
പുതിയ കാലത്ത് സിനിമാ താരങ്ങളും ആരാധകരും തമ്മിലുള്ള അകലം കുറയ്ക്കുന്നതിൽ സാമൂഹികമാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിനിമാ പ്രൊമോഷൻ മുതൽ വ്യക്തിപരമായ കാര്യങ്ങൾ വരെ താരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും നിലനിൽപ്പിന്റെ അടയാളമായിപ്പോലും സാമൂഹികമാധ്യമങ്ങൾ പരിഗണിക്കപ്പെടുന്നുണ്ട്. ഇതിനിടെയാണ് നടിമാർ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന ട്രെൻഡ് വ്യാപകമാവുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തെന്നിന്ത്യയിലെ രണ്ടു പ്രമുഖ നടിമാർ സാമൂഹികമാധ്യമങ്ങളിൽനിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം മമിത ബൈജു കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളിൽനിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചത്. പിന്മാറ്റത്തിനുള്ള കാരണം നടി പറഞ്ഞിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ടീം അറിയിക്കുമെന്നും നടി വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നതായുള്ള കടുത്ത തീരുമാനങ്ങളൊന്നും മമിത പ്രഖ്യാപിച്ചിരുന്നില്ല.
മമിതയ്ക്കും രണ്ടാഴ്ച മുൻപാണ് മറ്റൊരു തെന്നിന്ത്യൻ താരം കയാദു ലോഹറും താത്കാലിക ഇടവേള പ്രഖ്യാപിച്ചത്. ശരീരത്തെപ്പോലെ മനസിനും ഇടവേളകൾ ആവശ്യമാണെന്ന് പറഞ്ഞാണ് കയാദുവിന്റെ പിന്മാറ്റം. ഔദ്യോഗിക കാര്യങ്ങൾ തന്റെ ടീം അറിയിക്കുമെന്ന് കയാദുവും പറഞ്ഞു.
കയാദുവിനും മമിതയ്ക്കും മുമ്പ് സാമൂഹികമാധ്യമങ്ങളോട് വിടപറഞ്ഞ രണ്ട് പ്രമുഖ തെന്നിന്ത്യൻ താരങ്ങൾ മലയാളിയായ ഐശ്വര്യ ലക്ഷ്മിയും സൂപ്പർതാരം അനുഷ്‌ക ഷെട്ടിയും ആയിരുന്നു. കരിയറിൽ ഉപകാരപ്പെടുമെന്ന് കരുതിയ സാമൂഹികമാധ്യമങ്ങൾ തന്നെ മോശമായി സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് പിന്മാറ്റം എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. സാമൂഹികമാധ്യമങ്ങൾ ജോലിയേയും ചിന്തയേയും സംസാരത്തേയും ബാധിക്കാൻ തുടങ്ങി. ചെറുസന്തോഷങ്ങളിൽപ്പോലും ആനന്ദം കണ്ടെത്താൻ കഴിയാതെയായി. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുക്കുകയാണെന്നും അന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. സാമൂഹികമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഗൗരവതരമായ ഓർമപ്പെടുത്തലായിരുന്നു ഐശ്വര്യയുടെ ആ വാക്കുകൾ. പിന്നാലെ, ഐശ്വര്യ ഇൻസ്റ്റഗ്രാം പൂർണമായും ഒഴിവാക്കി.
'ഖാട്ടി' എന്ന ചിത്രത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് അനുഷ്‌ക സാമൂഹികമാധ്യമങ്ങളിൽനിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് പങ്കുവെച്ചായിരുന്നു നടി ഇക്കാര്യം അറിയിച്ചത്. ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതിനപ്പുറത്ത് വ്യക്തമായൊരു കാരണം അനുഷ്‌ക പറഞ്ഞിരുന്നുമില്ല.
നടിമാരുടെ സോഷ്യൽ മീഡിയ ഡീടോക്‌സ് (സാമൂഹികമാധ്യമങ്ങളിൽനിന്ന് ബോധപൂർവം മാറിനിൽക്കുന്നതിനുള്ള വിശേഷണം) തുടർച്ചയായതോടെ ഇതുസംബന്ധിച്ച ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു. പല നടിമാരും കരിയറിൽ തിരക്കേറുന്ന സാഹചര്യത്തിലാണ് പിന്മാറ്റം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴിൽ പ്രദീപ് രംഗനാഥൻ ആദ്യമായി നിർമിക്കുന്ന നായികാപ്രാധാന്യമുള്ള ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മമിതയുടെ പ്രഖ്യാപനം. പ്രേമലുവിന് ശേഷം മമിത ഇപ്പോൾ തമിഴിൽ സജീവമാണ്. ധനുഷ്, വിജയ്, സൂര്യ എന്നിവർക്കൊപ്പം സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു. മലയാളത്തിൽ നിവിൻ പോളിക്കൊപ്പമുള്ള ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
അസമിലെ തെസ്പുരിൽ ജനിച്ച കയാദു കന്നഡയിൽ തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി തന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ്. പള്ളിച്ചട്ടമ്പിയിൽ ടൊവിനോയുടെ നായികയായിരുന്നു. ദുൽഖറിനൊപ്പമുള്ള ഐ ആം ഗെയിം റിലീസിനൊരുങ്ങുന്നു. സൂര്യയ്‌ക്കൊപ്പം ഉൾപ്പെടെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മലയാളിയായ ഐശ്വര്യയുടെ ഒടുവിലിറങ്ങിയ മൂന്ന് ചിത്രങ്ങളും തമിഴിൽ ആയിരുന്നു. അതിൽ വിഷ്ണു വിശാലിന്റെ നായികയായി ഗുസ്തി താരമായെത്തിയ ഗാട്ട കുസ്തി 2 മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ജയസൂര്യക്കൊപ്പമുള്ള കത്തനാർ ആണ് അനുഷ്‌കയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് സാമൂഹികമാധ്യമങ്ങളിലെ ഇടവേള എന്നാണ് നടിമാർ ഏറെയും പ്രത്യക്ഷമായി പറയുന്ന കാരണങ്ങൾ. മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തിയും ഇവരുടെ പിന്മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ പോസിറ്റീവായി നടക്കുന്നു. അതേസമയം, തിരക്കേറുന്ന നടിമാർ സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനികൾക്ക് തങ്ങളുടെ സാമൂഹികമാധ്യമങ്ങൾ കൈമാറുന്നതിന്റെ ഭാഗമായാണ് വ്യക്തിപരമായ ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കൽ പ്രഖ്യാപിക്കുന്നത് എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
Content Highlights: Growing trend is emerging in the South Indian film industry where top actresses are choosing to take a temporary or permanent break from social media platforms. Young Malayalam star Mamitha Baiju and actress Kayadu Lohar are the latest to announce their digital detox within a span of two weeks, handing over page management to their teams. Earlier, actress Aishwarya Lekshmi completely deleted her Instagram account, stating that social media was negatively impacting her mental peace, work, and thoughts. Super star Anushka Shetty also stepped away from social media following the underperformance of her film 'Ghaati' to focus heavily on her upcoming projects like 'Kathanar'. Industry discussions suggest these breaks are either intended to protect the mental health of busy stars or are professional transitions to celebrity management companies handling their official profiles
Published: 08 Jul 2026, 10:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented