ജയിൽവാസം തന്റെ സൗഹൃദങ്ങളെ സാരമായി ബാധിച്ചുവെന്നും വിക്രം ഭട്ട് പറഞ്ഞു.

70 ദിവസത്തെ ജയിൽവാസത്തെക്കുറിച്ചും ആ കാലയളവിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട് ഉദയ്പൂർ ജയിലിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഈ ജയിൽവാസം തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സൗഹൃദങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ജയിലിൽ കഴിയുന്ന സമയത്ത്, ജയിൽ മോചിതനാകാൻ ഉന്നതനായ ഒരു വ്യക്തിയുമായി കരാറിലേർപ്പെടാൻ തനിക്ക് നിർദ്ദേശം ലഭിച്ചതായി വിക്രം ഭട്ട് വെളിപ്പെടുത്തി. എന്നാൽ അത്തരം ഇടപാടുകൾക്ക് താൻ തയ്യാറായില്ല. നിരപരാധിയാണെങ്കിൽ ജാമ്യം ലഭിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലുള്ള വിശ്വാസമാണ് ആ ഘട്ടത്തിൽ തുണയായത്. ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ വെക്കാൻ പണമില്ലാത്ത തനിക്ക് ദൈവമായിരുന്നു ഏക ആശ്രയമെന്നും വിക്രം ഭട്ട് കൂട്ടിച്ചേർത്തു.
ജയിൽവാസം തന്റെ സൗഹൃദങ്ങളെ സാരമായി ബാധിച്ചുവെന്നും വിക്രം ഭട്ട് പറഞ്ഞു. പല സുഹൃത്തുക്കളും ഇപ്പോൾ തന്നോട് സംസാരിക്കാൻ തയ്യാറാകുന്നില്ല. താൻ തെറ്റ് ചെയ്തുവെന്ന് അവർ വിശ്വസിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ജയിലിൽ പോയ ഒരാളുമായി ബന്ധം പുലർത്താൻ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാൽ ജയിലിലെ മറ്റ് തടവുകാർ വലിയ പിന്തുണയാണ് നൽകിയത്. ആദ്യമായി ജയിലിൽ എത്തിയപ്പോൾ രാത്രി വൈകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തടവുകാർ സ്വാഗതം ചെയ്യുക മാത്രമല്ല, ഉറങ്ങാൻ സ്ഥലം ഒരുക്കുകയും ചെയ്തു. ചിലർ തലയിണയും പുതപ്പും ഒരു കുപ്പിവെള്ളം പോലും നൽകിയെന്നും വിക്രം ഭട്ട് പറഞ്ഞു.
സുപ്രീം കോടതിയാണ് വിക്രം ഭട്ടിനും ഭാര്യയ്ക്കും ജാമ്യം അനുവദിച്ചത്. താൻ നിരപരാധിയാണെന്നും ഈ കേസിൽ തന്റെ മകൾക്ക് പോലും പങ്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ജാമ്യം ലഭിച്ചെങ്കിലും കേസ് തുടരുകയാണെങ്കിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് സംവിധായകൻ.
വിക്രം ഭട്ട് ജയിലിൽ പോകാൻ കാരണം
2025 നവംബറിലാണ് വിക്രം ഭട്ടിനും ഭാര്യ ശ്വേതാംബരി ഭട്ടിനുമെതിരെ രാജസ്ഥാൻ പോലീസ് കേസെടുത്തത്. ഭൂപാൽപുര പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജയ് മുർദിയ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. അന്തരിച്ച തന്റെ ഭാര്യയുടെ സ്മരണയ്ക്കായി സിനിമകളും ഡോക്യുമെന്ററികളും നിർമിക്കുന്നതിനായി ഭട്ടിന്റെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടെന്നും, എന്നാൽ കമ്പനി പണം തട്ടിയെടുത്തതല്ലാതെ സിനിമകൾ നിർമിച്ചില്ലെന്നുമാണ് പരാതിക്കാരൻ ആരോപിച്ചത്.
പോലീസ് തെറ്റായി നയിക്കപ്പെടുകയാണെന്ന് വിശ്വസിക്കുന്നതായി വിക്രം ഭട്ട് മുമ്പ് പറഞ്ഞിരുന്നു.
Content Highlights: Vikram Bhatt spent over 70 days in jail in 2025 regarding a financial fraud case., Supreme Court granted bail to Vikram and Shwetambari Bhatt., The filmmaker refused to pay his way out of prison, citing faith in God and his innocence., Bhatt reflects on the loss of friendships and the unexpected support from fellow inmates., The case originates from an FIR filed in Udaipur regarding an alleged film production scam.
Published: 11 Jun 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented