
പ്രേക്ഷകപ്രതീക്ഷയേറെയുള്ള ചിത്രമാണ് ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ 'മിണ്ടിയും പറഞ്ഞും'. മലയാള സിനിമയിലെ യുവനിര താരങ്ങളായ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രണയജോടികളായി അഭിനയിച്ച ചിത്രമാണിതെന്നാണ് ആ പ്രതീക്ഷയ്ക്കുള്ള ഒരു കാരണം.
പ്രശംസകൾക്കർഹമായ 'ലൂക്ക'യുടെ സംവിധായകനും സംഗീതസംവിധായകനും രചയിതാവും കലാസംവിധായകനും വീണ്ടും ഒന്നിച്ച ചിത്രംകൂടിയാണ് എന്നതാണ് പലരും അരുൺ ബോസ് സംവിധാനംചെയ്ത 'മിണ്ടിയും പറഞ്ഞും' കാത്തിരുന്നതിനുള്ള മറ്റൊരു കാരണം. ഈ രണ്ടു കാരണങ്ങളാണ് പ്രധാനമായും നിങ്ങൾക്കുള്ളിൽ എങ്കിൽ 'മിണ്ടിയും പറഞ്ഞും' ഒരിക്കലും ആ പ്രതീക്ഷകൾക്ക് ഭംഗം വരുത്തില്ല. ഒരു നല്ല മഴ നനഞ്ഞ കുളിർമയോടെ ചിത്രം കണ്ടുതീരുന്നതായേ അനുഭവപ്പെടൂ.
ഉള്ളുനിറയെ സ്‌നേഹമുള്ള, ആ സ്‌നേഹത്തെ മുറുകെ പിടിച്ചുകൊണ്ട് ലോകത്തിന്റെ രണ്ടറ്റങ്ങളിൽനിന്ന് ജീവിതം ഒരുമിച്ച് മുന്നോട്ട് തുഴയുന്ന രണ്ടു പേരുടെ ഹൃദയബന്ധത്തെ ആവിഷ്‌കരിക്കുന്ന സിനിമയാണ് 'മിണ്ടിയും പറഞ്ഞും'. മലയാളസിനിമയിൽ ഒന്നിനുപിറകെ ഒന്നായി വരുന്ന സസ്പെൻസ് ത്രില്ലറുകൾക്കിടയിൽ ക്രിസ്മസ് സമ്മാനമായി എത്തുന്ന ഈ ചിത്രം ഓർക്കപ്പെടും. അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറിയുടെ ദ ഗിഫ്റ്റ് ഓഫ് ദ മാഗി എന്ന ചെറുകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നെഴുതിയ ചിത്രം പ്രണയിതാക്കളെ മാത്രമല്ല കുടുംബപ്രേക്ഷകരെയും ആകർഷിക്കും.
പരിചിതരിൽ നിന്ന് പ്രണയിതാക്കളായി മാറുന്ന സനലും ലീനയും. അവരുടെ പ്രണയത്തിൽ അതിമാനുഷികത്വമില്ല, അസാധാരണത്വവുമില്ല. അടുപ്പമുള്ളവരിൽ നിന്നുണ്ടാകുന്ന പ്രണയാഭ്യർഥന അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉണ്ടായേക്കാവുന്ന ഒരു ഞെട്ടലാണ് സനലിന്റെ മനസ്സു തുറക്കലിനു ശേഷം ലീനയ്ക്കുണ്ടാകുന്നത്. സമയമെടുത്തുള്ള അവളുടെ ആലോചനകൾ, അവരുടെ സൗഹൃദം ഇല്ലാതാക്കുമോ എന്ന ഭയം മാത്രമാണ് കൂട്ടുകാരി ഷൈനിയുടെ സഹോദരൻ കൂടിയായ സനലിൽ ഉണ്ടാക്കിയത്.
അയാളത് കൃത്യമായി ഒരു കത്തിലൂടെ തുറന്നു സംസാരിക്കുന്നു. ഇഷ്ടമല്ലെന്ന് പറഞ്ഞാലും കുഴപ്പമില്ല, എന്നും മനസ്സിലുണ്ടാകും, അത്രമാത്രം. സൗഹൃദത്തിലായിരുന്നപ്പോൾ ഉണ്ടായിരുന്ന പക്വത അവർ പ്രണയത്തിലും ദാമ്പത്യജീവിതത്തിലും മുറുകെപ്പിടിക്കുന്നു. മിണ്ടിയും പറഞ്ഞും അവരുടെ ജീവിതകഥയാണ്. സനൽ-ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും കഥ. ഹൈറേഞ്ചുകാരിയായ ലീനയുടെ ഒറ്റപ്പെട്ട ജീവിതത്തിലേയ്ക്ക് ഒരുനാൾ കടന്നുവരുന്ന ആളാണ് സനൽ. അയാൾ അവൾക്ക് താങ്ങായി.
ബിസിനസ് നടത്തി ജീവിക്കാനുള്ള സനലിന്റെ ആഗ്രഹം വരുത്തിവെച്ച വിഷയങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. പ്രതിസന്ധികൾ തരണം ചെയ്യാൻ പിണക്കങ്ങളും പരിഭവങ്ങളും പാകിയ രണ്ടുവഴികളിലൂടെയുള്ള അവരുടെ സഞ്ചാരം ചെന്നെത്തുന്നത് സ്‌നേഹംകൊണ്ടു തീർത്ത അടച്ചുറപ്പുള്ള ഒരിടത്തിലാണ്.
ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന ഏതൊരു ചെറുപ്പക്കാർക്കും 'മിണ്ടിയും പറഞ്ഞും' സംസാരിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ കണക്റ്റ് ചെയ്യാനാകും. ജീവിതത്തിൽ പലതും എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെട്ടു പോയേക്കാവുന്ന കാര്യങ്ങളെ അതിനിട വരുത്താതെ ചിത്രം അവതരിപ്പിക്കുന്നു. സൗഹൃദവും പ്രണയവും ദാമ്പത്യവുമെല്ലാം സ്‌നേഹത്തോടെയും പക്വതയോടെയും തുറന്നുള്ള സംസാരത്തിലൂടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ടുകൊണ്ടു പോകേണ്ടതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നുണ്ട്.
ലീനയും സനലുമായി അഭിനയിച്ച അപർണയും ഉണ്ണി മുകുന്ദനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജാഫർ ഇടുക്കി, മാലാ പാർവതി, ജൂഡ് ആന്തണി, ആർ.ജെ. വിജിത, സോഹൻ സീനുലാൽ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും എടുത്തുപറയേണ്ടതാണ്.
കഥയിലെ പ്രണയത്തെ പ്രേക്ഷകരിലേക്ക് ഒഴുക്കിവിടുന്ന മാന്ത്രികത ഈ സിനിമയിലെ സംഗീതത്തിനുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളും കിരൺ ദാസിന്റെ എഡിറ്റിങും കലാസംവിധാനവുമെല്ലാം സിനിമയെ മനോഹരമാക്കിയിട്ടുണ്ട്.
Content Highlights: Experience `Mindiyum Paranjum`, a touching Malayalam romance starring Unni Mukundan & Aparna Balamurali. A beautiful tale of love, life, and relationships.
Published: 25 Dec 2025, 04:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented