
നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് സ്വന്തം പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമായ നല്ല നിലാവുള്ള രാത്രിയിലൂടെ മലയാളത്തിലേക്ക് പുതിയൊരു സംവിധായകനെ കിട്ടുകയാണ്. ആക്ഷനും ത്രില്ലും ചേര്‍ന്ന വിരുന്ന് തന്നെയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ മര്‍ഫി ദേവസി കാത്തുവച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ ചിത്രത്തിന് ഇത്രയും ശാന്തമായ ഒരു പേരിടാനുള്ള കാരണവും പ്രതീക്ഷകളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് മര്‍ഫി.
എന്താണ് നല്ല നിലാവുള്ള രാത്രി?
നല്ല നിലാവുള്ള ഒരു രാത്രിയില്‍ സംഭവിക്കുന്ന കഥയാണ് ഈ ചിത്രം. നിലാവുള്ള രാത്രിയാണ് സിനിമയുടെ ഒരു ഭാഗം. വെറും അടിപ്പടം മാത്രമല്ല ചിത്രം. വളരെ ശക്തമായ ഒരു പ്രമേയമുണ്ടിതിന് പിന്നില്‍. ആ കഥയുടെ ഭാഗമായാണ് സ്റ്റണ്ടിലേക്കും പ്രശ്‌നങ്ങളിലേക്കുമൊക്കെ പോകുന്നത്. എല്ലാവരും ഈ സിനിമയുടെ പേരിനേക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ആക്ഷന്‍ സിനിമയ്ക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ്. ഞാന്‍ നോക്കുമ്പോള്‍ ആക്ഷന്‍ സിനിമകളുടെ പേരെല്ലാം ഒരു പ്രത്യേകതരമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കണം നമ്മുടെ സിനിമയുടെ പേര്് എന്നുതോന്നി. പല ആളുകള്‍ക്കും അത് ഇഷ്ടപ്പെട്ടിട്ടില്ല. ഒരുപാടുപേര്‍ നല്ല അഭിപ്രായം പറഞ്ഞു. എങ്ങനെയായാലും ആ പേര് ചര്‍ച്ച ചെയ്യപ്പെട്ടു. അതില്‍ സന്തോഷമുണ്ട്
ഞാന്‍ പദ്മരാജന്‍ ആരാധകന്‍
ഞാന്‍ ഭയങ്കര പദ്മരാജന്‍ ഫാനാണ്. അദ്ദേഹം എഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകള്‍ ആകര്‍ഷിച്ചിട്ടുണ്ട്. മനഃപൂര്‍വം പദ്മരാജന്റെ രീതികള്‍ കൊണ്ടുവരാന്‍ നോക്കിയതല്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്. നല്ല നിലാവുള്ള രാത്രി എന്ന് ആക്ഷന്‍ സിനിമയ്ക്ക് പേരിടുന്നത് എപ്പോഴോ മനസില്‍ തോന്നിയ കാര്യം മാത്രമാണ്.
പ്രധാന താരങ്ങളുടെ തിരഞ്ഞെടുപ്പ്
എട്ടുപേരാണ് പ്രധാന താരങ്ങളായി വരുന്നത്. അവരെയൊക്കെത്തന്നെയായിരുന്നു തിരക്കഥ എഴുതുമ്പോള്‍ മനസിലുണ്ടായിരുന്നത്. എല്ലാവരും ചെയ്യാം എന്ന് അനുകൂലമായിത്തന്നെയാണ് പ്രതികരിച്ചത്. അതുകൊണ്ട് കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ത്തന്നെ മുന്നോട്ടുപോയി. കഥയെഴുതുമ്പോള്‍ ഇന്നയാള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് വിചാരിച്ചിരുന്നു. എങ്ങനെയാണെങ്കിലും പ്ലാന്‍ എ പോലെ തന്നെ പ്ലാന്‍ ബി നമ്മുടെ കയ്യില്‍ ഉണ്ടായിരിക്കും. എനിക്ക് പ്ലാന്‍ ബിയിലേക്ക് പോകേണ്ടിവന്നില്ല. പിന്നെ നായകനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു സിനിമയല്ല ഇത്. മനുഷ്യരുടെ ഉള്ളിലുള്ള അസൂയ, വഞ്ചന, പക എല്ലാം നടക്കുന്ന കഥയാണിത്.

