പുതുമയുള്ള കഥയും സന്ദർഭങ്ങളും, അഭിനേതാക്കളുടെ ഒന്നിനൊന്ന് മികച്ച പ്രകടനം, ത്രില്ലടിപ്പിക്കുന്ന അവതരണശൈലി... ഇത്തരം ചിത്രങ്ങളെ മലയാളി പ്രേക്ഷകർ എന്നും നെ‍ഞ്ചോടു ചേർത്തുപിടിച്ചിട്ടേയുള്ളൂ. ഇക്കൂട്ടത്തിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ് ബിനോ അ​ഗസ്റ്റിൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ബി​ഗ് ബെൻ.  മകൾക്കുവേണ്ടി ഒരച്ഛൻ നടത്തുന്ന അതിസാഹസികമായ പോരാട്ടത്തിന്റെ കഥ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ത്രില്ലടപ്പിക്കുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ.

To advertise here,

കഥയുടെ 97 ശതമാനവും നടക്കുന്നത് യുകെയിലാണ്. ഇവിടെ തുടങ്ങുന്നു ബി​ഗ് ബെൻ എന്ന മലയാള ചിത്രത്തിന്റെ വ്യത്യസ്തത. നാട്ടിൽ ഒരു ചെറിയ പ്രശ്നത്തിലകപ്പെട്ട ജീൻ എന്ന എസ്.ഐ, ഒന്നര വയസുള്ള മകളേയുംകൊണ്ട് യു.കെയിൽ കെയർ ഹോമിൽ ജോലിനോക്കുന്ന ഭാര്യയ്ക്കടുത്തെത്തുന്നു. ഇവിടെ സമാധാനപരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകവേ സ്വന്തം മുൻകോപം കാരണം ജീൻ മറ്റൊരു പ്രശ്നത്തിൽപ്പെടുന്നു. ആ പ്രശ്നം അയാളുടെ കുടുംബത്തെതന്നെ അതീവ​ഗുരുതരമായി ബാധിക്കുന്നു. പ്രത്യേകിച്ച് ഒന്നര വയസുള്ള മകളെ. സ്വന്തം മകൾക്കുവേണ്ടി ജീൻ നടത്തുന്ന പോരാട്ടമാണ് പിന്നീട് ചിത്രം പറയുന്നത്.

ഏതാണ്ട് പൂർണമായും യു.കെയിലാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ആ പശ്ചാത്തലത്തിന്റെ അപരിചിതത്വമൊന്നും പ്രേക്ഷകനെ അറിയിക്കാതെയാണ് ബി​ഗ് ബെൻ മുന്നോട്ടുപോവുന്നത്. പ്രധാന താരങ്ങളേയും അവർ തമ്മിലുള്ള ബന്ധത്തെയും കാണിക്കുന്ന തുടക്കം. അവിടെനിന്ന് പതിയെ കഥ നടക്കുന്ന പ്ലോട്ടിലേക്ക്. ഇവിടെനിന്ന് പ്രധാന കഥയിലേക്കുള്ള കയറ്റം. ഇങ്ങനെ ചെറുതെങ്കിലും ഘട്ടംഘട്ടമായാണ് ബി​ഗ് ബെൻ യഥാർത്ഥ സംഭവങ്ങളിലേക്ക് കടക്കുന്നത്. പതിയെയാണ് തുടങ്ങുന്നതെങ്കിലും പ്രധാനകഥയിലേക്ക് കയറാനുള്ള അടിത്തറ പാകുകയാണ് ഇതുകൊണ്ട് സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ അവ ഒരിക്കലും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല, പകരം ആ കഥാപാത്രങ്ങൾക്കൊപ്പം ചേർന്നുപോകാൻ അവരെ പ്രേരിപ്പിച്ചതിൽ സംവിധായകൻ വിജയിച്ചിട്ടുമുണ്ട്. 

