
അനാര്‍ക്കലി മരിക്കാറും അല്‍ത്താഫ് സലിമും 'ഇന്നസെന്റി'ല്‍, 'ഇന്നസെന്റ്' പോസ്റ്റര്‍ | Photo: Screen grab/ YouTube: Muzik247, Instagram/ Innocent
ഇന്നസെന്റായ, മിസ്റ്റര്‍ ക്ലീനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സാധാരണനിലയില്‍ പോയിക്കൊണ്ടിരിക്കുന്ന അയാളുടെ ജീവിത്തില്‍ വിവാഹത്തിന് അരങ്ങൊരുങ്ങുന്നു. സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് ഒരുട്രീറ്റ് നല്‍കുന്നു. കഷ്ടകാലം വന്നപ്പോള്‍ സിസ്റ്റം ഒന്നൊന്നായി അയാള്‍ക്കെതിരേ 'ഗൂഢാലോചന' നടത്തുമ്പോള്‍ ജീവിതം കീഴ്‌മേല്‍ മറിയുന്നു. ഇതില്‍നിന്ന് കരകയറാനുള്ള അയാളുടെ ശ്രമങ്ങള്‍ പൊട്ടിച്ചിരികള്‍ മാത്രം നിറഞ്ഞ ഒരു ചിത്രമായി മാറുന്നു. കേവലം രണ്ടുമണിക്കൂര്‍ എട്ടുമിനിറ്റില്‍ കോമഡി ഡ്രാമ ഴോണറില്‍ മികച്ച സിനിമാനുഭവമാണ് സംവിധായന്‍ സതീഷ് തന്‍വി 'ഇന്നസെന്റി'ലൂടെ സമ്മാനിക്കുന്നത്.
അവിവാഹിതനായ വിനോദ് എന്ന നഗരാസൂത്രണവകുപ്പിലെ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അല്‍ത്താഫ് സലിം ചിത്രത്തിലെത്തുന്നത്. വിനോദിന്റെ സുഹൃത്തിന്റെ വേഷത്തില്‍ ജോമോന്‍ ജ്യോതിര്‍ ഉടനീളമുണ്ട്. ഫുഡ് ഇന്‍സ്‌പെക്ടറുടെ റോളിലാണ് അനാര്‍ക്കലി മരിക്കാര്‍. അല്‍ത്താഫിന്റെ മറ്റൊരു നായികയായ രജിത എന്ന കഥാപാത്രമായി അന്ന പ്രസാദുമെത്തുന്നു. വിനോദിന്റെ സഹോദരനായി അസീസ് നെടുമങ്ങാടും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് തട്ടില്‍, നോബി മാര്‍ക്കോസ്, മിഥുന്‍ രമേശ്, ഉണ്ണിലാലു, സോഹന്‍ സീനുലാല്‍, റിയാസ് നര്‍മകല, രാജേഷ് കേശവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. സോഷ്യല്‍മീഡിയ താരങ്ങളായ ഉണ്ണിക്കണ്ണന്‍ മംഗലംഡാം, ലക്ഷ്മി സഞ്ജു, സുജിത്ത് ഭക്തന്‍, ആര്‍ജെ അഞ്ജലി എന്നിവരും ചിത്രത്തിലുണ്ട്. നിര്‍ണായകമൊയൊരു രംഗത്തില്‍ അതിഥിവേഷത്തിലാണ് ടാന്‍സാനിയന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ കിലി പോള്‍.