നിര്‍മാതാവായി സാന്ദ്രാ തോമസ് വരുന്നു
സാന്ദ്രാ തോമസ് ചെന്നൈയില്‍ എന്റെ ബാച്ച്‌മേറ്റാണ്. ഞാനെഴുതുന്ന പല കഥകളും സാന്ദ്രയുമായി ചര്‍ച്ച ചെയ്യാറുണ്ട്. സിനിമ ചെയ്യണമെന്ന് അന്ന് സാന്ദ്രയ്ക്ക് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ കഴിഞ്ഞ പുതുവത്സരത്തിന് സാന്ദ്ര എന്നോട് എന്താണ് ഇനി പരിപാടിയെന്ന് ചോദിച്ചു. ഒരു സിനിമ ചെയ്യുമെന്ന് ഞാന്‍ മറുപടി നല്‍കി. അന്നാണ് ഒരുമിച്ച് സിനിമ ചെയ്യാമെന്ന് സാന്ദ്ര പറഞ്ഞത്. ശ്രദ്ധിച്ചുകഴിഞ്ഞാല്‍ മനസിലാവും എട്ടുപേര്‍ക്കും അവരുടേതായ വ്യക്തിത്വം വളരെ ശക്തമാണ്. എട്ടുപേര്‍ക്കും ഓരോരോ ലക്ഷ്യങ്ങളുണ്ട്. കഥാപാത്രങ്ങളേക്കുറിച്ചുള്ള ഇത്തരം വിശദാംശങ്ങള്‍ സാന്ദ്രയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ വന്യമായ ത്രില്ലിങ്ങിലേക്ക് നീങ്ങുന്ന സ്വഭാവമുണ്ട് സിനിമയ്ക്ക്. കഥയിലെ പ്രധാന സംഭവങ്ങള്‍ നടക്കുന്നത് കര്‍ണാടകയിലെ ഷിമോഗയിലാണ്. അവ ഈ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ കാരണമായ ചില കാര്യങ്ങളുണ്ട്. ഇതിലെല്ലാം സാന്ദ്രയ്ക്ക് പുതുമ ഫീല്‍ ചെയ്തു.

സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രം
മനഃപൂര്‍വമായി സ്ത്രീകഥാപാത്രങ്ങളെ ഒഴിവാക്കിയതല്ല. പുരുഷന്മാരുടെ ഇടയില്‍ നില്‍ക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കാസ്റ്റ് എവേ പോലുള്ള ചിത്രങ്ങളില്‍ ഒരാളേ ഉള്ളൂ. ആ സിനിമയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു സാഹചര്യത്തിലാണയാള്‍. നല്ല നിലാവുള്ള രാത്രിക്ക് ഒരു സ്ത്രീ കഥാപാത്രത്തിന്റെ ആവശ്യമില്ല. പ്രധാനകഥാപാത്രങ്ങളായ എട്ടുപേരും അങ്ങനെയൊരു സാഹചര്യത്തിലാണ്.
വൈറലായ 'താനാരോ താനാരോ' ഗാനം
ആരൊക്കെ സുഹൃത്തുക്കളുമായിരുന്ന് മദ്യപിച്ചിട്ടുണ്ടോ അതില്‍ നല്ലൊരു പങ്കും പാടിയിട്ടുള്ളതോ പാടി കേട്ടിട്ടുള്ളതോ ആയ പാട്ടാണിത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പാട്ട് വെയ്ക്കുമ്പോള്‍ അതിന് പ്രേക്ഷകരുമായി ബന്ധം വേണം. അങ്ങനെയാണ് താനാരോ താനാരോ എന്ന ഗാനത്തിലേക്ക് വന്നത്. അതിനെ സ്വീകരിക്കും എന്ന് ഉറപ്പായിരുന്നു. 'നല്ല നിലാവുള്ള രാത്രി' ഇപ്പോഴാണ് ആളുകളിലേക്ക് രജിസ്റ്ററായത്. പ്രചാരണത്തിന്റെ ഭാഗമായി വാട്ടര്‍ മെട്രോയില്‍ താരങ്ങളുടെ പ്രകടനം ഉണ്ടായിരുന്നു. കാരണം ആ സമയത്ത് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ട്രെന്‍ഡിങ്ങായി നില്‍ക്കുകയായിരുന്നു. വാട്ടര്‍ മെട്രോ എന്താണെന്നറിയാന്‍ ആളുകള്‍ കയറിക്കൊണ്ടിരുന്ന സമയമായിരുന്നു. അങ്ങനെയാണ് പ്രചാരണത്തിന് ഇങ്ങനെയൊരു മാര്‍ഗം നോക്കിക്കൂടാ എന്ന് ചിന്തിച്ചത്.
സിനിമയേക്കുറിച്ചുള്ള പ്രതീക്ഷകള്‍
ഒരു നായകന്റേയും വില്ലന്റേയും കഥ പറയുന്ന ചിത്രമല്ല നല്ല നിലാവുള്ള രാത്രി. ഈ സിനിമ പുതിയൊരു സമീപനമാണ്. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടും എന്നുതന്നെയാണ് വിശ്വാസം. പൂര്‍ണമായും തിയേറ്റര്‍ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ്. തിയേറ്ററില്‍ ആസ്വദിക്കണം എന്ന ഉദ്ദേശത്തോടെതന്നെ നിര്‍മിച്ച സിനിമയാണ്. അറ്റ്‌മോസ് സംവിധാനമുള്ള തിയേറ്ററില്‍ കാണണമെന്നാണ് ഞാന്‍ പറയുന്നത്.
Content Highlights: nalla nilavulla rathri director murphy devassy interview, sandra thomas new movie
Published: 29 Jun 2023, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented