മാധവ് ​ഗാഡ്​ഗിലിന്റെ റിപ്പോർട്ടിനേക്കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടി രചന നാരായണൻകുട്ടി. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഇങ്ങനെ പറഞ്ഞത്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണെന്നും രചന അഭിപ്രായപ്പെട്ടു. 

To advertise here,

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ:

വിദഗ്‌ധരുടെ അഭിപ്രായം സ്വീകരിച്ച് അവർ റിപ്പോർട്ട് സമർപ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണെന്ന് രചന നാരായണൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ദയവായി ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

"പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്‌ഗിൽ കമ്മിഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്‌ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യങ്ങളുടെ കലവറ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.

വിദഗ്‌ധർ അവ സൂക്ഷ്‌മമായി പഠിച്ചതിനു ശേഷം സമർപ്പിച്ച നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്." രചനയുടെ വാക്കുകൾ.

മനുഷ്യരാശിയോട് ഒരു ഓർമപ്പെടുത്തൽ എന്ന നിലയിൽ പറയുകയാണ്, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്. ഇതിനെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന തനിക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർഥിനി കൂടിയായ ശിഷ്യയ്ക്ക് നന്ദിയുണ്ടെന്നും രചന നാരായണൻ കുട്ടി കുറിച്ചു.

അതേസമയം നൂറുകണക്കിനുപേർ തിങ്ങിപ്പാർത്തിരുന്ന ചൂരൽമലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടി ഇപ്പോൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ്. അതിനടയിൽ ഒട്ടനവധി മനുഷ്യരുണ്ട്. ജീവന്റെ തുടിപ്പുണ്ടോ എന്നുപോലും അറിയാതെ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ. 275 പേർക്ക് ജീവൻ നഷ്ടമായി. 200-ലധികം പേർ ഇപ്പോഴും കാണാമറയത്താണ്.