രജിതയുമായി വിനോദിന്റെ വിവാഹമുറപ്പിക്കുന്നു. കല്യാണമുറപ്പിച്ച വിവരം അറിഞ്ഞ സഹപ്രവര്‍ത്തകര്‍ വിനോദിനോട് ട്രീറ്റ് ചോദിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണംകഴിച്ച് ഇറങ്ങിയ വിനോദ് പിന്നീട് എത്തിച്ചേരുന്ന സാഹചര്യം അയാള്‍ക്ക് വലിയ മാനഹാനിയുണ്ടാക്കുന്നു. വിവാഹം മുടക്കുന്നു, സമൂഹത്തില്‍ വെറുക്കപ്പെട്ടവനാക്കുന്നു. അതില്‍നിന്ന് അയാള്‍ കരയറാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സിനിമകളില്‍ കഥപറയാന്‍ ഉപയോഗിക്കുന്ന ഡൊമിനോസ് ഇഫക്ട് എന്ന സങ്കേതത്തെ 'ഇന്നസെന്റി'ല്‍ സമര്‍ഥമായി ഉപയോഗിച്ചിട്ടുണ്ട്. അത് തന്നെയാണ് തിരക്കഥയുടെ ശക്തി. അടിമുടി പൊട്ടിച്ചിരിയാണ് ചിത്രത്തിന്റെ സ്വഭാവം. സാന്ദര്‍ഭിക നര്‍മങ്ങളില്‍നിന്നും ആക്ഷേപഹാസ്യങ്ങളില്‍നിന്നുമാണ് ‘ഇന്നസെന്റ്’ പൊട്ടിച്ചിരിയൊരുക്കുന്നത്. ഇവിടെ ടെലിവിഷന്‍ പരമ്പരകളിലൂടെ നമ്മെ രസിപ്പിച്ച സംവിധായകന്റെ കൈയൊപ്പുകാണാം.
ടെലിവിഷന്‍ രംഗത്തുനിന്ന് സിനിമയിലെത്തിയ സംവിധായകനാണ് സതീഷ് തന്‍വി. ജനപ്രിയ കോമഡി ടെലിവിഷന്‍ പരമ്പരകള്‍ക്കും താരസംഘടന 'അമ്മ'യുടെ ഷോകള്‍ക്കും സ്‌കിറ്റുകള്‍ ഒരുക്കിയ പരിചയത്തില്‍നിന്നാണ് സതീഷ് ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്.
ഒരിടത്തും പ്രേക്ഷകനെ മടുപ്പിക്കാത്തതാണ് ചിത്രം. സമീപകാലത്ത് സാമൂഹികമാധ്യമങ്ങളിലും പൊതുമണ്ഡലങ്ങളിലുമുണ്ടായ മാറ്റങ്ങളെ സിനിമ രസകരമായി കോര്‍ത്തിണക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ മാധ്യമങ്ങളില്‍ ചെലുത്തിയ മാറ്റത്തെത്തുടര്‍ന്ന് വന്നുചേര്‍ന്ന അപചയത്തെ റിയലിസ്റ്റിക്കായി തന്നെ ചിത്രം ട്രോളുന്നു. മലയാളികള്‍ ഓരോ കാര്യങ്ങളേയും സമീപിക്കുന്നതിന്റെ മനഃശാസ്ത്രം ഗൗരവം ചോരാതെ തന്നെ ചിരിയിലൂടെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. ചില സീനുകള്‍ സംഭവിക്കുന്നതിന് മുമ്പുതന്നെ വരാനിരിക്കുന്നതിലെ ഹാസ്യം പ്രേക്ഷകന് പൊട്ടിച്ചിരിയിലേക്ക് വഴിയൊരുക്കുന്നു. ചില സീനുകള്‍ കഴിഞ്ഞുപോയാലും തീയേറ്ററില്‍ ചിരി തങ്ങിനില്‍ക്കുന്നു. സാമൂഹികമാധ്യമങ്ങിലെ ചില ട്രോളുകളും വിദഗ്ധമായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. നായകന്‍ ദുരന്തസമാനമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുമ്പോള്‍, അതിന്റെ തീവ്രത പ്രേക്ഷകനെ അനുഭവിപ്പിക്കുന്നതും ഹാസ്യത്തിലൂടെയാണ്. ഇവിടെ അടുത്തകാലത്ത് ട്രെന്‍ഡായി മാറിയ 'നടുപ്പേജ് കീറി' എന്ന ഡബ്‌സി- സിത്താര ടീമിന്റെ പാട്ടിനെ ഉപയോഗിച്ചിരിക്കുന്നതും രസകരമായാണ്. തുടക്കത്തില്‍ പ്രേക്ഷകനില്‍ അവശേഷിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് എന്‍ഡ് ക്രെഡിറ്റിന് മുമ്പേ തന്നെ ഉത്തരം നല്‍കുന്നുണ്ട്. ഇതും തിരക്കഥയുടെ ശക്തിയാണ്.
എലമെന്റ്‌സ് ഓഫ് സിനിമ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡിയാണ് ചിത്രം നിര്‍മിച്ചത്. ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സംവിധായകന്‍ സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരക്കുന്നത്. ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം തന്നെ രസകരമാണ്. കൗണ്ടറുകളും അതിന്മേല്‍ കൗണ്ടറുകളുമുള്ള മികച്ച സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. റിയാസ് കെ. ബദര്‍ ആണ് എഡിറ്റര്‍ ഇരുവരും തങ്ങളുടെ ഭാഗം മികച്ചതായി നിര്‍വഹിക്കുന്നു. ജയ് സ്റ്റെല്ലാറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ഓളത്തില്‍ സഞ്ചരിക്കുന്നവയാണ്. മൂഡിനൊത്തുള്ള വരികള്‍ നല്‍കുന്നതിലെ തന്റെ കൈയ്യൊതുക്കവും തഴക്കവും വിനായക് ശശികുമാര്‍ ആവര്‍ത്തിക്കുന്നു. വസ്ത്രാലങ്കാരം നിര്‍വഹിച്ച ഡോണ മറിയം ജോസഫ്, സുധി സുരേന്ദ്രന്‍ (മേക്കപ്പ്), മധു രാഘവന് (കലാസംവിധാനം) എന്നിവരും കൈയടി അര്‍ഹിക്കുന്നുണ്ട്.
പ്രധാനകഥാപാത്രങ്ങളൊക്കെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഹാസ്യരംഗങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അല്‍ത്താഫ് സലിമന്റെ കൈയടക്കം അപാരമാണ്. അല്‍ത്താഫിന്റെ ചില ചലനങ്ങള്‍പ്പോലും തീയേറ്ററില്‍ കൂട്ടച്ചിരിയൊരുക്കുന്നു. ബോള്‍ഡായ, ജീവിതത്തിലെ പ്രതിസന്ധികളെ ഗ്രേസ്ഫുളായി നേരിടുന്ന ഫുഡ് ഇന്‍സ്‌പെക്ടറുടെ റോള്‍ അനാര്‍ക്കലിയില്‍ ഭദ്രമാണ്. ആദ്യപകുതിയില്‍ വിനോദിന്റെ ഭാവിവധുവായ രജിതയുടെ വേഷം അവതരിപ്പിച്ച അന്നാ പ്രസാദിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പ്രധാനവേഷത്തിലുള്ള അസീസ് മുതല്‍, ചെറിയ കഥാപാത്രങ്ങളായെത്തിയവര്‍പ്പോലും കൈയടിയര്‍ഹിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ബാലതാരങ്ങളായ ബേബി വേദിക, മാസ്റ്റര്‍ ഗിരി നന്ദന്‍ എന്നിവരും ചിത്രത്തിനൊത്തുയരുന്നു.
120 തീയേറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. ഇവിടങ്ങളില്‍ ഒരേസമയം കൈകൊട്ടിക്കളി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ലക്ഷ്യമിട്ടായിരുന്നു ശ്രമം.
ചിലയിടങ്ങളില്‍ എത്തിനില്‍ക്കുന്ന ഉയരത്തില്‍നിന്ന് ചിത്രം താഴെപ്പോവുന്നു എന്നതൊഴിച്ചാല്‍ കംപ്ലീറ്റ് ഫണ്‍ റൈഡാണ് 'ഇന്നസെന്റ്'. രണ്ടമണിക്കൂര്‍ എട്ട് മിനിറ്റ് പ്രേക്ഷകന് സംതൃപ്തി നല്‍കുന്ന, പൊട്ടിച്ചിരിയുടെ സിനിമാനുഭവം 'ഇന്നസെന്റ്' നല്‍കുന്നു.
Content Highlights: Experience the hilarious chaos of Innocent, a comedy-drama that satirizes the system. A government officer`s life turns upside down. Pure laughter guaranteed- Innocent movie Review
Published: 07 Nov 2025, 03:10 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented