മൂഹം എത്ര പുരോഗമിച്ചാലും പുരുഷാധിപത്യത്തിന്റേതായ ഒരു പ്രവണതകൾ അത് എന്നും പിന്തുടരുന്നുണ്ട്. ഓരോ പുരുഷനിലും അത് കൂടിയും കുറഞ്ഞും കിടക്കുന്നു. ലോകത്തിന്റെ ഒരു വശത്ത് പുരുഷാധിപത്യ പ്രവണതകളെ ചെറുത്തുതോൽപിച്ചുകൊണ്ട് മുന്നോട്ട് വരുന്ന ഒരുവിഭാഗം സ്ത്രീകളെ കാണാം. എന്നാൽ മറ്റൊരു വശത്ത് സ്ത്രീ എന്നും പുരുഷന്റെ അടിമയാണ്, പുരുഷനാണ് സമൂഹത്തിൽ എല്ലാകാലത്തും മേൽക്കോയ്മ എന്നു വിചാരിക്കുന്ന പരമ്പരാഗത  വിഭാഗത്തെയും കാണാൻ സാധിക്കും. ഇവ തമ്മിൽ നിലനിൽക്കുന്ന കോൺഫ്ളിക്ട് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അവതരിപ്പിച്ചു കാട്ടുകയാണ് ശിവറാം മണി സംവിധാനം ചെയ്ത തി.മി.രം. മലയാളിയുടെ മനസ്സിൽ നിഴലിച്ചുകിടക്കുന്ന സദാചാരബോധത്തെയും ലൈംഗിക വൈകല്യങ്ങളെയും മറയില്ലാതെ പൊളിച്ചുകാട്ടുകയാണ് ചിത്രം. സ്ത്രീയെ ആസക്തി ശമിപ്പിക്കാനുള്ള ഉപകരണത്തിന് സമാനാമായി കാണാനും പെരുമാറാനുമുള്ള ലൈസൻസ് ചെറുപ്രായത്തിൽ വീടുകളിൽനിന്നുതന്നെ ആൺകുട്ടികൾക്ക് കല്പിച്ചുനൽകുന്നുവെന്നും തുടർന്നുള്ള വിവേചനങ്ങളുടെയെല്ലാം തുടക്കം അവിടെനിന്നാണെന്നും പറഞ്ഞുവെക്കുകയാണ് ചിത്രം.

തി.മി.ര.ത്തിലെ പ്രധാന കഥാപാത്രം എഴുപതുകാരനായ സുധാകരൻ ആണ്. സുധാകരന് അയാളുടേതായ താല്പര്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. അയാളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതും പുരോഗമിക്കുന്നതും. കറിമസാലകൾ വിറ്റുജീവിക്കുന്ന അയാൾ കടുത്ത പ്രമേഹരോഗിയും ലൈംഗികശേഷി നഷ്ടപ്പെട്ടയാളുമാണ്. പക്ഷേ തന്റെ ലൈംഗികാസക്തി ശമിപ്പിക്കാൻ അയാൾക്ക് കഴിയാതെ വരികയും തുടർന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. സുധാകാരൻ എന്ന കഥാപാത്രത്തിലെ തിന്മയും മിഥ്യാധാരണയും മാറ്റവുമെല്ലാം ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ പൊളിച്ചെഴുതുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞ മാനസികനിലയിൽനിന്ന് സുധാകരന് അടിമുടിയുണ്ടാകുന്ന നവീകരണമാണ് ചിത്രം. മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വൈകിയാണെങ്കിലും അനിവാര്യമാണെന്ന ആശയത്തെ ബലപ്പെടുത്തുകയാണ് ഈ സിനിമ.

സിനിമയുടെ കഥപറച്ചിൽരീതിയും ഓരോ അഭിനേതാക്കളുടെയും പ്രകടനവും തന്നെയാണ് എടുത്തുപറയേണ്ട ഘടകങ്ങളിൽ പ്രധാനപ്പെട്ടവ. മുഷിച്ചിൽ ഉണ്ടാകാതെ കാഴ്ക്കാരെ കഥയിൽ പിടിച്ചുനിർത്താൻ സംവിധായകന് സാധിച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് ഓരോ കഥാപാത്രങ്ങളെയും സന്നിവേശിപ്പിച്ചിരിക്കുന്ന രീതിയും. അഭിനേതാക്കളെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തിരിക്കുന്നു. സിനിമയുടെ നിർമാതാവും കേന്ദ്രകഥാപാത്രവുമായ സുധാകരനെ അവതരിപ്പിച്ച കെ.കെ. സുധാകരൻ എന്ന നടന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെ വെല്ലുവിളി നിറഞ്ഞ ആ കഥാപാത്രത്തെ വൃത്തിയായി ചെയ്തുവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. സുധാകരൻ എന്ന കഥാപാത്രത്തിന്റെ മകനായി വേഷമിട്ട വിശാഖ് നായരുടെയും ഭാര്യയുടെയും പ്രകടനവും മികച്ചതായി. മറ്റു വേഷങ്ങൾ ചെയ്ത ജി സുരേഷ്കുമാർ, പ്രൊഫ. അലിയാർ, മോഹൻ അയിരൂർ, അമേയ, രചന നാരായണൻകുട്ടി, ആശാ രാജേഷ്, മീരാ നായർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. മാച്ച് ബോക്സ് എന്ന ചിത്രത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു വിഷയത്തെ സിനിമയ്ക്കായി തിരഞ്ഞെടുക്കുകയും മികച്ച നിലവാരത്തോടെ അത് അവതരിപ്പിച്ച് ഫലിപ്പിക്കുകയും ചെയ്തതിൽ ശിവറാം മണി അഭിനന്ദനമർഹിക്കുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

Content highlights :malayalam movie thimiram review starring kk sudhakaran vishak nair