
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയാണ്. ഇത്തവണ ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയുമായി എത്തിയപ്പോഴും ആ പ്രതീക്ഷ സൂപ്പർഹിറ്റ് ജോഡി തെറ്റിച്ചിട്ടില്ല. കെട്ടുറപ്പുള്ള തിരക്കഥയിലൊരുങ്ങിയ, പ്രേക്ഷകന്റെ മനസ്സിനെ സ്പർശിക്കുന്ന ചിത്രമെന്ന് ഒറ്റവാചകത്തിൽ 'നേരി'നെ വിശേഷിപ്പിക്കാം.
ഒരു പെൺകുട്ടി പീഡനത്തിന് ഇരയാകുന്നതും തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. പ്രതിസ്ഥാനത്ത് ഒരു പ്രമുഖ വ്യവസായിയുടെ മകനാകുന്നതോടെ കേസിൽ അനധികൃതമായ ഇടപെടലുകൾ സംഭവിക്കുകയാണ്. അഭിഭാഷകരെ വിലയ്ക്കെടുത്തും സാക്ഷികളെ സ്വാധീനിച്ചും കേസ് ദുർബലപ്പെടുത്താൻ പ്രതിഭാഗം ശ്രമം നടത്തുന്നു. തുടർന്നാണ് കേസിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹന്റെ രംഗപ്രവേശം ചെയ്യുന്നത്. വലിയ താത്പര്യമില്ലാതെ, അപ്രതീക്ഷിതമായി കേസിന്റെ ഭാഗമാകുന്ന വിജയമോഹൻ പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം.
അണിയറപ്രവർത്തകർ റിലീസിന് മുൻപ് ആവർത്തിച്ചതുപോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലറല്ല 'നേര്'. മെല്ലെ കഥ പറഞ്ഞുപോകുന്ന, കോടതിയിലെ വാദപ്രതിവാദങ്ങളിലൂടെ മുന്നേറുന്ന ഒരു ചിത്രമാണിത്. പ്രതിയെ ആദ്യമേ വെളിപ്പെടുത്തുന്നതിനാൽ കുറ്റം എങ്ങനെ തെളിയിക്കും എന്ന ആകാംക്ഷയിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്. വെെകാരിക തലങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം സംവിധായകൻ ജീത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ചേർന്നൊരുക്കിയ തിരക്കഥയാണ്. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ശാന്തി മായാദേവി എത്തുന്നുമുണ്ട്.
അഭിഭാഷകർക്ക് ഉപദേശങ്ങൾ നൽകുന്ന, എന്നാൽ വർഷങ്ങളായി കോടതിക്രമങ്ങളുടെ ഭാഗമല്ലാത്ത സീനിയർ വക്കീലിന്റെ കഥാപാത്രത്തെ മോഹൻലാൽ അനായാസമായി തിരശ്ശീലയിലെത്തിച്ചു. ചിലപ്പോഴൊക്കെ നിസ്സഹായനാകുന്ന, തന്റെ കുറവുകൾ മനസിലാക്കുന്ന കഥാപാത്രം മോഹൻലാലിന്റെ ക്ലാസ് പ്രകടനത്തിലൂടെ കെെെയടി നേടുന്നുമുണ്ട്. മോഹൻലാൽ എന്ന താരത്തിന് പകരം അദ്ദേഹത്തിലെ നടനെയാണ് ജീത്തു ജോസഫ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം.
പ്രതിഭാഗത്തിന്റെ അഭിഭാഷകനായ രാജശേഖർ ആയി സിദ്ദിഖും മകളായി പ്രിയാമണിയും എത്തുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രം സിദ്ദിഖിന്റെ പക്കൽ ഭദ്രമായിരുന്നു. അഭിഭാഷകയായി എത്തുന്ന പ്രിയാമണിയും തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ സാറ എന്ന കഥാപാത്രത്തെ അനശ്വര രാജൻ മികച്ചതാക്കി. കഥാപാത്രം കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ പ്രേക്ഷകനിൽ കൃത്യമായി എത്തിക്കാൻ താരത്തിനായി. സമീപകാലങ്ങളായി തുടരുന്ന മികച്ച പ്രകടനം ഈ ചിത്രത്തിലും ആവർത്തിക്കാൻ ജഗദീഷിനും സാധിച്ചിട്ടുണ്ട്.
ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, രമാദേവി, രശ്മി അനിൽ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതം മികവുപുലർത്തിയതും ചിത്രത്തിന് ഗുണം ചെയ്തു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.
കൃത്യമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് മുന്നോട്ട് വെക്കാൻ ചിത്രത്തിനായിട്ടുണ്ട്. കോടതിയിലെ ചുമരുകൾക്കിടയിലേയ്ക്ക് കഥ ചുരുങ്ങുമ്പോഴും തെല്ലും മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചുവെന്ന് പറയാം. ആരാധകരേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ മോഹൻലാലിനും സാധിച്ചു. സംവിധായകൻ നേരത്തെ പറഞ്ഞതുപോലെ ട്വിസ്റ്റുകളോ സർപ്രെെസുകളോ പ്രതീക്ഷിക്കാതെ ഒരു കോർട്ട്റൂം ഡ്രാമയായി ചിത്രത്തെ സമീപിക്കാം. തിയേറ്ററിൽ നിന്നുതന്നെ കണ്ട് ആസ്വദിക്കാനാകുന്ന ഒരു 'നേര്'.
Content Highlights: mohanlal jeethu joseph movie neru review
Published: 24 Dec 2023, 09:08 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented