
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ആക്ഷൻ സിനിമകൾക്ക് യാതൊരു പഞ്ഞവുമില്ല. ചേരികളും പോലീസ് ഇടനാഴികളും സ്വദേശവും വിദേശവും എന്നുവേണ്ട പലതരം പശ്ചാത്തലത്തിൽ ആക്ഷൻ സിനിമകൾ വന്നിരിക്കുന്നു. അക്കൂട്ടത്തിലേക്ക് പരീക്ഷണാത്മകമായ ഒരു ആക്ഷൻ ചിത്രവുമായി എത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. മർഫി ദേവസി എന്ന നവാഗത സംവിധായകനൊരുക്കിയ നല്ല നിലാവുള്ള രാത്രി മലയാള ആക്ഷൻ സിനിമകളിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സമീപനമാണ്.
ഒരുമിച്ച് പഠിച്ച ആറ് സുഹൃത്തുക്കളും അവർക്കൊപ്പം ചേരുന്ന രണ്ടുപേരുമാണ് നല്ല നിലാവുള്ള രാത്രിയിലെ പ്രധാനകഥാപാത്രങ്ങൾ. ഇവർ ഒരുമിച്ചാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു പ്രത്യേക ഉദ്ദേശത്തിൽ ഇവർ എട്ടുപേരും കർണാടകയിലെ ഷിമോഗയിലുള്ള കാടിന് നടുവിലെ ബംഗ്ലാവിൽ ഒത്തുചേരുന്നു. എന്നാൽ അന്ന് രാത്രി അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളായിരുന്നു. പുറമേ നിന്ന് നോക്കിയാൽ ഇത്രയുമാണ് നല്ല നിലാവുള്ള രാത്രി. എന്നാൽ ഈ രണ്ടുവരിയിൽ ഒതുങ്ങിനിൽക്കുന്നതല്ല ചിത്രത്തിന്റെ പ്രമേയം.
മനുഷ്യന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയാണ് ആ നല്ല നിലാവുള്ള രാത്രിയിൽ അനാവൃതമാവുന്നത്. എട്ടുപേരുടേയും വ്യക്തിത്വം എന്താണെന്ന് വ്യക്തമായി സ്ഥാപിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. പ്രധാനകഥാപാത്രങ്ങളിൽ ഒരാൾക്ക് പോലും പോസിറ്റീവായ വശം കാണിക്കാനില്ല. ആരാണ് ശരി? ആരാണ് തെറ്റ് എന്ന് പറയാതെ ഓരോ മനുഷ്യന്റെയും ഉള്ളിലെ മൃഗത്തെയാണ് പ്രേക്ഷകൻ സ്ക്രീനിൽ കാണുക. ഓരോരുത്തരുടേയും ഉള്ളിലെ പക, കുതികാൽവെപ്പ്, രഹസ്യം, പണത്തോടുള്ള അടങ്ങാത്ത ആർത്തി, നിസ്സഹായാവസ്ഥ എന്നിവയെല്ലാം എട്ട് കഥാപാത്രങ്ങളിലൂടെ സംവിധായകൻ മർഫി വരച്ചിടുന്നു.
സിനിമയെ ഇഴകീറി പരിശോധിക്കുകയാണങ്കിൽ ടൈറ്റിൽ മുതൽ തുടങ്ങണം. ഒരു ആക്ഷൻ സിനിമയ്ക്ക് നല്ല നിലാവുള്ള രാത്രിയെന്ന പേര് ആരെങ്കിലും ഇടുമോ എന്ന് ചോദിച്ചേക്കാം. പക്ഷേ അതിൽത്തന്നെയുണ്ട് സിനിമയുടെ പരീക്ഷണാത്മക സ്വഭാവം. നല്ല നിലാവുള്ള രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ നട്ടെല്ല്. പതിയെ തുടങ്ങി ഘട്ടം ഘട്ടമായി കത്തിപ്പടരുന്ന അവതരണരീതിയാണ് ചിത്രത്തിന്. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം എന്താണെന്ന് വ്യക്തമായ അടിത്തറയുണ്ടാക്കിയ ശേഷമാണ് സംഘർഷഭരിതമായ ഭാഗങ്ങളിലേക്ക് സംവിധായകൻ കടന്നുചെല്ലുന്നത്. ആദ്യപകുതിയിൽ സംഭാഷണങ്ങളുടെ ധാരാളിത്തമാണെങ്കിൽ രണ്ടാംപകുതിയിൽ ഇത് സംഘർഷത്തിന് ചേരുന്ന അളവിലാക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
ആക്ഷൻ സിനിമയായതുകൊണ്ടുതന്നെ സംഘട്ടനരംഗങ്ങളേക്കുറിച്ച് പറയാതിരിക്കാൻ വയ്യ. മലയാളത്തിൽ ഈയടുത്ത് കണ്ടിട്ടുള്ള ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളാണ് ദേശീയ പുരസ്കാര ജേതാവുകൂടിയായ രാജശേഖർ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഇത്രയും രക്തരൂക്ഷിതമായ സംഘട്ടനരംഗങ്ങൾ അടുത്തകാലത്ത് മലയാളത്തിന്റെ വെള്ളിത്തിരയിൽ വന്നിട്ടില്ല. ഈ ചോരക്കളിക്ക് ഭീകരതയുടേതായ അന്തരീക്ഷമൊരുക്കാൻ ഒപ്പം നിന്ന കൈലാസിന്റെ പശ്ചാത്തലസംഗീതത്തിനും കയ്യടി നൽകണം. സാധാരണഗതിയിൽ ഹൊറർ സിനിമകളിൽ മാത്രം കണ്ടുവരുന്ന ജമ്പ് സ്കെയർ സീനുകൾ ആക്ഷൻ രംഗങ്ങളിൽ പരീക്ഷിച്ചിരിക്കുന്നതായും കാണാം. പ്രകൃതിഭംഗിക്കൊപ്പം കാടിന്റെ ഭയപ്പെടുത്തുന്ന മുഖം കൂടി ഒപ്പിയെടുത്തതിന് അജയ് ഡേവിഡ് കാച്ചപ്പിള്ളിക്കും കയ്യടി നൽകാം.
ബാബുരാജ്, ചെമ്പൻ വിനോദ്, ബിനു പപ്പു, നിതിൻ ജോർജ്, റോണി ഡേവിഡ് രാജ്, ജിനു ജോസഫ്, ഗണപതി, സജിൻ ചെറുകയിൽ എന്നിവരാണ് എട്ടംഗസംഘത്തെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സായ് കുമാറും മറ്റൊരുവേഷത്തിലെത്തുന്നു. എട്ടുപേരുണ്ടെങ്കിലും ഇവർക്ക് നായകൻ, വില്ലൻ എന്ന പദവികളൊന്നും തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ കല്പിച്ചുകൊടുത്തിട്ടില്ല. കൃത്യമായ ഒരു ജോണറും ചിത്രത്തിനില്ല. പ്രാഥമികമായി ആക്ഷൻ ചിത്രമാണെങ്കിലും സർവൈവൽ ത്രില്ലർ എന്നും നല്ല നിലാവുള്ള രാത്രിയെ വിശേഷിപ്പിക്കാം. വ്യത്യസ്തമായ ആക്ഷൻ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു വിരുന്നാണ് നല്ല നിലാവുള്ള രാത്രി.
Content Highlights: nalla nilavulla rathri movie review, nalla nilavulla rathri first review
Published: 30 Jun 2023, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented