തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിന് വിജയ്ക്ക് പിന്തുണയറിയിച്ച് നടന്മാരായ കമൽഹാസനും വിശാലും. സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവുകൂടിയായ വിജയ് ഉന്നയിച്ച അവകാശവാദം സ്വീകരിക്കാത്ത ഗവർണറുടെ നിലപാടിനെ ഇരുവരും വിമർശിച്ചു. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവർണർ എന്തുക്കൊണ്ടാണ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിക്കുന്നതെന്നാണ് വിശാൽ ചോദിച്ചത്.

To advertise here,

"തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള അധികാരം ജനങ്ങൾ നൽകിയിട്ടില്ല. തമിഴ്‌നാട് ചരിത്രത്തിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്.

എന്റെ സഹോദരൻ സ്റ്റാലിൻ, 'ജനങ്ങളുടെ വിധി ഞങ്ങൾ മാനിക്കുന്നു; ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ ബഹുമാനിക്കുന്നു. ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല, അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ്.

വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്തിന് നേരിട്ടുള്ള നാണക്കേടാണ്; ജനാധിപത്യത്തിന് ദോഷം വരുത്തുന്നതാണ്.

‘നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം, രാജ്ഭവനിൽ അല്ല’ എന്ന് എസ്.ആർ. പറയുന്നു. സുപ്രീം കോടതി കേസ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ പാർട്ടി രാഷ്ട്രീയത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇതൊരു ഇന്ത്യൻ പൗരന്റെ നയത്തിന്റെ ശബ്ദമാണ്. തമിഴ്‌നാട് ജനങ്ങളുടെ വിധിയെ മാനിക്കണം". കമൽഹാസന്റെ വാക്കുകൾ

2017/18-ൽ ഗോവ, മണിപ്പൂർ, മേഘാലയ, ഏറ്റവും പ്രധാനമായി കർണാടക എന്നിവിടങ്ങളിൽ നടന്നതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ തമിഴ്നാട്ടിലെന്ന് വിശാൽ ചൂണ്ടിക്കാട്ടി. അവിടെ അവർ സർക്കാർ രൂപീകരിച്ചു, തുടർന്ന് നിയമസഭയിൽ 'ഫ്ലോർ ടെസ്റ്റ്' വഴി ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. തമിഴ്‌നാട് ഗവർണർ എന്തുകൊണ്ടാണ് ഇതേ രീതിയിൽ വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിക്കുന്നതെന്നും താരം ചോദിച്ചു.

"ജനങ്ങളുടെ വിധിക്ക് എന്തുമാത്രം വിലയുണ്ട്? നമുക്ക് സത്യപ്രതിജ്ഞ ചെയ്യാൻ 233 എം.എൽ.എ.മാരുണ്ട്, ഭൂരിപക്ഷം സീറ്റുകളോടെ സർക്കാർ രൂപീകരിക്കാൻ കഴിവുള്ള തമിഴക വെട്രി കഴകത്തിന് ഇത്ര വലിയ പിന്തുണ ലഭിച്ചതിനു ശേഷം ഗവർണറുടെ ഭരണത്തിനു പകരം നമുക്ക് ഒരു സർക്കാർ ആവശ്യമാണ്. ഈ മൗലികാവകാശങ്ങൾ രാഷ്ട്രീയക്കാർക്ക് മാത്രമല്ല, ഏറ്റവും ശക്തരായ തമിഴ്‌നാട്ടിലെ ജനങ്ങൾക്കും അറിയാം. പ്രിയപ്പെട്ട വിജയ്. താങ്കൾ സർക്കാർ രൂപീകരിക്കണം/രൂപീകരിക്കും. ഒരു വോട്ടർ എന്ന നിലയിൽ ഞാൻ പ്രാർത്ഥിക്കുന്നു." വിശാൽ അഭിപ്രായപ്പെട്ടു.

118 എംഎൽഎമാരുടെ പിന്തുണയാണ് തമിഴ്നാട്ടിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത്. ടിവികെയ്ക്ക് 108 എംഎൽഎമാരാണുള്ളത്. നിലവിൽ ടിവികെയ്ക്ക് അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണയുണ്ട്. എന്നാൽ ഇതുകൊണ്ട് മാത്രം ഭൂരിപക്ഷം നേടാനാകില്ല. ഈ സാഹചര്യത്തിൽ ഇവർ ഇടതുപാർട്ടികളേയും വിസികെയെയും സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കിട്ടിയാൽ കേവലഭൂരിപക്ഷം നേടാം.

നേരത്തേ സർക്കാർ രൂപീകരണത്തിന് അനുമതി തേടിയ വിജയ്‌യെ രണ്ടുതവണ ഗവർണറെ സമീപിച്ചെങ്കിലും മതിയായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയായിരുന്നു. തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ വിജയ് സ്ഥാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.