'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമയ്ക്കു മോശം റിവ്യൂ നല്‍കിയതിന്റെ പേരില്‍ സന്തോഷ് വര്‍ക്കി എന്ന യുവാവിന് നേരേ കയ്യേറ്റമുണ്ടായ സംഭവത്തില്‍ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് സംഗീത് ധര്‍മരാജന്‍. തങ്ങള്‍ സന്തോഷ് വര്‍ക്കിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

To advertise here,

"കയ്യേറ്റം ചെയ്തില്ല. ചോദ്യം ചെയ്തതേ ഉള്ളൂ. സിനിമ കാണാതെ മോശം റിവ്യൂ നല്‍കിയതിനെ ചോദ്യം ചെയ്യാതിരിക്കാന്‍ സാധിക്കില്ല. ദേശീയ അവാര്‍ഡ് വരെ നേടിയ ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്നു പറയുന്നതും ചിത്രത്തില്‍ അഭിനയിച്ചത് അലവലാതി പിള്ളേരാണെന്നു പറഞ്ഞതും കേട്ടുകൊണ്ടിരിക്കാന്‍ കഴിയില്ല." സന്തോഷ് വര്‍ക്കിയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

''വലിയ പ്രതീക്ഷയിലാണ് ഒരു സിനിമ ചെയ്യാനിറങ്ങിയത്. രണ്ടു വര്‍ഷത്തെ അധ്വാനമാണ്. ആ സിനിമ തിയറ്ററില്‍ വന്ന്, ഒരു നിമിഷം കൊണ്ട് ഇത്തരത്തില്‍ മോശം റിവ്യൂ പറഞ്ഞു തകര്‍ക്കുന്നത് ശരിയാണോ? ഞങ്ങളുടെ കൂട്ടത്തില്‍നിന്നും ആരും അയാളെ ആക്രമിച്ചിട്ടില്ല. പക്ഷേ, ഞങ്ങള്‍ അയാളോടു വിശദീകരണം ചോദിച്ചു. ദേശീയ അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് ഏട്ടനെയാണ് അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞത്. അഭിനയിച്ച മറ്റ് കുട്ടികള്‍ അലവലാതി ചെറുപ്പക്കാര്‍ ആണെന്ന് പറയുന്നതൊന്നും കേട്ടു നില്‍ക്കാന്‍ കഴിയില്ല. 

"ഈ സിനിമ ചെയ്യാന്‍ ഞങ്ങള്‍ എത്രമാത്രം പണം ചെലവഴിച്ചിട്ടുണ്ടെന്നും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആലോചിക്കാതെ, പടം കാണാതെ മോശം പറഞ്ഞു. പുള്ളിയോട് അതെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ നെഗറ്റീവ് പറയാന്‍ ഉദ്ദേശിച്ചതല്ല, തന്നെ അബൂബക്കര്‍ എന്ന ആള്‍ പറയിച്ചതാണ് എന്നാണ്. അബൂബക്കര്‍ എവിടെയെന്നു ചോദിച്ചപ്പോള്‍ അവിടെയെല്ലാം നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അങ്ങനെ ഒരു വ്യക്തിയുണ്ട്. ഞങ്ങള്‍ക്ക് അങ്ങനെ ഒരാളെ അറിയില്ല. എന്തിനാണ് നെഗറ്റീവ് റിവ്യൂ പറഞ്ഞതെന്ന് ഞങ്ങള്‍ ചോദിച്ചു, പക്ഷേ അയാളെ കൈവച്ചിട്ടില്ല. ഞങ്ങള്‍ കൈ വച്ചെങ്കില്‍ അയാള്‍ തെളിയിച്ചോട്ടെ. 

"കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. ഒരു അഞ്ച് മിനിറ്റെങ്കിലും കാണൂ. പുതിയ സിനിമക്കാരെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിക്കുകയാണ്. മൂന്നരക്കോടി രൂപ മുടക്കി ഒരു സിനിമ ചെയ്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങള്‍ അത് ഇല്ലാതാക്കുമ്പോള്‍ എന്റെ ജീവിതം വച്ചാണ് നിങ്ങള്‍ കളിക്കുന്നതെന്ന്, ഞാന്‍ നഷ്ടം മൂലം ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ എന്റെ വീട്ടുകാരോട് സമാധാനം പറയുമോ എന്ന് ചോദിച്ചു. അല്ലാതെ ഞാന്‍ അയാളെ ചീത്തവിളിക്കുകയോ തല്ലുകയോ ചെയ്തില്ല''- നിര്‍മാതാവ് പറഞ്ഞു.