കടലോര പ്രദേശങ്ങളിലെ കേന്ദ്രീകരിച്ച നടക്കുന്ന ക്വട്ടേഷൻ സംഘങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'പന്ത്രണ്ട്'. വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിയോ തദേവൂസാണ്. വാണിജ്യ ചേരുവയെക്കാള്‍ സാമൂഹിക പ്രസക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തന്റെ സ്ഥിരം ശൈലിയാണ് തദേവൂസ്‌ ഇവിടെയും അവലംബിച്ചിരിക്കുന്നത്. മുന്‍കാല ചിത്രങ്ങളെ പോലെ തന്നെ  നന്മയുടെ ഒരു അംശം കൂട്ടിച്ചേര്‍ക്കുന്നു ലിയോ തദേവൂസ്‌.

To advertise here,

ക്വട്ടേഷന്‍ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ വയലന്‍സ് രംഗങ്ങള്‍ പരമാവധി വെട്ടി ചുരുക്കിയിട്ടുണ്ട്. സിനിമയുടെ തുടക്കം മുതലുള്ള ആവേശം അവസാനം വരെ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചുവെന്നതാണ് ഹൈലൈറ്റ്. ത്രില്ലര്‍ മൂഡിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ വില്ലന്മാരില്ലെന്ന പ്രത്യേകത കൂടിയുണ്ട്.

മിസ്റ്റിക്ക് ആക്ഷന്‍ ഡ്രാമ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന  ആഖ്യാന ശൈലി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം  അതിന്റെ വേറിട്ട ക്ലൈമാക്‌സ് കൊണ്ടും ഞെട്ടിക്കുന്നുണ്ട്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അന്ത്രോച്ചന്‍, പത്രോസ് എന്നിവരുടെ ജീവിതത്തിലേക്ക് ഇമ്മാനുവല്‍ എന്ന യുവാവിന്റെ കടന്നു വരവോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥാപശ്ചാത്തലം. 

കഥ ആവശ്യപ്പെടുന്നത് കൊണ്ടു തന്നെ മെല്ലെയാണ് ചിത്രത്തിന്റെ ഒഴുക്കെങ്കിലും ദൃശ്യങ്ങളുടെ ഭംഗി, കരുത്തുറ്റ തിരക്കഥ എന്നിവയെല്ലാം ആസ്വാദനത്തിന്  മിഴിവേകുന്നുണ്ട്‌. ദുരൂഹത ഒളിപ്പിച്ചെത്തുന്ന കഥാപാത്രങ്ങള്‍ അവസാനം വരെ ദുരൂഹമായി തുടരുന്നു.

അടുത്തക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നും വേറിട്ട ഒരു കഥാതന്തു കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ നാഗര്‍കോവില്‍, കൊച്ചി എന്നിവിടങ്ങളാണ്‌.  ദേവ് മോഹന്‍, ശ്രിന്ദ എന്നിവര്‍ വേഷമിടുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ലാലും എത്തുന്നു. തിന്മയ്ക്ക് മുകളില്‍ നന്മയാണ് എപ്പോഴും വിജയിക്കുക എന്ന ശക്തമായ സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്. സ്‌കൈപാസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ്  നിര്‍മാണം.