പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ വിനീത് പങ്കുവച്ച പ്രണവിനൊപ്പമുള്ള ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ചെന്നൈ ബസന്ത് ന​ഗർ എലിയട്ട് ബീച്ചിലെ ‍കാൾ ഷ്മിറ്റ് മെമ്മോറിയലിന് മുന്നിൽ നിന്നും പകർത്തിയ ചിത്രമാണിത്.

To advertise here,

ഈ ചിത്രം പഴയൊരു സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഓർമകളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുന്നത്. മോഹൻലാൽ-ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ പ്രധാന രം​ഗം ചിത്രീകരിച്ചതും ഇതേ മെമ്മോറിയലിന് മുന്നിലാണ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ ജോലി തേടി ദുബായ് കടപ്പുറമെന്ന് കരുതി കാലുകുത്തുന്നത് ഇവിടെയാണ് ..  വർഷങ്ങൾക്കിപ്പുറം ജൂനിയർ ദാസനും വിജയനും ഇതേ കടപ്പുറത്തെത്തിയിരിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ രസകരമായ കമന്റുകൾ ചിത്രത്തിന് നൽകിയിട്ടുണ്ട്. 

പ്രണവ് മോഹൻലാലിന് പുറമേ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹൃദയം. ഹിഷാം അബ്ദുൾ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമാണിത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ് ഇത്. ജനുവരി 21 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Content Highlights : Vineeth Sreenivasan shares picture with Pranav Mohanlal, Nadodikkattu movie, Mohanlal sreenivasan