ഗർഭിണിയായിരിക്കുമ്പോഴാണ് കിയാര അദ്വാനി ടോക്സിക് എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയതെന്ന് ചിത്രത്തിലെ നായകനായ യഷ്. കിയാരയെ താനൊരു ബൗൺസറെയോ അംഗരക്ഷകനെയോ പോലെ ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുംബൈയിൽ ടോക്സിക്കിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു യഷ്. ഗർഭിണിയായതിനുശേഷമുള്ള കിയാരയുടെ ആദ്യ റിലീസാണ് ഈ ഗീതു മോഹൻദാസ് ചിത്രം.

To advertise here,

ഗർഭിണിയായിരുന്നിട്ടും നൂറു ശതമാനം പ്രതിബദ്ധതയോടെയും കഠിനാധ്വാനത്തോടെയുമാണ് കിയാര ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതെന്ന് ഓഡിയോ ലോഞ്ചിൽ യഷ് വെളിപ്പെടുത്തി. കിയാരയുടെ ഈ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും യഷ് പ്രത്യേകം അഭിനന്ദിച്ചു. കിയാരയെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് താനും സംവിധായിക ഗീതു മോഹൻദാസും ഒരു ബോഡിഗാർഡിനെപ്പോലെയോ ബൗൺസറെപ്പോലെയോ ആണ് നോക്കിയിരുന്നതെന്ന് മുംബൈയിൽ നടന്ന ചിത്രത്തിന്റെ യഷ് പറഞ്ഞു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കിയാരയുടെ ആരോഗ്യകാര്യത്തിൽ തങ്ങൾക്ക് വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും കിയാര ചിത്രീകരണവുമായി പൂർണ്ണമായി സഹകരിക്കുകയായിരുന്നു. 'ടോക്സിക്' തനിക്ക് വളരെ പ്രത്യേകതയുള്ള ഒരു ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എന്താണ് അവരെക്കുറിച്ച് പറയേണ്ടതെന്നറിയില്ല. കിയാര വളരെ പ്രൊഫഷണലായ ഒരു നടിയാണെന്ന് ഞാൻ കരുതുന്നു. അവൾ ഈ ചിത്രത്തിലേക്ക് വന്ന സമയത്ത് ഞാൻ അല്പം ആശങ്കയിലായിരുന്നു. ഞങ്ങൾ ആദ്യം സംസാരിച്ചപ്പോൾ അവൾ ചോദിച്ചു, 'നിങ്ങൾ എപ്പോഴെങ്കിലും മഴയത്തുള്ള രംഗങ്ങളൊക്കെ ചെയ്തിട്ടുണ്ടോ?' എന്ന്. ഞാൻ പറഞ്ഞു, 'ഇല്ല, പക്ഷേ അതൊരു നല്ല അനുഭവമായിരിക്കും, എളുപ്പവുമായിരിക്കും' എന്ന്. എന്നാൽ അവർ തന്നെത്തന്നെ സമർപ്പിച്ച രീതി എടുത്തുപറയേണ്ടതാണ്. ഗർഭിണിയായിരുന്നിട്ടും അവർ 100 ശതമാനം ആത്മാർത്ഥതയോടെയാണ് എത്തിയത്. എനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നു. ഗീതുവിനും അങ്ങനെത്തന്നെ. ഞങ്ങൾ സെറ്റിൽ ബൗൺസർമാരെയും അംഗരക്ഷകരെയും പോലെയായിരുന്നു; ഞങ്ങൾ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ അവർ പൂർണ ആത്മാർത്ഥതയോടെയാണ് ഇതിൽ പ്രവർത്തിച്ചത്. നന്ദി കിയാര, ഈ ചിത്രം വളരെ പ്രത്യേകതയുള്ളതാണ്." യഷിന്റെ വാക്കുകൾ.

നേരത്തെ ഈ ചിത്രത്തിലെ 'തബാഹി' എന്ന ഗാനത്തിലെ ചില രംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ കിയാരയ്ക്ക് എതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബംഗളൂരുവിൽ നടന്ന ട്രെയിലർ ലോഞ്ചിൽ യഷ് കിയാരയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഒരു അഭിനേതാവ് എന്ന നിലയിൽ നേരിടേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, കിയാര സംവിധായികയുടെ കാഴ്ചപ്പാടിനോട് പൂർണ്ണമായും നീതി പുലർത്തുകയാണ് ചെയ്തതെന്നും യഷ് വ്യക്തമാക്കി. ആളുകൾ ഭാവിയിൽ ഈ പ്രകടനത്തെ അഭിനന്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്സിക് ഈ മാസം തിയേറ്ററുകളിലേക്ക്

ഏതാനും ദിവസങ്ങൾക്കുമുൻപാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.