കല്പറ്റ: ''എല്ലാര്‍ക്കും എന്റേതൊരു പരിചിതമുഖമാണ്, പക്ഷേ ആര്‍ക്കും ഓര്‍മ്മ കാണില്ല, ആ 'ഒരുത്തീ'യാണ് ഞാന്‍'' -ചിരി തൂകി കല്പറ്റ നഗരസഭ 12-ാം വാര്‍ഡ് എമിലിത്തടത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സൗമ്യ പറയുമ്പോള്‍ നമ്മളും ആലോചിക്കും ആരാണിതെന്ന്. അല്പം പുറകോട്ടുപോകണം; കഴുത്തിലെ മാല തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന കള്ളന്മാരെ പിന്നാലെ പാഞ്ഞ് സ്വര്‍ണം തിരിച്ചെടുത്ത ധൈര്യശാലിയെ ഓര്‍മ്മയുണ്ടോ?. മറക്കാനിടയില്ല, ആ കഥ ലോകം മുഴുവന്‍ 'ഒരുത്തീ' എന്ന നവ്യാ നായര്‍ സിനിമയിലൂടെ സഞ്ചരിച്ചു കഴിഞ്ഞല്ലോ.

To advertise here,

മാല പൊട്ടിച്ചോടിയ കള്ളന്മാരെക്കൊണ്ട് ചേച്ചി സൂപ്പറാണെന്ന് പറയിപ്പിച്ചത് മാത്രമല്ല, മീ ടൂ വിഷയത്തില്‍ നടന്‍ വിനായകന്റെ നിലപാട് തെറ്റാണെന്ന് തുറന്നു പറയാന്‍ മടി കാണിക്കാത്ത 'ആ ഒരുത്തീയാണ്' സൗമ്യ. സൗമ്യയുടെ ജീവിതത്തില്‍ ഒരു വൈകുന്നേരം ഇടിച്ചുകയറിവന്ന ഒരുപിടി സംഭവങ്ങളാണ്, സംവിധായകന്‍ വി.കെ. പ്രകാശിന്റെ 'ഒരുത്തീ' എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

സിപിഐയുടെ ജില്ലയിലെ പ്രധാന യുവ നേതാക്കളിലൊരാളാണ് സൗമ്യ. കൊല്ലം കല്ലുകടവ് സ്വദേശിയായ സൗമ്യ, ഭര്‍ത്താവ് ഷൈജുവിന് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ 2017-ലാണ് വയനാട്ടിലെത്തിയത്.