും തല്‍പരയായൊരു സുനന്ദയെ കാണാം. 

ഫസ്റ്റ്ക്ലാപ് കൂട്ടായ്മയിലൂടെ സിനിമയുടെ സമസ്തമേഖലകളില്‍ പരിശീലനം നേടിയ കലാകാരന്‍മാരാണ് ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും അണിനിരന്നിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'പുള്ള്' മുന്നോട്ട് വെക്കുന്ന വിഷയം വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഭാഷാശൈലിയില്‍ തനിഗ്രാമീണമാണ് കഥാപാത്രങ്ങളുടെ സ്വഭാവവും ഭാഷയും സംസ്‌കാരവുമെല്ലാം. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷബിതയുടേതാണ് 'പുള്ളി'ന്റെ കഥ. വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നു. 

placeholder
'പുള്ള്' ചിത്രത്തില്‍ നിന്ന് | ഫോട്ടോ: പ്രയാണ്‍

കേരളത്തിലെ നാട്ടുമഹിമയും ആചാരവിശ്വാസങ്ങളും കഥയില്‍വരുന്നുണ്ടെങ്കിലും പ്രകൃതിസംരക്ഷണവും ശാസ്ത്രവും യുക്തിയുംതന്നെയാണ് അവിടെ മുന്നിട്ടുനില്‍ക്കുന്നത്. ഒട്ടും വിരസത തോന്നാത്തവിധം പുള്ളുവന്‍പാട്ടും നാടന്‍ പാട്ടുകളുമെല്ലാം അവസരോചിതമായി സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായും കാണാം. കാലാവസ്ഥാവ്യതിയാനം താളംതെറ്റിക്കുന്ന നാടിന്റെയൊഴുക്കിനെ കുറിച്ച് ബോധ്യപ്പെടുത്താന്‍ 'പുള്ളി'ന് കഴിയുമെന്നുറപ്പാണ്. വിശ്വാസത്തിനും ശാസ്ത്രത്തിനുമിടയിലെ അന്തരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രം പ്രേക്ഷകരുടെ ഉള്ള് തുറപ്പിക്കുന്നു.