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിനു ചേരുന്നൊരു പ്രമേയം വെള്ളിത്തിരയിലെത്തിച്ചു എന്നതാണ് ബി​ഗ് ബെന്നിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. കേരളത്തിൽനിന്ന് നിരവധി പേരാണ് ഇക്കാലത്ത് യു.കെ. പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നത്. ഒരാൾ ആദ്യം പോയി കുടുംബത്തെ പിന്നീട് അവിടെയെത്തിക്കുന്ന രീതിയാണ് മിക്കവരും അവലംബിക്കുന്നത്. കുടുംബമായി ഒരുമിച്ചുപോകുന്നവരുമുണ്ട്. എന്നിരുന്നാലും പുതിയൊരു രാജ്യത്തെത്തുമ്പോൾ അവിടത്തെ നിയമങ്ങളേക്കുറിച്ചുള്ള അറിവില്ലായ്മ അവരെ എത്തിക്കുന്ന സാഹചര്യങ്ങൾ അതീവ ദുർഘടമാണ്. അങ്ങനെയൊരു അവസ്ഥയിലാണ് ജീനും ലൗലിയും മകളും ചെന്നുപെടുന്നത്. പക്ഷേ അതിൽനിന്ന് രക്ഷപ്പെടാൻ ജീൻ നടത്തുന്ന ജീവൻമരണ പോരാട്ടമാണ് ബി​ഗ് ബെന്നിനെ ത്രില്ലടിപ്പിക്കുന്ന ദൃശ്യാനുഭവമാക്കുന്നത്.

ജീൻ എന്ന കഥാപാത്രമായെത്തിയത് അനു മോഹൻ ആയിരുന്നു. കർക്കശക്കാരനായ, മുൻകോപമുള്ള എസ്.ഐ വേഷം താരത്തിൽ ഭദ്രമായിരുന്നു. ജീൻ എന്ന അച്ഛന്റെ നിസ്സഹായതയും ആവേശവും ചോരത്തിളപ്പുമെല്ലാം അനു മോഹൻ കയ്യടക്കത്തോടെ അവതരിപ്പിച്ചു. മറ്റേതെങ്കിലും മുൻനിര താരമായിരുന്നു ഈ വേഷത്തിലെങ്കിൽ കഥാന്ത്യം ശുഭകരമായിരിക്കുമെന്ന മുൻധാരണയോടെ പ്രേക്ഷകർ സിനിമ കാണുമായിരുന്നു. എന്നാൽ അവിടെയാണ് അനു മോഹന്റെ കാസ്റ്റിങ് വ്യത്യസ്തമാവുന്നത്. ഈ കഥാപാത്രം അനുമോഹൻ അവതരിപ്പിച്ചത് തന്നെയാണ് ബി​ഗ് ബെൻ പിരിമുറുക്കം നിറഞ്ഞ, ത്രില്ലടിപ്പിക്കുന്ന ചലച്ചിത്രാനുഭവമാകാൻ കാരണവും. നടനെന്ന നിലയിൽ ഏറെ ദൂരം പോയിട്ടുമുണ്ട് അനു മോഹൻ.

നായിക ലൗലിയായെത്തിയ അദിതി രവി പക്വതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കയ്യിൽക്കിട്ടിയാൽ ഒരെണ്ണം കൊടുക്കാമായിരുന്നു എന്ന് തോന്നിക്കുംവിധം വിൽസൻ എന്ന കഥാപാത്രത്തെ ​ഗംഭീരമാക്കിയിട്ടുണ്ട് വിനയ് ഫോർട്ട്. മിയ, ചന്തുനാഥ്, ഷെബിൻ, ബിജു സോപാനം, നിഷ സാരം​ഗ്, ജാഫർ ഇടുക്കി എന്നിവരും അവരവരുടെ വേഷങ്ങൾ ഭം​ഗിയാക്കി. പുതുമുഖ സംവിധായകന്റെ പതർച്ചകളില്ലാതെ ഇങ്ങനെയൊരു ചിത്രം ഒരുക്കിയതിന് സംവിധായകൻ ബിനോയെ കയ്യടിക്കുകതന്നെ വേണം. വിദേശത്ത് ഏതൊരു മലയാളിയും അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നത്തെ നെഞ്ചിടിപ്പേറ്റുംവിധമാണ് ബിനോ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ഇങ്ങനെയൊരു വിഷയത്തേക്കുറിച്ച് അദ്ദേഹം നന്നായി പഠിച്ചിട്ടുണ്ടെന്ന് വ്യക്തം.

സജാദ് കാക്കുവിന്റെ ഛായാഗ്രഹണവും അനിൽ ജോൺസന്റെ പശ്ചാത്തല സം​ഗീതവും സിനിമയുടെ വഴിത്തിരിവുകളിൽ ആവേശം സൃഷ്ടിക്കുന്നുണ്ട്. ഫാമിലി ഡ്രാമയായി തുടങ്ങി ത്രില്ലർ സ്വഭാവം കൈവരിച്ച് ശുഭപര്യവസായിയായി അവസാനിക്കുന്ന ചിത്രങ്ങൾ കാണാനിഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കിൽ പൂർണസംതൃപ്തിയാണ് ബി​ഗ് ബെൻ സമ്മാനിക്കുക.