റൊമാന്റിക് ത്രില്ലർ എന്ന ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഫെയ്സസ്.

പതിയെ തുടങ്ങി മനസിലേക്ക് ആളിപ്പടരുന്ന അനുഭവമായി മാറുന്ന ചില ചിത്രങ്ങളുണ്ട്. സിനിമ കണ്ടിറങ്ങിയാലും കൂടെപ്പോരുന്നവരായിരിക്കും അത്തരം സിനിമകളിലെ കഥാപാത്രങ്ങൾ. നവാഗതനായ നീലേഷ് ഇ.കെ സംവിധാനം ചെയ്ത ഫെയ്സസ് എന്ന ഏറ്റവും പുതിയ ചിത്രത്തെ ഈ ഗണത്തിൽപ്പെടുത്താം. കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയുമാണ് പ്രധാന വേഷങ്ങളിൽ. സുമൻ സുദർശനനും, സംവിധായകൻ നീലേഷും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്നാണ് നിർമാണം.
റൊമാന്റിക് ത്രില്ലർ എന്ന ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഫെയ്സസ്. ഒരപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണ് നിത്യ. ആശുപത്രിയിൽവെച്ച് ബോധം വീണ്ടെടുക്കുന്ന നിത്യക്ക് തനിക്കെന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല. ചിത്രകാരനായ മൈക്കൽ എന്നൊരാൾക്കൊപ്പമാണ് താൻ താമസിച്ചിരുന്നത് എന്നുമാത്രമാണ് നിത്യക്ക് ഓർമയുള്ളത്. മൈക്കൽ എവിടെയാണെന്നോ, എന്താണ് സംഭവിച്ചതെന്നോ ഓർത്തെടുക്കാൻ അവൾക്ക് സാധിക്കുന്നില്ല. മൈക്കലിനെ തേടി നിത്യ നടത്തുന്ന യാത്രയാണ് ഫെയ്സസ് എന്ന ചിത്രത്തിന്റെ ആകെത്തുക.
നിത്യയുടെ ഓർമയിലൂടെ മൈക്കലിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ചിത്രം ശ്രമിക്കുന്നത്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നുണ്ട് ചിത്രം. മൈക്കലിന് എന്തുസംഭവിച്ചെന്ന് കണ്ടെത്താനുള്ള നിത്യയുടെ ശ്രമങ്ങൾക്കൊപ്പം പ്രേക്ഷകനേയും നടത്തുകയാണ് സംവിധായകൻ. മൈക്കൽ എന്ന കഥാപാത്രത്തെ പല ലേയറുകളുള്ള ഒരു വ്യക്തിയായാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊന്നുകൂടിയായ മൈക്കലിന്റെ ജോലി ചിത്രരചന ആയതുകൊണ്ട് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ നിറങ്ങളുമായി ചേർത്തും വായിക്കാം. ഒന്നിലധികം നിറങ്ങൾ ചേരുമ്പോൾ പുതിയൊരു നിറം ലഭിക്കുന്നുവെന്ന ആശയവും മൈക്കലും നിത്യയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ ഫെയ്സസിന്റെ അണിയറപ്രവർത്തകർ കാട്ടിത്തരുന്നുണ്ട്.
പ്രകടനങ്ങളിലേക്കുവന്നാൽ നിത്യയായെത്തിയ ഹന്ന റെജി കോശിയും മൈക്കലായെത്തിയ കലേഷ് രാമാനന്ദുമാണ് സിനിമയുടെ നെടുംതൂണുകൾ. പ്രണയം, നിരാശ, പ്രതീക്ഷ, ഭയം, നിസ്സഹായത, ഒറ്റപ്പെടൽ എന്നിങ്ങനെ നിരവധി അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട് നിത്യ. ആന്തരിക സംഘർഷങ്ങൾക്കൊപ്പം തന്നെ ആരും മനസിലാക്കുന്നില്ലെന്ന പ്രശ്നവും നിത്യക്കുണ്ട്. തനിക്ക് മുന്നിൽ നിൽക്കുന്നത് ആരാണെന്നുപോലും മനസിലാകാത്ത നിത്യയെ ഹന്ന റെജി കോശി മികവുറ്റതാക്കി. മൈക്കൽ എന്ന അതിനിഗൂഢമായ കഥാപാത്രം കലേഷിൽ ഭദ്രമായിരുന്നു. ഹൃദയം എന്ന ചിത്രത്തിലെ സെൽവ എന്ന നിഷ്കളങ്കനായ കഥാപാത്രത്തിൽനിന്ന് ബഹുദൂരം അകലെ നിൽക്കുന്ന കഥാപാത്രം കലേഷ് കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
അർജുൻ ഗോപാൽ, ജയ കുറുപ്പ്, ശിവജി ഗുരുവായൂർ, ആർജെ വിജിത, സരയൂ എന്നിവരും കഥാപാത്രത്തോട് നീതി പുലർത്തി. ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, ടി.എസ് സുരേഷ് ബാബു,നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. അനുദിനം നിരവധി ത്രില്ലറുകൾ ഇറങ്ങുന്ന ഇക്കാലത്ത് പ്രമേയംകൊണ്ടും അതുയർത്തുന്ന സന്ദേശംകൊണ്ടും അവതരണ ശൈലികൊണ്ടും വ്യത്യസ്തമാണ് ഫെയ്സസ്.
Content Highlights: A unique romantic thriller with a non-linear narrative exploring memory and identity., Stellar performances by lead actors Kalesh Ramanand as the mysterious Michael and Hanna Reji Koshy as Nithya., Praised for its distinct presentation style that sets it apart from contemporary thrillers.
Published: 06 Mar 2026, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented