മലയാള സിനിമയുടെ നാഴികക്കല്ലായ ചിത്രത്തിന്റെ തുടർച്ച. കോവിഡിൽ തിയേറ്ററിൽ നഷ്ടപ്പെട്ട രണ്ടാം ഭാഗത്തിന്റെ അനന്തരകഥ. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോർജുകുട്ടിയുടെ തിരിച്ചുവരവ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത 'ദൃശ്യം 3'-യെ സംബന്ധിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നു. പ്രേക്ഷകർ എന്തു പ്രതീക്ഷിക്കുന്നോ അതിനപ്പുറമുള്ള അനുഭവമാണ് ചിത്രം തിയേറ്ററിൽ സമ്മാനിക്കുന്നത്. കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരേയും പോകുന്ന ജോർജുകുട്ടി ഇത്തവണ പ്രേക്ഷകരെ കൂടുതൽ ഞെട്ടിക്കുന്നു, വികാരാധീനരാക്കുന്നു.

To advertise here,

ഇമോഷണൽ കുടുംബചിത്രമെന്നാണ് ജീത്തു ദൃശ്യം 3-നെക്കുറിച്ച് അവകാശപ്പെട്ടത്. അവകാശവാദങ്ങളോട് പൂർണ്ണമായും നീതി പുലർത്തുന്ന ചിത്രമാണിത്, രണ്ടാം പകുതിയിലെ അവസാന അരമണിക്കൂറിന് മുമ്പുവരെ. പിന്നീട് പതിവ് ജീത്തു ചിത്രത്തിന്റെ ട്രാക്കിലേക്ക് ചിത്രം കയറുന്നു. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ സ്‌ക്രീനിൽ തെളിയുന്നു. അത്ഭുതത്തോടെയല്ലാതെ പിന്നീട് സിനിമ കണ്ടുതീർക്കാൻ കഴിയില്ല, രണ്ടാം ഭാഗത്തിൽ ശാന്തി മായാദേവിയുടെ കഥാപാത്രം കോടതി മുറിയിൽനിന്നതുപോലെ.

സ്വന്തം മകന്റെ തിരോധാനക്കേസ് തെളിയിക്കപ്പെടാതെ പോയതിൽ മാനസികമായി തളർന്ന മുൻ ഐജിയായ ഒരമ്മയുടെ പ്രതികാരദാഹമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പ്രമാദമായ വരുൺ വധക്കേസ് തെളിയിക്കാൻ ഇത്തവണ അപ്രതീക്ഷിതരായ ചില ആളുകൾ കടന്നുവരുന്നു. അവർക്കൊപ്പം മുരളി ഗോപി അവതരിപ്പിക്കുന്ന ഐജി തോമസ് ബാസ്റ്റിൻ ഐപിസും പോലീസ് സംവിധാനവുമുണ്ട്.

പതിഞ്ഞ താളത്തിലാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യരണ്ടുഭാഗങ്ങൾ എവിടെ നിർത്തിയെന്ന് ടൈറ്റിൽ ക്രെഡിറ്റിൽ സംവിധായകൻ പ്രേക്ഷകനെ ഓർമിപ്പിക്കുന്നു. ലീനിയറായാണ് കഥാഗതിയുടെ സഞ്ചാരം. വരാനിരിക്കുന്നതിനെല്ലാം വിശദീകരണങ്ങൾ നൽകിയാണ് ചിത്രം പുരോഗമിക്കുന്നത്. അതിനിടെ ജോർജുകുട്ടിക്കും കുടുംബത്തിനും കഴിഞ്ഞകാലങ്ങളിലുണ്ടായ മാറ്റങ്ങളും മാറ്റമില്ലായ്മയുമെല്ലാം നേരത്തേ തന്നെ രജിസ്റ്റർ ചെയ്തുവെക്കുന്നു. അതിനിടയിൽ ആദ്യഭാഗത്തെ ഓർമിപ്പിക്കുന്ന, ഹൃദ്യമായ കുടുംബമുഹൂർത്തങ്ങൾ ചിത്രത്തിൽ വന്നുപോകുന്നുണ്ട്.

