ചെന്നൈ:  മകൻ്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ് വിജയ് യുടെ അച്ഛനും പ്രമുഖ സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് തമിഴക വെട്രി കഴകം (TVK) നേതാവായ മകൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.

To advertise here,

ചടങ്ങിൽ വിജയ്‌യുടെ പേര് പരാമർശിച്ചപ്പോൾ തന്നെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ‘പണം മാത്രമല്ല ജീവിതത്തിൽ പ്രധാനം. അവന് വേണമെങ്കിൽ ഇനിയും സിനിമയിൽ അഭിനയിച്ച് ധാരാളം പണം സമ്പാദിക്കാമായിരുന്നു. എന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്’- എസ്.എ. ചന്ദ്രശേഖർ പറഞ്ഞു. ഈ ചിന്താഗതിക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാമെന്നും അദ്ദേഹം പറയുന്നുണ്ട്.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഇതിഹാസ നടനുമായ എം.ജി.ആറിനോട് ഉപമിച്ചാണ് പിന്നീട് സംസാരിച്ചത്. അഭിനയിക്കുന്ന സിനിമകൾ നടന്മാരുടെ ചിന്താഗതിയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ചില സിനിമകൾ ഒരു നടൻ്റെ ഹൃദയത്തിൽ മാറ്റത്തിൻ്റെ വിത്തുകൾ പാകും. എം.ജി.ആർ അത്തരം സിനിമകളിൽ അഭിനയിച്ചാണ് ഒരു ജനനേതാവായി മാറിയത്. അതുപോലെ ഈ തലമുറയിൽ, സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി സിനിമകൾ വിജയ് ചെയ്തു. അവയാണ് അവനിൽ സാമൂഹിക ബോധം വളർത്തിയത്’- ചന്ദ്രശേഖർ പറഞ്ഞു.

വിജയ്‌യെ മാറ്റത്തിന് പ്രേരിപ്പിച്ചതിൽ സംവിധായകൻ എ.ആർ. മുരുകദോസിനും വലിയ പങ്കുണ്ടെന്ന് എസ്.എ. ചന്ദ്രശേഖർ പറഞ്ഞു. മുരുകദോസ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ഈ വെളിപ്പെടുത്തൽ.

‘കരിയറിൻ്റെ തുടക്കത്തിൽ വിജയ് കഥകൾ കേൾക്കുമ്പോൾ ഞാൻ കൂടെയുണ്ടാകാറുണ്ട്. വിജയ് ഒന്നും മിണ്ടാതെ നിശബ്ദനായി കഥ കേൾക്കുകയാണ് പതിവ്. എന്നാൽ തുപ്പാക്കി'യുടെ കഥ കേട്ടപ്പോൾ വിജയ് മുരുകദോസിനെ കെട്ടിപ്പിടിച്ചു. ആ തിരക്കഥയുടെ കരുത്തുകൊണ്ടാണ് ആ സിനിമ ഇന്നും ഒരു കൾട്ട് ക്ലാസിക്കായി നിലനിൽക്കുന്നത്’- ചന്ദ്രശേഖർ ഓർത്തെടുത്തു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദി ഗോട്ട് എന്ന ചിത്രമാണ് വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിൻ്റെ ഭാഗമായി സിനിമ ഉപേക്ഷിക്കുന്ന വിജയ്‌യുടെ അവസാന ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ആണ്. 2026 ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.