സാധാരണക്കാരുടെ പ്രശ്നങ്ങളും അവരുടെ ശബ്ദവും പലപ്പോഴും ഉയർന്ന് കേൾക്കാറില്ല. എന്നാൽ ഒരാൾ നീതിക്ക് വേണ്ടി ശബ്ദമുയർത്താൻ തുനിഞ്ഞിറങ്ങിയാൽ ചിലപ്പോൾ പ്രതിബന്ധങ്ങളെല്ലാം വഴിമാറിയേക്കാം. അത്തരത്തിലൊരു സാധാരണക്കാരന്റെ വേറിട്ട ശബ്ദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദിലീപ് നായകനാകുന്ന 'വോയ്സ് ഓഫ് സത്യനാഥൻ'. 

To advertise here,

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് നായക വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റാഫിയാണ്. 2014-ൽ പുറത്തിറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടെെറ്റിൽ കഥാപാത്രമായ സത്യനാഥനായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

കുറച്ചൊക്കെ കള്ളത്തരങ്ങൾ കെെവശമുള്ള സത്യനാഥന്റേയും ഭാര്യയുടേയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. നാക്കുപിഴയാണ് സത്യനാഥന്റെ പ്രധാന പ്രശ്നം. ഇക്കാരണം കൊണ്ട് ഒട്ടേറെ ശത്രുക്കളേയും നേടി. കുറച്ചൊക്കെ തരികിട കെെവശമുള്ള സത്യനാഥന്റെ പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ചിരിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ഈ പ്രശ്നങ്ങൾ തന്നെ ഒരുക്കുന്നുണ്ട്. നാക്കുപിഴകൊണ്ട് ചെറിയ പ്രശ്നങ്ങളിൽ നിന്ന് ജീവിതത്തിന്റെ ​ഗതിതന്നെ മാറുന്ന പ്രശ്നങ്ങളിലേയ്ക്ക് സത്യനാഥൻ എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. 

നാക്കുപിഴകൊണ്ട് ഒന്ന് മിണ്ടാൻ പോലും മടിക്കുന്ന സത്യനാഥനെയാണ് പ്രേക്ഷകർ ആദ്യപകുതിയിൽ കാണുന്നത്. എന്നാൽ അനീതിക്കെതിരെ നാവ് ഉയർത്തുന്ന സത്യനാഥനെ പിന്നീട് കാണാം, ഒരു സാധാരണക്കാരന്റെ ശബ്ദം. ഹാസ്യരൂപത്തിൽ സാധാരണക്കാരൻ നേരിടാനിടയുള്ള പല പ്രശ്നങ്ങളും സിനിമ പറഞ്ഞുപോകുന്നുണ്ട്. 

സിറ്റുവേഷണൽ കോമഡികൾ കൊണ്ട് സമ്പന്നമാണ് ചിത്രം. തമാശകൾക്കൊപ്പം ​ഗൗരവമേറിയ പ്രമേയവും ചിത്രം കെെകാര്യം ചെയ്യുന്നു.  വീണ നന്ദകുമാറാണ് നായിക. ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. അനുശ്രീ അതിഥി വേഷത്തിൽ എത്തുന്നു. 

ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും ഇവർക്കൊക്കെ കൃത്യമായ സ്പേസ് നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. സത്യനാഥനെന്ന കഥാപാത്രം ദിലീപിന്റെ കെെകളിൽ ഭദ്രമായിരുന്നു. ചിത്രത്തിൽ സിദ്ദിഖ് അവതരിപ്പിച്ച തബല വർക്കി എന്ന കഥാപാത്രം പ്രേക്ഷകനെ ചിരിപ്പിച്ച് കെെയടി നേടുന്നുണ്ട്. ദിലീപും സിദ്ദിഖും തമ്മിലുള്ള കോംബിനേഷൻ സീനുകൾ സിനിമയുടെ പ്രധാന ആകർഷകമായിരുന്നു. ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു ജോർജ് അവതരിപ്പിച്ചിരിക്കുന്നത്. 

ജിതിൻ സ്റ്റാൻസിലാവോസ്, സ്വരൂപ് ഫിലിപ്പ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം. ഷമീർ മുഹമ്മദാണ് എഡിറ്റിങ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ. എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.