പ്രേക്ഷകൻ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലാണ് ആദ്യപകുതി അവസാനിക്കുന്നത്. ഇവിടെ മുതൽ ചിത്രത്തിൽ ഒരു കഥാപാത്രം കടന്നുവരുന്നു. ആ കഥാപാത്രവും പുതിയ ദൗത്യത്തിനായി അയാളെ നിയോഗിച്ച വ്യക്തിയും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സംവിധാനത്തിന്റെ സഹായം തേടുന്നതോടെ തന്റെ പിന്നിൽ വീണ്ടും പോലീസുകാരുണ്ടെന്ന് ജോർജുകുട്ടിക്ക് മനസിലാവുന്നു. പതിവുപോലെ അവിടുന്നങ്ങോട്ട് ജോർജുകുട്ടിയും പോലീസും തമ്മിലെ മോസ് ആൻഡ് ക്യാറ്റ് കളിയാണ്. അതൊരിക്കലും ആദ്യരണ്ടുഭാഗങ്ങളിലേതുപോലെ ദൈർഘ്യമേറിയതല്ല. എന്നാൽ, ആ കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടേറെ വഴിത്തിരിവുകളിലൂടെ ചിത്രം കടന്നുപോവുകയും ചെയ്യുന്നു.

കാണാനാഗ്രിഹിക്കുന്ന മോഹൻലാലിനെ വീണ്ടും അവതരിപ്പിച്ചതാണ് ജീത്തു പ്രേക്ഷകന് നൽകിയ സമ്മാനങ്ങളിലൊന്ന്. അയാൾ ചിരിക്കുന്നു, ചിരിപ്പിക്കുന്നു. കുസൃതി കാട്ടുന്നു. കരയുന്നു, കരയിപ്പിക്കുന്നു. വില്ലനെ തല്ലുന്നു. അപ്പോഴെല്ലാം ജോർജുകുട്ടിയേക്കാൾ കൂടുതൽ മോഹൻലാലിനൊപ്പമാണ് പ്രേക്ഷകൻ സഞ്ചരിക്കുന്നത്.

മോഹൻലാലിന്റെ പ്രകടനവും തിരക്കഥയും മേക്കിങ്ങുമാണ് ചിത്രത്തിന്റെ ശക്തി. ജീത്തുവിന്റെ തന്നെ ഒടുവിലിറങ്ങിയ ചിത്രങ്ങളുമായും താരതമ്യംചെയ്യുമ്പോൾ, തിയേറ്റർ അനുഭവം സമ്മാനിക്കുന്നതിൽ മേക്കിങ് വളരേയേറെ മെച്ചപ്പെട്ടിട്ടുണ്ട്. വളരെ പരന്ന, നേർരേഖയിൽ പോവുന്ന ചിത്രത്തെ അപ്രതീക്ഷിതമായി വഴിതിരിച്ചുവിടാനുള്ള ജീത്തുവിന്റെ അസാധാരണമായ ശേഷി മൂന്നാം ഭാഗത്തിലെത്തി നിൽക്കുമ്പോഴും പ്രകടമാണ്. നർമസന്ദർഭങ്ങൾ ആദ്യഭാഗത്തിലേതുപോലെ സ്വാഭാവികമായി തിരക്കഥയിൽ ഉൾച്ചേർത്തിട്ടുണ്ട്. അതിനെല്ലാമുപരിയായി, കഥാപാത്രങ്ങളുടെ വ്യക്തിത്വം ഇത്രയും വർഷങ്ങൾക്കുശേഷവും നിലനിർത്താൻ സാധിക്കുന്നു എന്നത് അപാരമാണ്. ജോർജുകുട്ടി, അയാളെ നിർവചിക്കുന്ന സ്വഭാവസവിശേഷതകളിൽനിന്ന് വിട്ടുപോയോ എന്ന് തോന്നിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. എന്നാൽ, അതിനെല്ലാം വിശദീകരണം രണ്ടാം പകുതിയുടെ അവസാനത്തോട് അടുത്ത് പ്രേക്ഷകന് ലഭിക്കുന്നുണ്ട്.

സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം ചിത്രത്തോടൊപ്പമാണ്‌ സഞ്ചരിക്കുന്നത്. സംഗീതസംവിധായകൻ അനിൽ ജോൺസൺ കൈയടി അർഹിക്കുന്നുണ്ട്. ആദ്യഭാഗത്തിലെ നിഴലേ.., ജോർജുകുട്ടി പെട്ടുപോയ പുറത്തുകടക്കാനാവാത്ത കുരുക്കിനെ അത്ര ആഴത്തിൽ രേഖപ്പെടുത്തിയ പാട്ടായിരുന്നു. അതിന്റെ പൂർണ്ണരൂപം ചിത്രത്തിലുണ്ടായിരുന്നില്ല. ആ പാട്ടിന്റെ ചുവടുപിടിച്ചാണ് നിർണായരംഗങ്ങളിലെല്ലാം മൂന്നാം ഭാഗത്തിൽ അനിൽ ജോൺസൺ പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ചിലയിടങ്ങളിൽ എവിടെ നിർത്തണമെന്ന് മറന്നുപോവുന്നതൊഴിച്ചാൽ, ചിത്രസംയോജകൻ വി.എസ്. വിനായകും പ്രശംസയർഹിക്കുന്നു.

ജോർജുകുട്ടിയുടെ ഭാര്യയുടെ വേഷത്തിൽ മീനയും മക്കളായ അഞ്ജുവും അനുവുമായി അൻസിബയും എസ്തറും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കാലംകൊണ്ട് മക്കളിൽ വന്നുചേർന്ന മാറ്റങ്ങൾ വിശ്വസനീയമായി തന്നെ ഇരുവരും അതരിപ്പിക്കുന്നു. എസ്തർ പ്രത്യേകം കൈയടി അർഹിക്കുന്നു. അൻസിബയുടെ കഥാപാത്രത്തെ ചുറ്റിയാണ് കഥ പൂർണ്ണമായി നീങ്ങുന്നത്. ആ നിലയ്ക്ക് അവരുടേതും മികച്ച പ്രകടനമാണ്. പ്രഭാകറായി സിദ്ദിഖും തോമസ് ബാസ്റ്റിനായി മുരളി ഗോപിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പ്രഭാകറിന്റെ വ്യക്തിത്വത്തിലുണ്ടാവുന്ന മാറ്റം വിശ്വസനീയമാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.

അപ്രതീക്ഷിത, ഇതുവരെ വെളിപ്പെടുത്താത രണ്ട് കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലുണ്ട്. കാര്യമായ സ്‌ക്രീൻ സ്‌പേസ് ഇല്ലെങ്കിലും ആശ ശരത്തിന്റെ സാന്നിധ്യം ചിത്രത്തെ മുന്നോട്ടുനയിക്കുന്നു. മാധ്യമപ്രവർത്തകയായെത്തിയ വീണ നന്ദകുമാറിന്റേത് കഥാപാത്രത്തോട് നീതി പുലർത്തുന്ന പ്രകടനമാണ്. അഡ്വ. രേണുകയായി ശാന്തി മായാദേവി, സാബു എന്ന പോലീസ് ഉദ്യോഗസ്ഥനായി സുമേഷ് ചന്ദ്രൻ, അജിത്ത് കൂത്താട്ടുകുളം, ദിനേശ് പ്രഭാകർ, ഇർഷാദ് അലി, ഗണേഷ് കുമാർ തുടങ്ങി ചെറുതും വലുതുമായ വേഷത്തിൽ ഒട്ടേറെ താരങ്ങളുണ്ട്. അവരെല്ലാം മാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ജോർജുകുട്ടിയുടെ സഞ്ചാരമാണ് ദൃശ്യം പരമ്പര. ക്ലാസിക് ക്രിമിനൽ എന്നാണ് പ്രേക്ഷകർ ജോർജുകുട്ടിയെ വിശേഷിപ്പിച്ചത്. മൂന്നാം ഭാഗത്തിലെത്തുമ്പോൾ ജോർജുകുട്ടിയുടെ വൈകാരിക തലത്തെയാണ് സംവിധായകൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. അയാളെ ക്രിമിനലാക്കുന്നത് അയാളിലെ അച്ഛനാണ്. ഇത്തവണ ജോർജുകുട്ടി ക്ലാസിക് ക്രിമിനലിലേക്കാൾ, ക്ലാസിക് അച്ഛനാണ്. കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരേയും പോകുന്ന അച്ഛൻ!