
വിജയ്‌യുടെ സിനിമകളെക്കുറിച്ച് ആരാധകർക്കപ്പുറമുള്ള സിനിമാ പ്രേമികൾക്ക് പല പരാതികളുമുണ്ടാവും. അയാളുടെ കഥാപാത്രങ്ങളെ ശത്രുക്കളിൽനിന്ന് ലോകത്തെ രക്ഷിക്കാനിറങ്ങുന്ന രക്ഷകനെന്ന് കളിയാക്കും. ആരാധകർക്ക് ആഘോഷിക്കാൻ കുറച്ച് ഡാൻസ് നമ്പറുകളും ചേർത്ത സ്ഥിരം മാസ്- ആക്ഷൻ ചിത്രങ്ങളെന്ന് വിധിയെഴുതും. ഇവയൊക്കെ തന്നെയാണ് ഏറെക്കാത്തിരിപ്പുകൾക്കൊടുവിൽ തിയേറ്ററിലെത്തിയ 'ജനനായകൻ'. പക്ഷേ, കേവലം ഒരു സിനിമ എന്നതിനപ്പുറം വിജയ് എന്ന താരത്തിന്റെ, ഇപ്പോൾ മുഖ്യമന്ത്രിയായ രാഷ്ട്രീയനേതാവിന്റെ ധൈര്യത്തിന്റെ പേരുകൂടിയാണ് 'ജനനായകൻ'.
നേരത്തെ പറഞ്ഞുകേട്ടതുപോലെ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ മൂലകഥ തന്നെയാണ് 'ജനനായകന്റേ'തും. പോലീസിൽ സി.ഐ. ആയിരുന്ന വെട്രി (ദളപതി വെട്രി കൊണ്ടാൻ- ടി.വി.കെ.) വലിയൊരു ലക്ഷ്യത്തിന്റെ ഭാഗമായി ജയിലിലാവുന്നു. വ്യക്തിപരമായി ഏറെ ആവശ്യമുള്ള സമയത്ത് അയാൾക്ക് സഹായവുമായി ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന ജയിലർ ശ്രീകാന്ത് എന്ന കഥാപാത്രം എത്തുന്നു. ശ്രീകാന്തിന്റെ മകളായ വിജിയായി മമിത ബൈജു. മറ്റൊരു സാഹചര്യത്തിൽ വിജിയുടെ വളർത്തച്ഛനാവേണ്ടി വന്ന വെട്രി സ്വന്തം ജീവിതം അവൾക്കുവേണ്ടി മാറ്റിവെക്കുന്നു. വിജിയുടെ ഉള്ളിലെ ശത്രുവിനോട് പോരാടാൻ അവളെ പ്രാപ്തയാക്കുന്നതിനിടെ വെട്രിക്ക് പുറത്തും ചില ശത്രുക്കളെ നേരിടേണ്ടി വരുന്നു. വലിയ ലക്ഷ്യങ്ങളുള്ള ശത്രുവിനോട് വെട്രിയുടെ പോരാട്ടമാണ് 'ജനനായകൻ'.
വെട്രിയുടെ സഹായത്തിനെത്തി പിന്നീട് കാമുകിയായി മാറുന്ന കായൽ എന്ന മാധ്യമപ്രവർത്തകയുടെ വേഷത്തിലാണ് പൂജ ഹെഗ്‌ഡെ. ജോൺ ഹിംലർ അഥവാ അമരീഷ് പൂജാരി എന്ന സ്റ്റൈലിഷ് വില്ലനായി ബോബി ഡിയോൾ വേഷമിടുന്നു. അധികാരം ജന്മാവകാശമാണെന്ന് കരുതുന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് പ്രകാശ് രാജിന്റേത്. ജില്ലാ കളക്ടറുടെ വേഷത്തിൽ പ്രിയാമണി. നരേൻ, സുനിൽ, നാസർ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.
രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെയാണ് 'ജനനായകൻ' പ്രചരിക്കപ്പെട്ടത്. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിയേറ്ററിലെത്തിക്കാൻ ലക്ഷ്യമിട്ട ചിത്രം. എന്നാൽ, സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. തിരഞ്ഞെടുപ്പിൽ സഹായകമാവുമെന്ന് കരുതപ്പെട്ട ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും വിജയ് മുഖ്യമന്ത്രിയായി. പ്രതീക്ഷിക്കപ്പെട്ട പോലെ ഒരു തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം നേതാവ് വിജയ്‌യ്ക്ക് പറയാനുള്ളതെല്ലാം ചിത്രത്തിലുണ്ട്.
രാഷ്ട്രീയ എതിരാളികളെ കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട് 'ജനനായകനി'ൽ. സ്പൂൺ ഫീഡിങ്ങിന് പുറമേ, കല എന്ന നിലയിൽ സിനിമ അർഹിക്കുന്ന, മറച്ചുവെച്ച് വലിയ കാര്യങ്ങൾ സംവേദനം ചെയ്യുന്ന രീതിയും ചിലയിടത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അവയെല്ലാം പ്രേക്ഷകന് കൃത്യമായി മനസിലാവുന്നുമുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ അപ്രസക്തമായ എ.ഐ.എ.ഡി.എം.കെയുടെ ഇടം എം.ജി.ആർ. റഫറൻസുകളിലൂടെ പിടിച്ചെടുക്കാനുള്ള വിജയ്‌യുടെ ശ്രമം ചിത്രത്തിൽ പ്രകടമാണ്. തമിഴ്‌നാട്ടിലെ ഒന്നാം പ്രതിപക്ഷത്തെക്കാൾ അന്ന് സംസ്ഥാനത്തേക്ക് കടന്നുകയറാൻ ശ്രമിച്ച കേന്ദ്രം ഭരിക്കുന്ന പാർട്ടിയെയാണോ ചിത്രം ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് എന്ന് രാഷ്ട്രീയത്തെക്കുറിച്ച് ബോധമുള്ള പ്രേക്ഷകന് തോന്നിപ്പോകും. ജാതിയുടെയും മതത്തിന്റേയും പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായ സന്ദേശവുമായാണ് ചിത്രം അവസാനിക്കുന്നത്.
സിനിമ എന്ന നിലയിൽ മികച്ച തിയേറ്റർ അനുഭവമാണ് 'ജനനായകൻ'. ആദ്യ പത്തുമിനിറ്റിനുള്ളിൽ തന്നെ വമ്പൻ ഫൈറ്റോടെ വിജയ്‌യുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. ചിത്രം തുടങ്ങി 52-ാം മിനിറ്റിൽ ആഘോഷത്തിനായി ഡാൻസ് നമ്പർ. മികച്ച ഇന്റർവെൽ പഞ്ച്. ഇതിലെവിടെ വിജയ്‌യുടെ രാഷ്ട്രീയം എന്ന് സ്വാഭാവികമായും പ്രേക്ഷകന് തോന്നിപ്പോവും. തികഞ്ഞ മാസ് മസാലയായ ചിത്രം രണ്ടാം പകുതിയിലാണ് വിജയ്‌യ്ക്കുവേണ്ടി മാറ്റിയെഴുതപ്പെടുന്നത്. പ്രകടനങ്ങളെല്ലാം ഇത്തരം പതിവ് ചിത്രങ്ങളുടെ ഫോർമാറ്റിലുള്ളതാണ്. വിജയ്‌യ്ക്കുവേണ്ടി എഴുതപ്പെട്ട വേഷം വിജയ് അദ്ദേഹത്തിന്റെ ശൈലിയിൽ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുന്നു. ഫൈറ്റ് സീനുകളിലെ അദ്ദേഹത്തിന്റെ മെയ്‌വഴക്കം അപാരം. മറ്റ് സൂപ്പർസ്റ്റാറുകൾ അവതരിപ്പിച്ചാൽ കല്ലുകടിയായി തോന്നുന്ന നർമം നിറഞ്ഞ സംഭാഷണങ്ങൾ വിജയ് ആയതുകൊണ്ടുമാത്രം പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുന്നു. രണ്ടുപാട്ടുകളും വിജയ് പാടിയിട്ടുണ്ട്.
പ്രകടനങ്ങളിൽ എടുത്തുപറയേണ്ടത് സ്റ്റൈലിഷെന്നോ ഡെവിളിഷ് എന്നോ വിശേഷിപ്പിക്കാവുന്ന വില്ലനായെത്തിയ ബോബി ഡിയോൾ ആണ്. ആ കഥാപാത്രം തന്നെ മികച്ചതാണ്. എഴുത്തിന് മുകളിലുള്ള പ്രകടനം ബോബി ഡിയോൾ കാഴ്ചവെക്കുന്നുമുണ്ട്. ഗുണ്ടയായി തുടങ്ങി സ്വന്തം പാർട്ടി രൂപവത്കരിച്ച് സംസ്ഥാനം നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരന്റെ വേഷം പ്രകാശ് രാജ് പതിവുപോലെ അദ്ദേഹത്തിന്റേതായ അനായാസതയോടെ മികച്ചതാക്കുന്നു. കൈയടി അർഹിക്കുന്ന മറ്റൊരു പ്രകടനം മമിത ബൈജുവിന്റേതാണ്. അയലത്തെ കുട്ടിയിൽനിന്ന് മമിത ഇന്ന് എത്തിനിൽക്കുന്ന ഉയരം മനസിലാക്കണമെങ്കിൽ 'ജനനായകനി'ലെ അവസാന പത്തുമിനിറ്റ് മാത്രം കണ്ടാൽ മതി.
എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതികമായി അങ്ങേയറ്റം ഉന്നത നിലവാരും പുലർത്തുന്ന മേക്കിങ്ങാണ് ചിത്രത്തിന്റേത്. അസാധ്യമെന്ന് തോന്നുന്ന പല സീനുകളും വിശ്വസനീയമാക്കുന്നതിൽ എച്ച്. വിനോദിന്റേയും ഛായാഗ്രാഹകൻ സത്യൻ സൂര്യൻ, ചിത്രസംയോജകൻ പ്രദീപ് ഇ. രാഘവൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവരുടെ ടീം വർക്ക് അപാരമാണ്. അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിന് വേണ്ടി മാത്രം ഒരുതവണ കൂടി സിനിമയ്ക്ക് ടിക്കറ്റെടുക്കാം. മാസ് സീനുകൾ എലവേറ്റ് ചെയ്യുന്നതിൽ അനിരുദ്ധിന്റെ കൈയടക്കം സമാനതകളില്ലാത്തതാണ്.
വെട്രി എന്ന ചിത്രത്തിൽ ബാലതാരമായാണ് വിജയ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അയാൾ പ്രേക്ഷകർക്കിടയിലുണ്ട്. സൂപ്പർതാരമായും നായകനായും ഗായകനായുമൊക്കെ അയാൾ പ്രേക്ഷകരെ രസിപ്പിച്ചു. അയാളുടെ സിനിമകളെക്കുറിച്ച് പ്രേക്ഷകർക്ക് പല എതിരഭിപ്രായങ്ങളുമുണ്ടായിരുന്നു. എന്നാൽ, അയാൾക്ക് സ്വന്തമായി ഒരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തു. അയാളുടെ മാസ് മസാല ചിത്രങ്ങളിലൂടെ രാഷ്ട്രീയം പറഞ്ഞു. ബുദ്ധിജീവി ചിത്രങ്ങൾക്ക് നൽകാൻ കഴിയാത്ത സന്ദേശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ അയാൾക്ക് സാധിച്ചു. മറിച്ചൊരു തീരുമാനം അയാൾ കൈക്കൊണ്ടില്ലെങ്കിൽ തീർച്ചയായും വലിയൊരു ശൂന്യതയാണ് ഇന്ത്യൻ ജനപ്രിയ സിനിമാ മേഖലയിൽ ഉണ്ടാവാൻ പോവുന്നത്. അയാളുടെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയാണെങ്കിലും ഇത്രയും ധൈര്യത്തോടെ, വലിയ ചിത്രങ്ങളിൽ രാഷ്ട്രീയം പറയുന്ന മറ്റൊരു നടൻ അയാൾക്ക് സമകാലികനായില്ല. അയാൾ സിനിമ അവസാനിപ്പിച്ചാൽ നഷ്ടമാവാൻ പോവുന്നതും ആ ധൈര്യമാണ്.
Content Highlights: "Jana Nayagan," directed by H. Vinoth and starring Thalapathy Vijay, has hit theaters, blending high-octane mass action with clear political statements. Based on the core narrative of the Telugu film "Bhagavanth Kesari," Vijay plays Vetri, an ex-cop balancing a personal mission of raising a young girl (Mamitha Baiju) while confronting powerful political foes. The movie serves as a direct political megaphone for Vijay’s political party (TVK), heavily criticizing opponents and asserting his position in Tamil Nadu politics through MGR references and anti-divisive themes. Technical aspects like Satyan Sooryan's cinematography, Pradeep E. Raghav's editing, and Anirudh Ravichander's powerful background score along with solid performances by Bobby Deol and Mamitha Baiju elevate the theater experience. Overall, the film showcases Vijay’s rare courage to blend mainstream commercial cinema with bold political messaging, making his potential exit from films a significant loss for Indian popular cinema
Published: 23 Jul 2026, 10:49 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented