അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങി തരംഗമായ ചിത്രമാണ് 'ബാംഗ്ലൂര്‍ ഡേയ്‌സ്'. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

To advertise here,

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'യാരിയാ'ന്റെ രണ്ടാം ഭാഗമായാണ് 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്റെ ഹിന്ദി പതിപ്പ് എത്തുക. യാരിയാന്‍ 2 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

'യാരിയാന്‍' ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ലയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം മെയ് 12, 2023-ന് തിയറ്ററുകളില്‍ എത്തും. 2016-ലാണ് 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്റെ തമിഴ്, തെലുങ്ക് റീമേക്ക് തിയേറ്ററുകളിലെത്തിയത്. ഇരുഭാഷകളിലും ഒരേസമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. 'ബാംഗ്ലൂര്‍ നാട്കള്‍' എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. റാണാ ദഗ്ഗുബാട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ബൊമ്മരിലു ഭാസ്‌കറായിരുന്നു സംവിധാനം.