പ്രണയവും വിവാഹവും വിവാഹശേഷമുള്ള ഇണക്കങ്ങളും പിണക്കങ്ങളും പ്രമേയമായി വന്നിട്ടുള്ള ഒട്ടനവധി ചിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. പ്രണയിച്ചുനടന്ന നാളുകളായിരിക്കില്ല വിവാഹശേഷം അഭിമുഖീകരിക്കേണ്ടിവരിക എന്നതാണ് അവയിൽ മിക്കതിന്റേയും അടിസ്ഥാനം. ഇവിടെ ഈ സാഹചര്യത്തിൽ നിന്ന് അല്പം വ്യത്യസ്തമായ ഒരു കഥ പറയുകയാണ് ഖുഷി എന്ന ചിത്രത്തിലൂടെ ശിവ നിർവാണ. വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ചിത്രത്തിലെ പ്രണയജോഡികൾ.

To advertise here,

പ്രണയവും വിവാഹവും വിവാഹത്തിന് ശേഷമുള്ള പ്രണയവും അതിലെ പ്രശ്നങ്ങളുമാണ് ഖുഷി പറയുന്നത്. വിശ്വാസികളായ കുടുംബത്തിൽ നിന്നുള്ളയാളാണ് നായികയായ ആരാധ്യ. നായകനായ വിപ്ലവ് ആകട്ടെ യുക്തിവാദികളായവരുടെ വീട്ടിൽ നിന്നുള്ളയാളും. ഇരുവരും പ്രണയവിവാഹത്തിലൂടെ  ഒന്നുചേരുകയാണ്. ഇതേ തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തെ സജീവമാക്കുന്നത്. ആരാധ്യയുടെയും വിപ്ലവിന്റെയും കഥ പറയുന്നതിനൊപ്പം ഒരു പ്രത്യേക വിഷയത്തിൽ വിശ്വാസവും യുക്തിയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന തലവും ചിത്രം ചർച്ചയ്ക്ക് വിധേയമാക്കുന്നു.

കശ്മീരിൽ നിന്ന് തുടങ്ങി ആന്ധ്രയും കേരളവും വരെ ഖുഷിക്ക് പശ്ചാത്തലമാവുന്നുണ്ട്. തമാശയ്ക്ക് വകയുള്ള കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ചില ചോദ്യങ്ങളും ഉത്തരങ്ങളും ഖുഷി മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതിലൊന്നാണ് ദാമ്പത്യത്തിൽ ഭാര്യയും ഭർത്താവും ശക്തരാവുന്നത് എങ്ങനെയാണെന്നത്. സ്വരച്ചേർച്ചകളുണ്ടാവുമ്പോൾ പരസ്പരം തള്ളിപ്പറയാതെ ഒരുമിച്ചുനിൽക്കുന്നതാണ് ആ ശക്തിയെന്നാണ് ഖുഷി പറഞ്ഞുവെയ്ക്കുന്നത്. ജീവിതാവസാനംവരെ പരസ്പരം താങ്ങായും തണലായും നിൽക്കണമെന്നതാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും ഖുഷി പറയുന്നുണ്ട്.

എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം നൽകുന്നതിൽ സംവിധായകൻ ശിവ നിർവാണ വിജയിച്ചിട്ടുണ്ട്. പ്രധാനവേഷത്തിലെത്തിയ വിജയ് ദേവരകൊണ്ടയും സാമന്തയും തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. മികച്ച പ്രകടനംതന്നെയാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്. ആരാധ്യയുടേയും വിപ്ലവിന്റേയും പ്രണയവും ദാമ്പത്യജീവിതവും കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. 

വിശ്വാസിയായ, ഹിന്ദുമത പണ്ഡിതനായ ചതുരം​ഗമായെത്തിയ മുരളി ശർമയുടേയും യുക്തിവാദിയായ, ശാസ്ത്രത്തിൽ അടിയുറച്ചുവിശ്വസിക്കുന്ന ലെനിൻ സത്യനായെത്തിയ സച്ചിൻ ഖെഡേക്കറുടേയും പ്രകടനം എടുത്തുപറയേണ്ടതാണ്. ചിത്രത്തെ സംഘർഷഭരിതമാക്കുന്നത് ഈ കഥാപാത്രങ്ങളുടെ സ്വഭാവ വൈപരീത്യമാണ്. യുക്തിവാദികളുടെ കൂട്ടത്തിലെ വിശ്വാസിയായ അമ്മയായി ശരണ്യ പൊൻവർണൻ ഇടയ്ക്ക് ചിരിപ്പിക്കുന്നുണ്ട്. തോമസും സോയയുമായെത്തി ജയറാമും രോഹിണിയും നൊമ്പരമുണർത്തുന്നുണ്ട് പ്രേക്ഷക മനസുകളിൽ. വെണ്ണെലാ കിഷോർ, രാഹുൽ രാമകൃഷ്ണ, ലക്ഷ്മി എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ ​ഗാനങ്ങളാണ് പ്രത്യേകം പറയേണ്ട ഘടകം. കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു എല്ലാ ​ഗാനങ്ങളും. പശ്ചാത്തലസം​ഗീതവും ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. ഹൃദയം മലയാളത്തിൽ ബ്രേക്ക് ആയപോലെ ഖുഷിയിലൂടെ തെലുങ്കിലും ഹിഷാം ചുവടുറപ്പിക്കുമെന്നുറപ്പാണ്. ചുരുക്കത്തിൽ ഒരുപാട് ബഹളങ്ങളൊന്നുമില്ലാതെ ഒരു കുടുംബത്തിലേക്ക് മനസുകൊണ്ട് ഇറങ്ങിച്ചെല്ലാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന കൊച്ചുചിത്രമാണ് ഖുഷി.