ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം തനിക്ക് കടുത്ത സൈബർ ആക്രമണങ്ങളും വ്യക്തിപരമായ ഭീഷണികളും നേരിടേണ്ടി വന്നെന്ന് ബോളിവുഡ് താരം വിക്രാന്ത് മാസി. ശേഖർ സുമൻ നയിക്കുന്ന ഒരു ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം തന്റെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ ഈ അധിക്ഷേപങ്ങൾ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്ന വിഷലിപ്തമായ പ്രതികരണങ്ങൾ തന്നെ കഠിനമായി വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

താൻ അഭിനയിച്ച ദി സബർമതി റിപ്പോർട്ട് എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ആളുകൾ അതിനെ ഒരു പ്രൊപ്പഗാണ്ട ചിത്രമെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്ന് വിക്രാന്ത് ഓർത്തെടുക്കുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ കടുത്ത അധിക്ഷേപങ്ങളും ഭീഷണികളും കേൾക്കേണ്ടി വന്നു. ഗോധ്ര ട്രെയിൻ തീവെയ്പ്പിനെ ആസ്പദമാക്കിയാണ് ആ ചിത്രം നിർമിച്ചത്. സബർമതി എക്സ്പ്രസ് കത്തിയെരിച്ച സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിച്ചത്. ഒരുപാട് ചീത്തകേൾക്കേണ്ടി വന്നു. കൂടാതെ ചിലർ തന്റെ വാട്സാപ്പ് നമ്പറും കാർ നമ്പറും പരസ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മറ്റു ചിലർ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മാസി വെളിപ്പെടുത്തി.

തന്റെ കുഞ്ഞ് വളരെ ചെറുപ്പമായിരുന്ന ഘട്ടത്തിലുണ്ടായ ഈ അധിക്ഷേപങ്ങൾ തന്നെ മാനസികമായി വളരെയധികം ബാധിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. "അന്ന് എന്റെ മകൻ ജനിച്ചിട്ടേയുള്ളൂ. അവന് വെറും ആറുമാസം പ്രായം. അത് എന്നെ വല്ലാതെ ബാധിച്ചു. ഞാനിത് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുകയും ചെയ്തു. എന്നാൽ കാലക്രമേണ, വിമർശിച്ചവരും ഭീഷണി മുഴക്കിയവരെല്ലാം ഭീരുക്കളാണെന്നും ആളുകൾ എന്നെക്കുറിച്ച് എന്ത് സംസാരിക്കുന്നു എന്നത് എനിക്ക് വിഷയമേയല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്റെ കുടുംബമാണ് എന്റെ ഉത്തരവാദിത്തം എന്നത് മാത്രമാണ് പ്രധാനം. അവർക്ക് ഉത്തരം പറയാൻ ഞാൻ ബാധ്യസ്ഥനാണ്." വിക്രാന്ത് മാസി പറഞ്ഞു.

ധീരജ് സർണ സംവിധാനം ചെയ്ത് 2024 നവംബർ 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് 'ദി സബർമതി റിപ്പോർട്ട്'. 2002 ഫെബ്രുവരി 27-ന് ഗുജറാത്തിലെ ഗോധ്രയിൽ വച്ച് സബർമതി എക്സ്പ്രസ്സ് ട്രെയിൻ കത്തിക്കുകയും 59 പേർ മരിക്കുകയും ചെയ്ത യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുരന്തത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സംഭവസ്ഥലത്തേക്ക് ക്കപ്പെടുന്ന സമർ കുമാർ എന്ന പത്രപ്രവർത്തകന്റെ വേഷമാണ് വിക്രാന്ത് മാസ്സി ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തെ കൂടാതെ റാഷി ഖന്നയും റിധി ദോഗ്രയും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

നെറ്റ്ഫ്ലിക്സ് പരമ്പരയായ 'മുസാഫിർ കഫേ'യിലെ അദ്ദേഹത്തിന്റെ മികച്ച അഭിനയത്തിന് വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സീരീസിന്റെ ആദ്യ സീസണിന്റെ വിജയത്തിന് ശേഷം ഇതിന്റെ രണ്ടാം സീസണിനായുള്ള കരാർ നെറ്റ്ഫ്ലിക്സ് പുതുക്കിക്കഴിഞ്ഞു, ഇതിൽ 'ചന്ദർ' എന്ന കേന്ദ്രകഥാപാത്രമായി വിക്രാന്ത് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.