ഇത് നീതിയല്ലെന്നും സിനിമയിലെ ഇത്തരം പ്രവണതകൾ മാറേണ്ട സമയം അതിക്രമിച്ചുവെന്നും സനം കൂട്ടിച്ചേർത്തു.

സൂര്യയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന വിശ്വനാഥ് ആന്റ് സൺസ് എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് നായിക മമിത ബൈജുവിന്റെ പേര് ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിലെ 'പട്ടാംപൂച്ചി' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ വിവാദം ഉടലെടുത്തത്. ഗാനത്തിന്റെ പോസ്റ്ററിൽ നായകനായ സൂര്യയുടെയും മറ്റ് സാങ്കേതിക പ്രവർത്തകരുടെയും പേരുകൾ ഉൾപ്പെടുത്തിയപ്പോൾ നായികയായ മമിതയുടെ പേര് ഒഴിവാക്കിയത് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഈ വിഷയത്തിൽ നിർമാതാക്കളെ വിമർശിച്ചുകൊണ്ട് നടി സനം ഷെട്ടിയാണ് രംഗത്തെത്തിയത്. സൂര്യ, സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ, സംവിധായകൻ വെങ്കി അറ്റ്‌ലൂരി, നിർമ്മാതാക്കളായ നാഗ വംശി, സായ് സൗജന്യ എന്നിവരുടെ പേരുകൾ പോസ്റ്ററിൽ കൃത്യമായി നൽകിയിട്ടുണ്ടെന്നും എന്നാൽ നായികയുടെ പേര് മാത്രം നൽകാൻ അണിയറപ്രവർത്തകർക്ക് എന്ത് തടസ്സമാണുള്ളതെന്നും സനം തന്റെ എക്സ് (X) അക്കൗണ്ടിലൂടെ ചോദിച്ചു. ഇത് നീതിയല്ലെന്നും സിനിമയിലെ ഇത്തരം പ്രവണതകൾ മാറേണ്ട സമയം അതിക്രമിച്ചുവെന്നും സനം കൂട്ടിച്ചേർത്തു.
മമിത ബൈജു തന്റെ കഴിവ് തെളിയിച്ചത് കൊണ്ടാണ് ഇത്രയും വലിയൊരു സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും, പുതുമുഖമാണെങ്കിൽ പോലും ഒരു നായികയ്ക്ക് അർഹമായ പരിഗണനയും ക്രെഡിറ്റും നൽകേണ്ടതുണ്ടെന്നും സനം ഷെട്ടി ഓർമിപ്പിച്ചു. സിനിമാ മേഖല കൂടുതൽ പരിഷ്കൃതമാകേണ്ടതുണ്ടെന്നും ഇത്തരം മാറ്റങ്ങൾ ഓരോന്നായി തുടങ്ങണമെന്നും സനം തന്റെ പോസ്റ്റിൽ കുറിച്ചു. ഒരു സിനിമയുടെ പ്രമോഷനായി നായികയുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ പേരും പോസ്റ്ററുകളിൽ ഉൾപ്പെടുത്തണമെന്ന് അവർ പറഞ്ഞു.
"ഒരാളെങ്കിലും ചോദ്യം ചെയ്യണം! നമുക്ക് ഭൂതകാലം മാറ്റാൻ കഴിയില്ല, പക്ഷെ നമ്മുടെ സിനിമാ സംസ്കാരത്തിൽ മുന്നോട്ട് പോകുമ്പോൾ ഒരു നല്ല മാറ്റം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ഇതൊരിക്കലും JN vs VAS പ്രശ്നമല്ല!" തന്റെ പോസ്റ്റിന് വന്ന ഒരു പ്രതികരണത്തിന് മറുപടിയായി സനം ഷെട്ടി പറഞ്ഞു.
ഒരു നടനെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യനെന്ന നിലയിലും താൻ സൂര്യയെ വളരെയധികം ബഹുമാനിക്കുന്നു. ഇത് ഏതെങ്കിലും താരത്തോടുള്ള വ്യക്തിപരമായ എതിർപ്പല്ലെന്നും സിനിമാ മേഖലയിൽ കാലങ്ങളായി നിലനിൽക്കുന്ന തെറ്റായ രീതിക്കെതിരെയുള്ള ചോദ്യമാണെന്നും അവർ വ്യക്തമാക്കി.തമിഴ് അല്ലെങ്കിൽ തെലുങ്ക് സിനിമകളിൽ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ നായികമാരുടെ പേര് ഒഴിവാക്കുന്ന രീതി കണ്ടുവരുന്നുണ്ടെന്നും ഇത് തുല്യതയുടെയും ബഹുമാനത്തിന്റെയും പ്രശ്നമാണെന്നും സനം ചൂണ്ടിക്കാട്ടി.
"എൻ്റെ കാര്യം ലളിതമാണ്. തിരക്കഥയിൽ നായികക്ക് പ്രാധാന്യമുണ്ടെങ്കിൽ, സിനിമ പ്രചരിപ്പിക്കാൻ അവളുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ, പോസ്റ്ററുകളിൽ പരാമർശിക്കപ്പെടാൻ അവൾക്ക് അർഹതയുണ്ട്! അവൾക്ക് വിപണി മൂല്യമുണ്ടോ ഇല്ലയോ എന്നത് പോസ്റ്റർ ക്രെഡിറ്റുകളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. സിനിമ നമ്മോടൊപ്പം പരിണമിക്കുന്നു. ഇത് തുല്യതയെയും ബഹുമാനത്തെയും കുറിച്ചുള്ളതാണ്." സനം പറഞ്ഞവസാനിപ്പിച്ചു.
ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന ഈ ചിത്രം വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം ചെയ്യുന്നത്. 40 വയസ്സുകാരനായ പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻ സഞ്ജയ് വിശ്വനാഥും (സൂര്യ) 20 വയസ്സുകാരിയായ മാഡിയും (മമിത) തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിതാര എന്റർടൈൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Actor Sanam Shetty has strongly criticized the makers of the upcoming Tamil film Vishwanath and Sons for failing to include leading lady Mamitha Baiju’s name on the promotional song poster, calling it an unfair industry trend that needs immediate evolution.
Published: 20 Jun 2026, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented