രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കേതന്നെ അഭിനേതാവായി മലയാള സിനിമയിലേക്കും എത്തിയിട്ടുണ്ട് അമർ സിങ്. 2010-ലായിരുന്നു ഇത്. ഉമർ കരിക്കാട് സംവിധാനംചെയ്ത ‘ബോംബെ മിഠായി’ എന്ന ചിത്രത്തിലാണ് അമർ സിങ് അഭിനയിക്കാനെത്തിയത്. വിനുമോഹൻ നായകനായ ചിത്രത്തിൽ ഡിംപിൾ കപാഡിയയും പ്രധാനവേഷത്തിലുണ്ടായിരുന്നു. ഹിന്ദുസ്ഥാനി പാട്ടുകാരന്റെ വേഷമായിരുന്നു ചിത്രത്തിൽ അമർ സിങ്ങിന്.

To advertise here,

അമർസിങ്ങുമൊത്തുള്ള നിമിഷങ്ങൾ ഇന്നും വിനുമോഹന്റെ ഓർമയിലുണ്ട്. ‘ആദ്യദിവസങ്ങളിൽത്തന്നെ ഞാനുമായി വളരെ സൗഹൃദത്തിലായി. മൈ ഹീറോ എന്നാണ് അദ്ദേഹം എന്നെ എപ്പോഴും വിളിച്ചിരുന്നത്. ഡിംപിൾ കപാഡിയയും അദ്ദേഹത്തിനൊപ്പം അന്ന് അഭിനയിക്കാനെത്തിയിരുന്നു. ഒരുദിവസം രാവിലെ ഷൂട്ടിനെത്തിയപ്പോൾ എന്നോടുപറഞ്ഞു ഇന്ന് ഉച്ചയ്ക്ക് വിനുവിന്റെ വീട്ടിൽ നിന്നാകാം ഭക്ഷണമെന്ന്. കേരള സ്റ്റൈലിൽ സദ്യ മതിയെന്നും ഇലയിൽ വേണ’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉടൻതന്നെ ഞാൻ വീട്ടിലേക്ക് വിളിച്ച് വിവരമറിയിക്കുകയും അമ്മയുടെ നേതൃത്വത്തിൽ ഭക്ഷണം തയ്യാറാക്കുകയുംചെയ്തു. ഡിപിംൾ കപാഡിയയും അന്ന് കൂടെ വീട്ടിലേക്ക് വന്നു. കേരള സ്റ്റൈലിൽ കൈകൊണ്ടാണ് അദ്ദേഹം അന്ന് ഭക്ഷണം കഴിച്ചത്. കേരളത്തിലെ വീടുകളിലെ ഭക്ഷണത്തിന്റെ രുചി ആദ്യമായിട്ടാണ് ആസ്വദിക്കുന്നതെന്ന് അന്നദ്ദേഹം പറഞ്ഞു.

സംഗീതജ്ഞന്റെ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ആ കഥാപാത്രത്തിന്റെ മരണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ചില സാങ്കേതികതടസ്സങ്ങളാൽ സിനിമ റിലീസ് ചെയ്തില്ല. അപ്പോഴും ഇടയ്ക്ക് ഞാൻ അദ്ദേഹത്തെ വിളിക്കുമായിരുന്നു. സിനിമ എപ്പോൾ ഇറങ്ങുമെന്നാണ് അദ്ദേഹം അപ്പോൾ ചോദിക്കുക. സിനിമ റിലീസ് ആകാത്തതിൽ അദ്ദേഹത്തിനും വിഷമമുണ്ടായിരുന്നു -വിനുമോഹൻ പറഞ്ഞു.

Content Highlights: Vinu Mohan actor about Amar Singh after his demise, Bombay Mittai Movie, Dimple kapadia