
ഇടതടവില്ലാതെ ഓടുന്ന സ്ത്രീ,കുട്ടികള്‍ക്കായി-കുടുംബത്തിനായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരുവള്‍,സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ അവളില്‍ തീ നിറയ്ക്കുന്നു.'സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍'- എന്ന സുഭാഷ് ചന്ദ്രന്റെ സമുദ്രശില നോവലിലെ വാചകം ഓര്‍മ്മിപ്പിക്കുന്നു ഒരുത്തിസിനിമയും അതിലെ രാധാമണിയെന്ന കഥാപാത്രവും.
പത്തുവര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് നവ്യാനായരുടെ തിരിച്ചുവരവ് ശക്തമായൊരു കഥാപാത്രത്തിലൂടെയാണ്.പ്രകടനത്തില്‍ പുതിയൊരു നവ്യനായരെയാണ് നാം കാണുന്നത്.
ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച്,ജോലി എടുത്ത്,കുടുംബം നോക്കുന്ന,അന്യനാട്ടില്‍ കഴിയുന്ന ഭര്‍ത്താവിനോട് പരിഭവം കലര്‍ന്ന സ്‌നേഹത്തോടെ സംസാരിക്കുന്ന രാധാമണിയുടെ മൂന്ന് ദിവസത്തെ ജീവിതമാണ് വി. കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി സിനിമ പറയുന്നത്.
സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി എത്തുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുന്ന സ്ത്രീയുടെ വികാരവിചാരങ്ങളെ അതിനാടകീയതയില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് നവ്യയുടെ വിജയം. ചുണ്ടില്‍ പുഞ്ചിരി നിറച്ച വലിയൊരു സംഘത്തിനൊപ്പം പാട്ടുപാടി തിരുവാതിര കളിക്കുന്ന രാധാമണിയും, പ്രതിസന്ധികളില്‍ തകര്‍ന്ന് വരികള്‍ മറന്ന്, ചുവടുകള്‍ പാതിയില്‍മുറിഞ്ഞ,കളി നിര്‍ത്തി ഇറങ്ങിപോകേണ്ടിവന്നവളേയും അവര്‍ ഭംഗിയാക്കി.
ഒരിടവേളയ്ക്ക് ശേഷം നായികാപ്രാധാന്യമുള്ള ഒരു സിനിമ വീണ്ടും തിയറ്ററിലെത്തി എന്നതില്‍ മലയാള സിനിമക്കും അഭിമാനിക്കാം.എതിരാളിക്കുപുറകെ സ്‌കൂട്ടറുമായി കുതിക്കുന്ന, മകന്റെ കൈപിടിച്ച് കള്ളനു പിറകെ ഓടുന്ന, മെറ്റല്‍കൂനയിലൂടെയും ചളിവെള്ളത്തിലൂടെയും ലക്ഷ്യം തെറ്റാതെ മുന്നോട്ടുപോകുന്ന നായിക സിനിമയുടെ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നു.വിനായകന്റെ പോലീസ്‌വേഷമാണ് സിനിമയിലെ മറ്റൊരു ഹൈലൈറ്റ്.അവസാനം വരെ പ്രേക്ഷകന് പിടിതരാതെ പോകുന്ന കഥാപാത്രത്തിനായി വിനായകനെ തന്നെ തിരഞ്ഞെടുത്തത് അണിയറപ്രവര്‍ത്തകരുടെ വിജയമാണ്. കഥ കൊണ്ടും,കഥാപാത്രങ്ങളുടെ ഇഴയടുപ്പം കൊണ്ടും ഒരുത്തി കേരള സമൂഹവുമായി ചേര്‍ന്നു നില്‍ക്കുന്നു. നിത്യജീവിതത്തില്‍ നമ്മള്‍ കണ്ടതും കേട്ടതുമായ ചില സംഭവങ്ങളെ സിനിമയ്ക്കായി അടുക്കുംചിട്ടയോടും അവതരിപ്പിച്ചിരിക്കുകയാണ് രചയിതാവ് എസ് സുരേഷ് ബാബു. സ്ത്രീയുടെ പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രം എന്നതിലുപരി ഒരുത്തി വലിയൊരു സാമൂഹികവിഷയം കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ ചര്‍ച്ചക്കായി തുറന്നു വയ്ക്കുന്നുണ്ട്. പണവും അധികാരവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചേരിതിരിവുകള്‍ കഥയുടെ നിഴലായി കാണാം. ഇത്തരമാരു സിനിമ തീയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ബെന്‍സി പ്രൊഡക്ഷന്‍സ് എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണ്
Content Highlights: Oruthee Review, Navya Nair, VK Prakash, Saiju Kurup, Vinayakan
Published: 20 Mar 2022, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented