ജയിലും ജയിലിനകത്തെ തടവുകാരുടെ ജീവിതവും പറയുന്ന ചിത്രങ്ങൾ എന്നും മലയാളസിനിമാപ്രേമികൾക്ക് ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കഥയിലെ പ്രധാനകഥാപാത്രങ്ങൾ ജയിലിൽ നിന്ന് വരുന്നതോ അല്ലെങ്കിൽ ജയിലിന്റെ പശ്ചാത്തലത്തിലോ ഉള്ള ചിത്രങ്ങൾക്ക് എന്നും ഒരു പ്രത്യേക ഫാൻ ബേസുണ്ട്. അക്കൂട്ടത്തിലേക്കാണ് ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പുള്ളി' എന്ന ചിത്രമെത്തുന്നത്.
മലയാളത്തിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ജയിൽ ബ്രേക്കിങ്ങാണ് ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം. അതിനൊപ്പം സമാന്തരമായി ജയിലിനുള്ളിലെ കാഴ്ചകളിലേക്കും ചിത്രം സഞ്ചരിക്കുന്നുണ്ട്. ചിത്രത്തിന്റെ തൊണ്ണൂറുശതമാനവും നടക്കുന്നത് ജയിലിന്റെ മതിൽക്കെട്ടിനകത്താണ്. പുറംകാഴ്ചകളിലേക്ക് പോകുന്നത് വളരെ കുറച്ച് സമയങ്ങൾ മാത്രം. സാധാരണഗതിയിൽ ജയിൽ ബ്രേക്കിങ് എന്നുകേൾക്കുമ്പോൾ മനസിലേക്ക് വരുന്ന അത്യന്തം സാഹസികത നിറഞ്ഞ രംഗങ്ങളിലേക്കല്ല പുള്ളി കൺ തുറക്കുന്നത്. പകരം ജയിൽ ചാടുന്നയാളിനെ പരിചയപ്പെടുത്തിയശേഷം അയാളുടെ ജീവിതം കാണിച്ചശേഷം ജയിൽ ബ്രേക്കിങ്ങിലേക്ക് പോകുന്ന രീതിയിലാണ് ചിത്രത്തിന്റെ പോക്ക്.
ഇവിടേയും സംവിധായകൻ സാഹസികത വിട്ടുപിടിക്കുന്നുണ്ട്. ജയിൽചാട്ടത്തിന്റെ ദൃശ്യങ്ങൾ നേരിട്ടുകാണിക്കാതെ നടന്ന സംഭവമെന്താണെന്ന് മറ്റുകഥാപാത്രങ്ങളിലൂടെ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. ഇവിടേയും നായകന്റെ പശ്ചാത്തലത്തെ ചുറ്റിപ്പറ്റിത്തന്നെയാണ് കഥ മുന്നോട്ടുപോകുന്നത്. ഈ പശ്ചാത്തലവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും സഹ കഥാപാത്രങ്ങളുടെ ഇടപെടലുകളുമെല്ലാമാണ് 'പുള്ളി'യെ ത്രില്ലടപ്പിക്കുന്ന ദൃശ്യാനുഭവമാക്കുന്നത്. പതിയെ തുടങ്ങുകയും കഥയും സന്ദർഭവും ആവശ്യപ്പെടുന്ന രീതിയിൽ താളം ക്രമീകരിക്കുകയുമാണ് ചിത്രം ചെയ്യുന്നത്.
സ്റ്റീഫൻ എന്ന ജയിൽപ്പുള്ളിയായി ദേവ് മോഹൻ എത്തുന്നു. മാസ് ആക്ഷൻ ഹീറോയിലേക്കുള്ള ദേവിന്റെ ചവിട്ടുപടികൂടിയാണ് 'പുള്ളി'. കഥ ഒരിടത്തുപോലും ഈ കഥാപാത്രത്തിൽ നിന്ന് മാറി സഞ്ചരിക്കുന്നില്ല. പൂർണമായും സ്റ്റീഫനിലൂടെയാണ് കഥ മുന്നോട്ടുസഞ്ചരിക്കുന്നത്. സ്റ്റീഫൻ എന്തിനാണ്? എങ്ങനെയാണ് ജയിൽപ്പുള്ളിയായത് എന്നാണ് 'പുള്ളി' പറയുന്നത്. അതുതന്നെയാണ് ചിത്രത്തിലെ സസ്പെൻസും. സെന്തിൽ, ഇന്ദ്രൻസ്, മീനാക്ഷി, കലാഭവൻ ഷാജോൺ, രാജേഷ് ശർമ, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സുധി കൊപ്പ, വിജയകുമാർ തുടങ്ങി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം മികച്ച പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്.
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിനുശേഷം ജിജു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് 'പുള്ളി'. ഉറുമ്പുകൾ ഉറങ്ങാറില്ല-യിൽ ഇടയ്ക്ക് പശ്ചാത്തലമായി ജയിൽ വരുന്നുണ്ടെങ്കിലും പൂർണമായ തോതിലില്ല. പൂർണമായും ജയിലിന്റെ പശ്ചാത്തലത്തിൽ വൈകാരികതയ്ക്ക് പ്രാധാന്യംകൊടുത്തുകൊണ്ട് നിർമിച്ച ചിത്രമെന്ന നിലയിൽ 'പുള്ളി' പ്രേക്ഷകനെ തൃപ്തിപ്പെടുത്തും. വ്യത്യസ്തമായ നിരവധി പോലീസ് കഥകളിറങ്ങുന്ന മലയാള സിനിമയിൽ തീർത്തും വ്യത്യസ്ത നിറഞ്ഞ ശ്രമം എന്നനിലയിൽ 'പുള്ളി' നിറഞ്ഞ കയ്യടിയർഹിക്കുന്ന ചിത്രമാണ്.
Content Highlights: Pulli Review, malayalam movie, kalabhavan shajon, dev mohan, jiju ashokan
Published: 08 Dec 2023, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented